SignIn
Kerala Kaumudi Online
Friday, 19 April 2024 4.46 AM IST

ജഡ്‌ജിമാരുടെ വിരമിക്കൽ പ്രായം

photo

സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്‌ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്തണമെന്ന് ബാർ കൗൺസിൽ ഒഫ് ഇന്ത്യ പ്രമേയത്തിൽ ആവശ്യപ്പെട്ടിരിക്കുന്നു. ഇതിനായി ഭരണഘടനാ ഭേദഗതി വേണമെന്ന് പ്രധാനമന്ത്രിക്കും കേന്ദ്ര നിയമമന്ത്രിക്കും ബി.സി.ഐ നൽകിയ നിവേദനത്തിൽ പറയുന്നു.

ഹൈക്കോടതി ജഡ്‌‌ജിമാരുടെ വിരമിക്കൽ പ്രായം 62ൽ നിന്ന് 65 ആയും സുപ്രീംകോടതി ജഡ്‌ജിമാരുടേത് 65-ൽ നിന്ന് 67 ആയും ഉയർത്തണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ആവശ്യത്തിന് ഏതാണ്ട് ഇരുപത് വർഷത്തെ പഴക്കമുണ്ട്. വിദേശരാജ്യങ്ങളിലെയും മറ്റും ജഡ്‌ജിമാരുടെ വിരമിക്കൽ പ്രായത്തെക്കുറിച്ച് പഠിച്ചതിനുശേഷം 2002-ൽ ജസ്റ്റിസ് വെങ്കടാചലയ്യയുടെ നേതൃത്വത്തിലുള്ള ദേശീയ കമ്മിഷൻ ഇതേ ആവശ്യമടങ്ങിയ ശുപാർശ സമർപ്പിച്ചിരുന്നു. ഹൈക്കോടതി, സുപ്രീംകോടതി ജഡ്‌ജിമാരുടെ പെൻഷൻ പ്രായം യഥാക്രമം 65 ഉം 68 ഉം ആയി ഉയർത്തണമെന്നായിരുന്നു അന്നത്തെ ശുപാർശ. എന്നാൽ ഇത്രയും വർഷമായിട്ടും ഈ പ്രധാനപ്പെട്ട ശുപാർശയിന്മേൽ കാര്യമായ ഒരു നീക്കവും കേന്ദ്ര ഭരണാധികാരികളിൽ നിന്നുണ്ടായിട്ടില്ലെന്നത് നിർഭാഗ്യകരമാണ്. 2010-ൽ ഇതുസംബന്ധിച്ച് ഭരണഘടനയിൽ ഭേദഗതി വരുത്തി ഹൈക്കോടതി ജഡ്‌ജിമാരുടെ വിരമിക്കൽ പ്രായം 65 ആക്കാനുള്ള പകുതി മനസോടെയുള്ള ഒരു ശ്രമം തുടങ്ങിയെങ്കിലും അതെങ്ങും എത്തിയില്ല.

പാശ്ചാത്യരാജ്യങ്ങളിൽ ജഡ്‌ജിമാരുടെ ശരാശരി വിരമിക്കൽ പ്രായം 70 ആണ്. അമേരിക്കയിൽ സുപ്രീംകോടതി ജഡ്‌ജിമാർക്ക് ആജീവനാന്ത നിയമനമാണ് നൽകുന്നത്. കാനഡയിൽ 75 ഉം ജർമ്മനിയിൽ 68 ഉം ആണ് ഇവരുടെ വിരമിക്കൽ പ്രായം. പ്രായം കൂടിവരുമ്പോൾ ജഡ്‌ജിമാർ നിയമപരിജ്ഞാനത്തിലും അനുഭവസമ്പത്തിലും ആർജ്ജിക്കുന്ന അറിവ് കൂടുതൽ കാലം ദേശത്തിന്റെ മുന്നോട്ടുള്ള ഗമനത്തിന് വേണ്ടി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പാശ്ചാത്യരാജ്യങ്ങൾ ഇവരുടെ വിരമിക്കൽ പ്രായം ഉയർത്തി നിശ്ചയിച്ചിരിക്കുന്നത്. ജഡ്‌ജിമാരുടേത് കായികക്ഷമത ആവശ്യപ്പെടുന്ന ജോലിയല്ല. ആരോഗ്യമേഖല വലിയ വളർച്ച നേടിയതിനാൽ 65 വയസ് എന്നത് ബുദ്ധിയും ആരോഗ്യവും കുറയുന്ന വയസായി കണക്കാക്കാനാകില്ല. മറിച്ച് ബുദ്ധിവൈഭവവും അനുഭവസമ്പത്തും ഏറ്റവും നല്ലരീതിയിൽ പ്രവർത്തിക്കാൻ അനുയോജ്യമായ പ്രായം തന്നെയാണത്. ട്രൈബ്യൂണലുകളിൽ എഴുപതു വയസുവരെ പ്രവർത്തിക്കാമെന്ന് നിലവിൽ ചട്ടമുണ്ട്. അത് ജഡ്‌ജിമാർക്കും ബാധകമാക്കുകയാണ് വേണ്ടത്. വിരമിക്കൽ പ്രായം കൂട്ടുമ്പോൾ പുതിയവർക്ക് അവസരം നിഷേധിക്കപ്പെടുമെന്ന പരാതി ജഡ്‌ജിമാരുടെ എണ്ണം കൂട്ടുന്നതിലൂടെ പരിഹരിക്കാനാവും.

പത്തുലക്ഷം പേർക്ക് ഇന്ത്യയിൽ 19.66 ജഡ്‌ജിമാർ മാത്രമാണുള്ളത്. അന്തർദേശീയ ശരാശരിയേക്കാൾ വളരെ താഴെയാണിത്. അമേരിക്കയിൽ ഇതേ സ്ഥാനത്ത് 107 പേരും യു.കെയിൽ 51 ഉം കാനഡയിൽ 75 പേരുമുണ്ട്. ഇന്ത്യയിലെ വിവിധ കോടതികളിലായി മൂന്നുകോടിയോളം കേസുകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നതിനാൽ ജഡ്‌ജിമാരുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയായി വർദ്ധിപ്പിക്കാവുന്നതാണ്. 45 ലക്ഷത്തോളം കേസുകൾ വിവിധ ഹൈക്കോടതികളിലും അറുപതിനായിരത്തോളം കേസുകൾ സുപ്രീംകോടതിയിലും തീർപ്പാക്കാനുണ്ട്. വിരമിക്കൽപ്രായം ഉയർത്തിയാൽ റിട്ടയർമെന്റിന് ശേഷം ജഡ്‌ജിമാർ മറ്റ് പദവികൾക്ക് പിന്നാലെ പോകുന്നു എന്ന ആക്ഷേപവും ഒഴിവാക്കാം. ഇപ്പോഴത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു.യു. ലളിത് വിരമിക്കുന്നതിന് മുമ്പ് ഈ തീരുമാനം നടപ്പാക്കാനുള്ള വിവേകമാണ് കേന്ദ്ര സർക്കാർ കാണിക്കേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.