SignIn
Kerala Kaumudi Online
Saturday, 20 April 2024 5.13 AM IST

മധുരമായ ഓണസങ്കല്പം

kk

മലയാളിയുടെ മനസിലെ മധുര സങ്കല്പമാണ് ഓണം. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും നടുവിൽ ജീവിക്കുക എന്ന, എല്ലാവരുടെയും സ്വപ്നം ഒരു ദിവസമെങ്കിലും യാഥാർത്ഥ്യമാക്കുക എന്നതാണ് ഓണം പകരുന്ന സന്ദേശം. നമ്മുടെ ഇല്ലായ്മകളും സങ്കടങ്ങളും സാമ്പത്തികപ്രയാസങ്ങളും തീർത്തിട്ട് സന്തോഷിക്കാമെന്ന് കരുതിയാൽ ഒരുപക്ഷേ പലർക്കും ഈ ജന്മം പോരാതെ വരും. പക്ഷേ ഇതെല്ലാമുണ്ടെങ്കിലും നമുക്ക് സന്തോഷിക്കാൻ കഴിയുമെന്ന് ഓർമ്മപ്പെടുത്തുന്ന സുദിനം കൂടിയാണ് തിരുവോണം.

കേരളത്തിൽ ജാതിമത ഭേദമന്യേ എല്ലാവരും ഉത്സവത്തിന്റെ അന്തരീക്ഷത്തിൽ ആഘോഷിക്കുന്നതാണ് ഓണദിനങ്ങളുടെ പ്രത്യേകത. കാലം മാറിയിട്ടും ഓണത്തിന്റെ സങ്കല്പത്തിന് മങ്ങലേറ്റിട്ടില്ല. പക്ഷേ ആഘോഷിക്കുന്ന രീതികളും ഒത്തുചേരലുകളുമൊക്കെ അടിമുടി മാറി. ഗൃഹാതുരത ഉണർത്തുന്ന ഓണപ്പാട്ടുകൾക്കു പോലും സ്വീകാര്യത കുറഞ്ഞു. മൊബൈലിൽ വിരിയുന്ന അത്തപ്പൂക്കളവും മാവേലിയുടെ ചിത്രവുമൊക്കെയായി ഓണത്തിന്റെ വരവ് കാലത്തിനനുസരിച്ച് മാറിയിരിക്കുന്നു.

സംസ്ഥാനത്ത് നിരവധി ആശങ്കകൾക്കിടയിലാണ് നാം ഓണം ആഘോഷിക്കുന്നത്. പ്രളയത്തിന്റെ കെടുതിയിൽ മുങ്ങിപ്പോയ രണ്ട് ഓണങ്ങളെക്കുറിച്ചുള്ള ഓർമ്മ ഈ മഴക്കാലത്ത് നമ്മെ വീണ്ടും പേടിപ്പെടുത്തുന്നുണ്ട്. മഴയുടെ ഒറ്റപ്പെട്ട കെടുതികൾ ഇപ്പോഴും ആവർത്തിച്ചു. ഓണം ആഘോഷിക്കുന്ന ഭൂരിപക്ഷം ജില്ലകളും റെഡ് അലർട്ടിലാണെന്നത് ആശങ്ക പകരുന്നതാണ്. ലോകമാകെ പടർന്ന കൊവിഡ് വ്യാധി നമ്മുടെ രണ്ട് ഓണങ്ങളാണ് കവർന്നത്. അതിന്റെ ഭീഷണി നിലച്ചിട്ടില്ലെങ്കിലും താരതമ്യേന ഭേദമാണ് ഇത്തവണത്തെ ഓണം. സർക്കാരിന്റെ നേതൃത്വത്തിൽ ദീപാലങ്കാരങ്ങളും കലാപരിപാടികളും നടത്തി ഓണം ആഘോഷിക്കാൻ ഇത്തവണ അവസരമുണ്ടായി. തിരുവനന്തപുരത്ത് കനകക്കുന്നിൽ ഓണാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടൻ ദുൽഖർ സൽമാന്റെയും നടി അപർണ ബാലമുരളിയുടെയും താരസാന്നിദ്ധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്തോഷപൂർവം നിർവഹിച്ചു.

സങ്കടത്തിലായിരുന്ന ട്രാൻസ്പോർട്ട് തൊഴിലാളികൾക്കും ഓണമുണ്ണാൻ വഴിയൊരുക്കിയതിനു ശേഷമാണ് ഓണാഘോഷത്തിന് തുടക്കമിട്ടത് എന്നത് ആഹ്ലാദകരമാണ്. ഓണമുണ്ണാൻ വീട്ടിൽ പോകാനാവാതെ റോഡിൽ ക്രമസമാധാനപാലനം നടത്തുന്ന പൊലീസുകാരെ പ്രത്യേകം അഭിനന്ദിക്കാതിരിക്കാനാവില്ല. ഓണക്കാലത്ത് ജനങ്ങൾ ആഘോഷത്തിമിർപ്പിലാവുമ്പോൾ ആ അവസരം മുതലെടുത്ത് മോഷണത്തിനിറങ്ങുന്നവരും ഉണ്ടാകും. അതിനാൽ എല്ലാ ജോലിയും പൊലീസിനെ ഏല്പിക്കാതെ കൂടുതൽ ശ്രദ്ധപുലർത്താൻ കൂട്ടായ യത്നം നടത്തണം. ആഘോഷത്തിന്റെ ലഹരി വാഹനം ഓടിക്കുന്നതിൽ കാണിക്കാതിരിക്കാനുള്ള ജാഗ്രത പ്രത്യേകിച്ചും ഇരുചക്രവാഹനങ്ങളോടിക്കുന്ന യുവാക്കൾ കാണിക്കണം. ഓണക്കാലത്ത് എല്ലാ കുടുംബങ്ങൾക്കും പലവ്യഞ്ജനത്തിന്റെ കിറ്റ് നൽകിയത് തികച്ചും സ്വാഗതാർഹമായ കാര്യമാണ്. സമ്പന്നർ പോലും സൗജന്യ കിറ്റുകൾ തിരസ്കരിക്കുന്നില്ലെന്നത് പുതിയ കാലത്തിന്റെ ഒരു വലിയ പ്രത്യേകതയാണ്. സമ്പൽസമൃദ്ധമായ ജീവിതത്തിന്റെ ഓർമ്മപ്പെടുത്തലിനപ്പുറം വിദ്വേഷവും വെറുപ്പും വെടിയെണമെന്ന സന്ദേശം കൂടി ഓണം പകരുന്നു. മനസിന്റെ അകൽച്ചകളും വിദ്വേഷവും മറ്റും കുറയുമ്പോഴാണ് നമുക്ക് സന്തോഷത്തോടെ കഴിയാനാവുന്നത്. ഈ സന്ദർഭത്തിൽ എന്നെന്നും ഞങ്ങൾക്ക് തുണയായി നിൽക്കുന്ന മാന്യവായനക്കാർക്ക് കേരളകൗമുദി ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.