SignIn
Kerala Kaumudi Online
Thursday, 25 April 2024 7.54 PM IST

ഹിന്ദിക്കുവേണ്ടി കലാപമുണ്ടാക്കരുത്

jj

കേന്ദ്രം ഭരിക്കുന്നവരിൽ ചിലരുടെ ഭാഷാഭ്രാന്ത് രാജ്യത്ത് വീണ്ടുമൊരു ഭാഷാകലാപത്തിനു വഴിവയ്ക്കുമോ എന്ന ആശങ്ക ഉയർന്നിരിക്കുന്നു. കേന്ദ്ര സർക്കാരിനു കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പെടെയുള്ളവയിൽ അദ്ധ്യയന മാദ്ധ്യമം ഹിന്ദിയിലേക്കു മാറ്റണമെന്ന പാർലമെന്ററി സമിതിയുടെ റിപ്പോർട്ടാണ് ഇപ്പോഴത്തെ വിവാദങ്ങൾക്കു കാരണമായിരിക്കുന്നത്. പാർലമെന്റിന്റെ ഔദ്യോഗികഭാഷാ സമിതിയുടേതാകയാൽ ഈ ശുപാർശയ്ക്കു വലിയ പ്രസക്തിയുണ്ട്. ആഭ്യന്തരമന്ത്രിയും കടുത്ത ഹിന്ദിപക്ഷപാതിയുമായ അമിത് ഷായാണ് സമിതിയുടെ അദ്ധ്യക്ഷൻ. അതുകൊണ്ടുതന്നെ സമിതി ശുപാർശയ്ക്ക് മുന്തിയ പരിഗണന ലഭിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.

ഭാഷാസമിതിയുടെ ശുപാർശക്കെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇതിനകം കടുത്ത പ്രതിഷേധം ഉയർന്നുകഴിഞ്ഞു. ഹിന്ദി അടിച്ചേല്പിക്കുന്നതിനെതിരെ എക്കാലവും പ്രക്ഷോഭത്തിന്റെ മുൻനിരയിൽ നിന്നിട്ടുള്ള തമിഴ്‌നാട് ആദ്യമേതന്നെ ഈ നീക്കത്തെ എതിർത്ത് രംഗത്തുവന്നിട്ടുണ്ട്. അപകടകരവും രാജ്യത്തിന്റെ ഐക്യത്തെ തകർക്കുന്നതുമായ ഒരു നടപടിക്കും മുതിരരുതെന്നു കാണിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കടുത്ത അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തെഴുതിയിട്ടുണ്ട്.

ഐ.ഐ.ടി, ഐ.ഐ.എം, കേന്ദ്രീയ വിദ്യാലയങ്ങൾ, കേന്ദ്ര സർവകലാശാലകൾ എന്നിവയിൽ അദ്ധ്യയന മാദ്ധ്യമം ഹിന്ദിയായിരിക്കണമെന്നാണ് ഔദ്യോഗിക ഭാഷാസമിതിയുടെ ശുപാർശ. മാത്രമല്ല കേന്ദ്ര റിക്രൂട്ട്‌മെന്റുകളിലും ഹിന്ദിക്കായിരിക്കണം പ്രധാന പരിഗണന. ഹിന്ദി സംസാരിക്കാനും എഴുതാനും അറിയാത്തവരെ കേന്ദ്ര സർവീസിൽ വേണ്ടെന്ന സമീപനം ഇന്ത്യയെപ്പോലെ അനവധി ഭാഷകൾ നിലവിലുള്ള രാജ്യത്ത് എങ്ങനെയാണ് പ്രായോഗികമാവുക എന്നുപോലും ആലോചിക്കാതെയാണ് പാർലമെന്ററി സമിതി ഭാഷാകലാപത്തിനു തിരികൊളുത്തിയിരിക്കുന്നത്. ഭരണഘടന അംഗീകരിച്ചിട്ടുള്ള ഇരുപത്തിരണ്ട് ഭാഷകൾ ഇവിടെയുണ്ട്. ഇവയിൽ ഏതെങ്കിലുമൊന്ന് മറ്റുള്ളവയിൽ താഴെയാണെന്ന് ആർക്കും പറയാനാകില്ല. എല്ലാറ്റിനും തുല്യപരിഗണനയാണ് നൽകിയിട്ടുള്ളത്. ഇവയിൽ ഒന്നുമാത്രമായ ഹിന്ദിക്ക് അമിത പരിഗണന നൽകുന്നത് വിവേചനമായേ മറ്റു ഭാഷക്കാർ കരുതുകയുള്ളൂ. രാജ്യത്ത് ഏറ്റവും കൂടുതൽ ആൾക്കാർ ഹിന്ദി സംസാരിക്കുന്നവരാണ് എന്നതുകൊണ്ടുമാത്രം ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലും ജോലിക്കും ഹിന്ദി മുഖ്യഭാഷയാക്കണമെന്നു വാദിക്കുന്നത് അനാവശ്യ വിവാദങ്ങൾക്കും കടുത്ത പ്രതിഷേധങ്ങൾക്കും കാരണമായിക്കൂടെന്നില്ല. പതിറ്റാണ്ടുകൾക്കു മുൻപ് ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ചും തമിഴ്‌നാട്ടിൽനടന്ന ഹിന്ദിവിരുദ്ധ പ്രക്ഷോഭം പലരും ഓർക്കുന്നുണ്ടാവും. കേന്ദ്ര സ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റുകൾക്ക് ഹിന്ദി നിർബന്ധമാക്കിയാൽ ഹിന്ദിയിൽ പ്രവീണ്യമില്ലാത്ത ഉദ്യോഗാർത്ഥികൾ എന്തുചെയ്യും ? അവസരങ്ങൾ നിഷേധിക്കലായിരിക്കും അത്. ഫെഡറൽ സംവിധാനം നിലനിൽക്കുന്ന രാജ്യത്ത് ഇത്തരം ആശയങ്ങൾക്ക് സ്ഥാനമേയില്ലെന്നു മനസിലാക്കണം. ഹിന്ദി വികസനത്തിനു നൽകുന്ന പരിഗണനയും പ്രോത്സാഹനവും മറ്റു പ്രാദേശിക ഭാഷകൾക്കും ലഭിക്കേണ്ടതാണ്. അതുപോലെ ഇംഗ്ളീഷ് അവഗണിച്ചുകൊണ്ട് രാജ്യത്തിനു മുന്നോട്ടുപോവുക വിഷമകരമാകും. ഈ യാഥാർത്ഥ്യം മനസിലാക്കിയാണ് ആദ്യകാല ഭരണകർത്താക്കൾ ഇംഗ്ളീഷിനും ഹിന്ദിക്കും തുല്യപരിഗണന നൽകിയത്. അപ്പോഴും പ്രാദേശികഭാഷകളെ അവഗണിക്കുന്ന ഒരു സമീപനം അവർ സ്വീകരിച്ചിരുന്നില്ലെന്ന് ഓർക്കണം.

ഹിന്ദിയെ മറ്റ് ഇന്ത്യൻ ഭാഷകൾക്കു മുകളിൽ പ്രതിഷ്ഠിക്കാനുള്ള ഏതു നീക്കവും രാജ്യത്ത് അനൈക്യത്തിന്റെയും സംഘർഷത്തിന്റെയും വിത്തുകൾ വിതയ്ക്കാനേ ഉപകരിക്കൂ. അറിഞ്ഞുകൊണ്ട് അതിന് അവസരം ഉണ്ടാക്കാതിരിക്കാനാണ് വിവേകവും ബുദ്ധിയുമുള്ളവർ ശ്രമിക്കേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.