SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.11 PM IST

വാക്‌സിൻ നയം രൂപീകരിക്കുമ്പോൾ

photo

സർക്കാരിന്റെ വാക്‌സിൻനയം സംബന്ധിച്ച് ഡോ. ബി. ഇക്‌ബാലിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസമിതി കരട് റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്. 65 വയസിനു മുകളിലുള്ളവർക്ക് വർഷംതോറും ഫ്ളൂ വാക്‌സിൻ നൽകുക, എല്ലാവർക്കും വാക്‌സിനേഷൻ കാർഡ്, സ്‌കൂൾപ്രവേശന സമയത്ത് വാക്‌സിനേഷൻ സ്ഥിതി വിലയിരുത്തുക തുടങ്ങിയ നിരവധി ശുപാർശകൾ ആരോഗ്യമന്ത്രി വീണാജോർജിന് നൽകിയ റിപ്പോർട്ടിലുണ്ട്.

വികസിത രാജ്യങ്ങളുടെ മാതൃകയിലാണ് 65 വയസ് കഴിഞ്ഞ എല്ലാവർക്കും എല്ലാ വർഷവും വാക്‌സിൻ നിർബന്ധമാക്കണമെന്ന് ശുപാർശയുള്ളത്. പുതിയ സാഹചര്യത്തിൽ ശ്വാസകോശ അണുബാധയും ഇൻഫ്ളുവെൻസയും കൂടുതലായി കണ്ടുവരുന്നതുകൊണ്ടാണ് മുതിർന്ന പൗരന്മാർക്ക് ഫ്ളൂ വാക്‌സിൻ നിർബന്ധമാക്കണമെന്ന ശുപാർശയുള്ളത്. വിദഗ്ദ്ധരുമായി കൂടുതൽ ചർച്ച നടത്തിയതിനു ശേഷമാവും ഏതൊക്കെ ശുപാർശകൾ നടപ്പിലാക്കണം എന്നതിൽ തീരുമാനം.

വാക‌്‌സിൻനയം പ്രഖ്യാപിക്കുന്നതിന് മുമ്പ് വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ച് സമഗ്രമായ ഒരു ആരോഗ്യപദ്ധതിക്ക് രൂപം നൽകണം. ഇതിൽ ശുചിത്വത്തിനും ജലത്തിന്റെ ശുദ്ധിക്കും പരമമായ പ്രാധാന്യം നൽകണം. ഇതിന് വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമാണ്. ചേരിനിർമ്മാർജ്ജനം പോലും ഇതിന്റെ ഭാഗമായി മാറണം. രോഗം വരുന്നതിന് മുമ്പ് തടയാനുള്ള പ്രതിരോധ വാക്‌സിനുകൾക്ക് ഇപ്പോൾ വലിയ പ്രാധാന്യമാണുള്ളത്. ജീവിതശൈലിയിലും ശുചിത്വത്തിലും വരുത്തുന്ന മാറ്റങ്ങളിലൂടെ പല രോഗങ്ങളെയും അകറ്റിനിറുത്താനാകും. മാലിന്യങ്ങൾ വേണ്ടരീതിയിൽ സംസ്കരിക്കാൻ സംവിധാനമുണ്ടായാൽത്തന്നെ പല രോഗങ്ങളും നിയന്ത്രണവിധേയമാകും. വാക്‌സിന്റെ സഹായത്തോടെ ലോകത്ത് പല അപകടകരമായ രോഗങ്ങളെയും നിയന്ത്രിക്കാനും വലിയൊരു പരിധിവരെ നിർമ്മാർജ്ജനം ചെയ്യാനും കഴിഞ്ഞിട്ടുണ്ട്. പകർച്ചവ്യാധികളെ തടയാനാണ് വാക്‌സിൻ പ്രധാനമായും ഉപയോഗപ്പെടുക. വാക്‌സിൻ ഒരു പ്രതിരോധം മാത്രമാണെന്നും അതെടുത്താലും രോഗം വരാമെന്നുമുള്ള ബോധവത്‌കരണവും ഇതിനൊപ്പം സർക്കാർ നടത്തണം. ഇല്ലെങ്കിൽ വാക്‌സിനെതിരെ വ്യാജപ്രചാരണങ്ങൾ കൊണ്ടുപിടിച്ച് നടത്തപ്പെടും. ഇതിനെതിരെ ജാഗ്രത പാലിക്കാനുള്ള മുൻകരുതലുകളും ഒരുക്കങ്ങളും സർക്കാർ വാക്‌സിൻ നയത്തിന്റെ പ്രഖ്യാപനത്തിനൊപ്പം സ്വീകരിക്കണം.

കൊവിഡിനുശേഷം വാക്‌സിൻ നിർമ്മാണവും വില്പനയും ലോകം മുഴുവൻ ഒരു വലിയ ബിസിനസായി മാറിയിട്ടുണ്ട്. അതിനാൽ കഴിവതും നമ്മുടെ രാജ്യത്ത് തന്നെ നിർമ്മിക്കുന്ന വാക്‌സിനുകൾ വാങ്ങാൻ മുൻഗണന നൽകേണ്ടതാണ്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ വാക്‌സിൻ നിർമ്മാണ യൂണിറ്റുകൾ തുടങ്ങാവുന്നതാണ്. കൊവിഡ് പ്രതിരോധ വാക്‌സിൻ നൽകിയതുപോലെ സ്വകാര്യ മേഖലയെയും സഹകരിപ്പിച്ചുകൊണ്ട് വാക്സിൻ വിതരണം പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത് നല്ലതായിരിക്കും. പണം നൽകാൻ തയ്യാറാകുന്നവരിൽ നിന്ന് വാക്സിനേഷന് സർക്കാരിനും പണം വാങ്ങാം. അതേസമയം ഒരാൾ സൗജന്യമായി വാക്‌സിനേഷൻ വേണമെന്ന് ആവശ്യപ്പെട്ടാൽ ഒരിക്കലും നിഷേധിക്കപ്പെടാനും പാടില്ല.

പേപ്പട്ടി വിഷബാധ കൂടുതലുള്ള പ്രദേശങ്ങളിൽ കുട്ടികൾക്ക് പ്രതിരോധ വാക്‌സിൻ നൽകണം, എച്ച് 1 എൻ 1 രോഗത്താലുള്ള മരണസാദ്ധ്യത കുറയ്ക്കുന്നതിന് ഗർഭിണികൾക്ക് ഇൻഫ്ലുവെൻസ വാക്‌സിൻ നൽകണം തുടങ്ങിയ നിർദ്ദേശങ്ങൾ പൊതുവെ സ്വാഗതാർഹമാണ്. വിവാദങ്ങൾക്ക് തിരികൊളുത്താൻ ഇടയാക്കുമെന്നതിനാൽ വിശദമായ ചർച്ചയ്ക്ക് ശേഷമേ സർക്കാർ വാക്സിൻനയം അന്തിമമായി പ്രഖ്യാപിക്കാവൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.