SignIn
Kerala Kaumudi Online
Thursday, 25 April 2024 8.02 AM IST

അത്യുജ്ജ്വലം ഗുജറാത്ത് വിജയം

photo

തിരഞ്ഞെടുപ്പ് ഫലപ്രവചനക്കാർ കണക്കുകൂട്ടിയതിന് ഏറെ അപ്പുറത്താണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ അത്യസാധാരണ വിജയം. തുടർച്ചയായി ഏഴാംവട്ടവും അവിടെ ബി.ജെ.പി അധികാരത്തിലേറുകയാണ്. ബംഗാളിൽ മൂന്നരപ്പതിറ്റാണ്ടോളം നീണ്ട ഇടതുപക്ഷ ഭരണ റെക്കാഡിനൊപ്പം ബി.ജെ.പി ഗുജറാത്ത് ഭരണം വീണ്ടും കൈപ്പിടിയിലൊതുക്കുമ്പോൾ അതിന്റെ തിളക്കം വേറെ തന്നെയാണ്. 2017 ലെ 99 സീറ്റിൽനിന്ന് നൂറ്റി അൻപതിനപ്പുറത്തേക്കുള്ള കുതിച്ചുചാട്ടം ബി.ജെ.പി നേതൃത്വം പോലും പ്രതീക്ഷിച്ചുകാണില്ല. അത്രയേറെ അവിശ്വസനീയവും ആധികാരികവുമാണ് ഇൗ തിരഞ്ഞെടുപ്പു വിജയം.

ഗുജറാത്തിലെ അഭൂതപൂർവ വിജയത്തിൽ നിലമറന്ന് ഉന്മാദം കൊള്ളുമ്പോഴും ഹിമാചൽപ്രദേശിൽ ഭരണം കൈവിട്ടതിന്റെ ക്ഷീണം വലിയ പ്രഹരമായി ബി.ജെ.പിയെ തുടർന്നും വേട്ടയാടുമെന്ന് തീർച്ച. തുടർച്ചയായ തിരഞ്ഞെടുപ്പു പരാജയങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഹിമാചലിലെ വിജയം വലിയൊരു നാണക്കേടിൽനിന്നു മുഖം രക്ഷിക്കാനുള്ള അവസരമായി. ഇൗ തിരഞ്ഞെടുപ്പുകളിൽ രേഖപ്പെടുത്താവുന്ന മറ്റൊരു പ്രത്യേകത ആം ആദ്മി പാർട്ടി ദേശീയ അംഗീകാര നിറവിലേക്ക് ഉയർന്നു എന്നതാണ്. ഡൽഹിയിൽ മാത്രം ഒതുങ്ങിനിന്ന എ.എ.പി അടുത്തിടെ പഞ്ചാഞ്ച് ഭരണം പിടിച്ചുകൊണ്ട് സകല ദേശീയ പാർട്ടികളേയും ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ഗുജറാത്ത് നിയമസഭയിലും സാന്നിദ്ധ്യം ഉറപ്പാക്കി ദേശീയ പാർട്ടി പദവി നേടാൻ അവർക്ക് കഴിഞ്ഞിരിക്കുന്നു. പത്തുവർഷത്തെ ചുരുങ്ങിയ കാലയളവിലാണ് ഇൗ നേട്ടമെന്നത് അടിവരയിടേണ്ടതുതന്നെ. ഗുജറാത്ത് സഭയിലെ 182 ൽ 181 സീറ്റിലും സ്ഥാനാർത്ഥികളെ നിറുത്താൻ 'ധൈര്യം' കാണിച്ച എ.എ.പിയുടെ വിജയം പരിമിത സീറ്റുകളിലൊതുങ്ങിയെങ്കിലും അത് വരാനിരിക്കുന്ന പലതിന്റെയും നാന്ദിയായി കരുതണം. ഇനി നടക്കാനിരിക്കുന്ന ഹരിയാന, കർണാടക, രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഒരു വർഷം കഴിഞ്ഞുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പിലും കുറേ സീറ്റുകളിലെങ്കിലും മുഖ്യധാരാ കക്ഷികൾക്ക് അവർ വെല്ലുവിളിയാകുമെന്നതിൽ സംശയം വേണ്ട.

ഹിമാചലിൽ ഏറ്റവുമധികം സീറ്റുകളിൽ വിജയിച്ച് ഗുജറാത്തിലുണ്ടായ നാണംകെട്ട തോൽവിയുടെ ക്ഷീണം അല്പമൊന്ന് അകറ്റാനായെങ്കിലും തകർച്ചയുടെ പടുകുഴിയിലേക്കു തന്നെയാണ് കോൺഗ്രസിന്റെ സഞ്ചാരമെന്ന് വ്യക്തമാക്കുന്നു ഇൗ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് പരാജയം ഏത് പാർട്ടിക്കും പിഴവുകൾ തിരുത്താനും ജനസ്വാധീനം നേടാനും പുതുവഴികൾ കണ്ടെത്താനുമുള്ള അവസരമാണ്. എന്നാൽ തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നിട്ടും സമീപനങ്ങളിൽ ഒരുമാറ്റവും വരുത്തണമെന്ന് കോൺഗ്രസിന് തോന്നിയിട്ടില്ല. പ്രവർത്തനശൈലിയിൽ മാറ്റങ്ങൾ വരാത്തിടത്തോളം ജനങ്ങളിൽനിന്ന് കൂടുതൽ അകന്നുപോവുകയേയുള്ളൂ. നേതാക്കളുടെ വാക്കും പ്രവൃത്തിയും സമീപനവുമൊക്കെ ജനങ്ങൾ വിശ്വസിക്കാതായപ്പോഴാണ് പാർട്ടിയുടെ പതനം ആരംഭിച്ചത്. ഒാരോ തിരഞ്ഞെടുപ്പു കഴിയുമ്പോഴും പാർട്ടി ജനങ്ങളിൽനിന്ന് കൂടുതൽ അകലുകയാണ്. ഗുജറാത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 77 സീറ്റ് നേടി മാന്യമായ സ്ഥാനം കരസ്ഥമാക്കിയ കോൺഗ്രസിന് ഇക്കുറി ഇരുപത് സീറ്റ് പോലും നിലനിറുത്താനായില്ലെന്നത് തകർച്ചയുടെ ആഴം വ്യക്തമാക്കുന്നു. ഇരുപത്തേഴുവർഷം തുടർച്ചയായി ഗുജറാത്ത് ഭരിക്കുന്ന ബി.ജെ.പിക്കെതിരെ ഭരണവിരുദ്ധ വികാരം വേണ്ടുവോളമുണ്ടായിട്ടും അത് മുതലെടുക്കാൻ കോൺഗ്രസിന് കഴിയാതെപോയത് പ്രാപ്തിയും കഴിവുമുള്ള നേതാക്കൾ ഇല്ലാതായതുകൊണ്ടാണ്.

വിഗ്രഹങ്ങൾ കണക്കെ നേതാക്കളെ പൂജിച്ച് ആരാധിച്ചതുകൊണ്ടായില്ല. നേതാക്കൾക്ക് എല്ലാ തട്ടിലുമുള്ള സാധാരണക്കാരുമായി ഇഴപിരിയാത്ത ബന്ധമുണ്ടാകണം. അവരെ നയിക്കാനുള്ള നേതൃപാടവവും വേണം.

ഗുജറാത്തിൽ ബി.ജെ.പിയുടെ അത്യുജ്ജ്വലവും സമാനതകളില്ലാത്തതുമായ മഹദ് വിജയത്തിന് കാരണക്കാർ പ്രധാനമായും നരേന്ദ്രമോദിയും അമിത്ഷായുമടക്കമുള്ള നേതാക്കളാണ്. വളരെ മുൻപേതന്നെ തിരഞ്ഞെടുപ്പ് നേരിടാനുള്ള സകല ഗൃഹപാഠങ്ങളും പൂർത്തിയാക്കാൻ കഴിഞ്ഞതാണ് നേതാക്കളെപ്പോലും 'ഞെട്ടിച്ച' ഇൗ വിജയത്തിന് കാരണം. തൂക്കുപാലം തകർന്ന് നൂറ്റിനാല്പതുപേർ മരണമടഞ്ഞ മോർബിയിൽപോലും ജനരോഷം മറികടന്ന് തിരഞ്ഞെടുപ്പിൽ സീറ്റ് നേടാനായത് ജനങ്ങൾക്കിടയിൽ ഇറങ്ങി രാപകൽ പ്രവർത്തിച്ചതുകൊണ്ടാണ്. എണ്ണയിട്ട യന്ത്രംപോലെയായിരുന്നു സംസ്ഥാനത്തുടനീളം ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം.

ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷം 1985 ൽ നടന്ന തിരഞ്ഞെടുപ്പിലാണ് ഗുജറാത്തിൽ കോൺഗ്രസ് 145 സീറ്റുമായി ഏറ്റവും വലിയ വിജയം നേടിയത്. കോൺഗ്രസിന്റെ ആ റെക്കാഡാണ് ബി.ജെ.പി ഇപ്പോൾ ഭേദിച്ചിരിക്കുന്നത്. കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ പോളിംഗ് ശതമാനം കുറഞ്ഞത് ബി.ജെ.പിയെ പ്രതികൂലമായി ബാധിച്ചില്ലെന്നുവേണം കരുതാൻ. മികച്ച സംഘടനാശേഷി തന്നെയാണ് ഇത്ര വലിയ വിജയത്തിലേക്ക് പാർട്ടിയെ നയിച്ചത്. ഗുജറാത്തുകാരൻ കൂടിയായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാസ്മരിക നേതൃത്വം തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും പാർട്ടിയെ അളവറ്റ് സഹായിച്ചു.

ഗുജറാത്തിലെ ചരിത്ര വിജയത്തിൽ മതിമറക്കവേ ഹിമാചലിൽ അരുതാത്ത ചില രാഷ്ട്രീയ ചൂതാട്ടത്തിന് ബി.ജെ.പി ഒരുങ്ങുന്നതായ സൂചനകളുണ്ടായത് കളങ്കമായി ശേഷിക്കും. വോട്ടെണ്ണിക്കഴിയും മുമ്പുതന്നെ വിജയസാദ്ധ്യത ഉറപ്പായ തങ്ങളുടെ സ്ഥാനാർത്ഥികളെ കോൺഗ്രസ് നേതൃത്വം സമീപ സംസ്ഥാനങ്ങളിലെ റിസോർട്ടിലേക്ക് മാറ്റാൻ നടപടിയെടുത്തിരുന്നു. നിയമസഭ ചേരുംമുമ്പേ കൂട്ടക്കാലുമാറ്റം തടയാൻ വേണ്ടിയാണത്രേ ഇത്. സമീപകാലത്ത് ചില സംസ്ഥാനങ്ങളിൽ ബി.ജെ.പി ഭരണം പിടിച്ചത് ഇത്തരത്തിലുള്ള കാലുമാറ്റക്കാരുടെ ബലത്തിലാണ്. അത് പേടിച്ചാകാം കോൺഗ്രസ് നേതൃത്വം ഒരുചുവട് മുമ്പേ എറിഞ്ഞത്. ഏതായാലും ജനവിധിയെ തുടക്കത്തിൽത്തന്നെ അട്ടിമറിക്കുന്നതിന് തുല്യമാണിത്.

ഇതിനിടെ ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ബി.ജെ.പി കുത്തക തകർത്ത് ഭരണം പിടിച്ചതും ഏറെ ശ്രദ്ധേയമായി. പതിനഞ്ച് വർഷത്തെ തുടർച്ചയായ ഭരണത്തിൽനിന്നാണ് ബി.ജെ.പിയെ 'ആപ്പ്' താഴെയിറക്കി‌യത്. കോർപ്പറേഷനിലെ 250 വാർഡുകളിൽ 134 ൽ വിജയിച്ചാണ് പാർട്ടി ഇൗ നേട്ടമുണ്ടാക്കിയത്. ഇവിടെയും സാധാരണ ജനങ്ങളുടെ വിവിധ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ഭരണം അവർക്കുവേണ്ടി മാറ്റിയെടുത്തതാണ് ആപ്പിന്റെ വൻ വിജയത്തിന് ആധാരം. തിരഞ്ഞെടുപ്പുകളിൽ 'ആപ്പി'ന്റെ തുടർച്ചയായ വിജയങ്ങൾ മറ്റ് രാഷ്ട്രീയ കക്ഷികൾക്ക് പാഠമാകേണ്ടതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.