SignIn
Kerala Kaumudi Online
Friday, 19 April 2024 2.45 PM IST

എയ്‌ഡഡ് വിദ്യാഭ്യാസ മേഖലയിലെ സംവരണവും രാഷ്ട്രീയ നിലപാടുകളും

aided-educational-institu

എയ്‌ഡഡ് വിദ്യാഭ്യാസ മേഖലയിലെ സംവരണം സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്. സാധാരണ ഈ വിഷയം ഉന്നയിക്കാറുള്ളത് പിന്നാക്ക സമുദായസംഘടനകളും നേതാക്കളുമാണ്. അതിൽനിന്നും വ്യത്യസ്തമായി മന്ത്രി കെ. രാധാകൃഷ്ണൻ വിഷയം വളരെ വികാരപരമായി നിയമസഭയിൽ ഉന്നയിച്ചു. എയ്‌ഡഡ് സ്‌കൂൾ അനദ്ധ്യാപകർക്കും അദ്ധ്യാപകർക്കും ആയി 2020 - 21 സാമ്പത്തിക വർഷത്തിൽ 5740.85 കോടി രൂപ ചെലവഴിച്ചെന്നും എന്നാൽ ഒരു പങ്കുപോലും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് ലഭ്യമാകുന്നില്ലെന്നുമാണ് അദ്ദേഹം ആശങ്കയോടെ ഉന്നയിച്ചത്. സംവരണം അനുവദിച്ചിരുന്നെങ്കിൽ ചുരുങ്ങിയത് 575 കോടി രൂപയെങ്കിലും ഒരു വർഷം പട്ടികവിഭാഗങ്ങളുടെ കുടുംബങ്ങളിലേക്കും എത്തുമായിരുന്നു ;പുറമേ പെൻഷനും. സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോഴും ഇത്തരത്തിൽ പരാമർശിക്കേണ്ടി വരുന്നതിൽ വേദനയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണ- പ്രതിപക്ഷ കക്ഷികൾക്ക് ഇതിൽ ഉത്തരവാദിത്വമുള്ളതിനാൽ വിഷയം വിശദമായി ചർച്ചചെയ്‌ത് എയ്‌ഡഡ് വിദ്യാഭ്യാസമേഖലയിൽ പട്ടികവിഭാഗങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും അർഹമായ സംവരണം ഉറപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ഇക്കഴിഞ്ഞയാഴ്ച മുൻ പട്ടിക - പിന്നാക്കവിഭാഗ വികസനവകുപ്പ് മന്ത്രി എ.കെ. ബാലൻ എയ്‌ഡഡ് വിദ്യാഭ്യാസ മേഖലയിലെ നിയമനം പി.എസ്.സി ക്ക് വിടണമെന്ന് ആവശ്യപ്പെട്ടു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയോട് മാദ്ധ്യമപ്രതിനിധികൾ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ബാലൻ പറഞ്ഞകാര്യം ശ്രദ്ധയിൽ വന്നില്ലെന്നായിരുന്നു മറുപടി.
പ്രതിപക്ഷനേതാവിനോട് ചോദ്യം ആവർത്തിച്ചപ്പോൾ ഇപ്പോൾ ഒന്നും പറയാനാവില്ലെന്നും പാർട്ടിയിലും മുന്നണിയിലും ചർച്ചചെയ്ത ശേഷമേ പ്രതികരിക്കാനാവൂ എന്നുമാണ്പറഞ്ഞത്.
സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ കഴിഞ്ഞദിവസം വിഷയത്തിൽ തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചു. എയ്‌ഡഡ് മേഖലയിലെ നിയമനം പി.എസ്.സിക്ക് വിടുന്നത് സംബന്ധിച്ച് പാർട്ടിയിലും മുന്നണിയിലും യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും ഈ വിഷയം സർക്കാരിന്റെ പരിഗണനയിലില്ലെന്നുമായിരുന്നു പ്രഖ്യാപനം.
പല പിന്നാക്ക സമുദായനേതാക്കളും സംഘടനകളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും അതുപോലെ ഒരു സംഘടനയുടെ അഭിപ്രായമായി മാത്രമേ ബാലന്റെ നിർദ്ദേശത്തെ കാണുന്നുള്ളൂ എന്നും അദ്ദേഹം വിശദീകരിച്ചു. എ.കെ ബാലനും മന്ത്രി കെ. രാധാകൃഷ്ണനും സി.പി.എം കേന്ദ്രകമ്മിറ്റി അംഗങ്ങളാണ്.

പിന്നാക്ക വിഭാഗങ്ങൾക്ക് ഭരണഘടനാപരമായി അർഹമായ അവകാശം അനുവദിക്കാൻ ഇത്രയും മുതിർന്ന നേതാക്കൾ നിയമസഭയിലടക്കം ഉന്നയിച്ച ആവശ്യം എത്ര അവജ്ഞയോടെയാണ് പാർട്ടി നേതൃത്വം തള്ളിക്കളഞ്ഞതെന്നത് ഗൗരവത്തോടെ കാണണം. പാർട്ടിയിലും ഭരണത്തിലും എത്ര ഉയർന്ന സ്ഥാനത്തെത്തിയ ആളാണെങ്കിലും പട്ടികജാതി പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട നേതാക്കൾ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങൾപോലും പാർട്ടിനേതൃത്വങ്ങൾ പരിഗണിക്കുന്നില്ല. ഇത് ഈ വിഭാഗത്തിൽപ്പെട്ട നേതാക്കളും പിന്നാക്ക വിഭാഗങ്ങളും തിരിച്ചറിയണം.

മാർച്ചിൽ സംസ്ഥാനസർക്കാർ പുറത്തുവിട്ട സാമ്പത്തിക വിശകലന റിപ്പോർട്ട് പ്രകാരം കേരളത്തിൽ 7214 എയ്‌ഡഡ് സ്‌കൂളുകളുണ്ട്. അവിടെ 93727 അധ്യാപകരുമുണ്ട്. ഹയർസെക്കൻഡറി വിഭാഗത്തിൽ 846 ഉം വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 128 ഉം എയ്‌ഡഡ് സ്‌കൂളുകൾ കൂടിയുണ്ട്. അദ്ധ്യാപകർക്ക് പുറമേ സർക്കാർ ശമ്പളം ലഭിക്കുന്ന അനദ്ധ്യാപകരും ഈ സ്ഥാപനങ്ങളിലുണ്ട്. ആകെയുള്ള 229 ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ 163 എണ്ണവും സ്വകാര്യ എയ്‌ഡഡ് മേഖലയിലാണ്. അദ്ധ്യാപകർ മാത്രം 10136 പേരുണ്ട്.
നിയമനം പി.എസ്.സി വഴിയായാൽ ഭരണഘടനാപരമായ സംവരണം ഉറപ്പാകുമെന്നതിനാലാണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടത്. ഇതിനെ മാനേജ്‌മെന്റുകളുടെ അവകാശത്തിന്മേലുള്ള കൈയേറ്റമായി വ്യാഖ്യാനിച്ച് നായർ സർവീസ് സൊസൈറ്റിയും കാത്തലിക് മാനേജ്‌മെന്റും സംവരണം ഉറപ്പാക്കണമെന്ന ഭരണഘടനാ വ്യവസ്ഥ തള്ളിക്കളഞ്ഞിരിക്കുകയാണ്. പിന്നാക്ക വിഭാഗങ്ങൾക്ക് എന്തെല്ലാം ദുരിതവും കഷ്ടങ്ങളുമുണ്ടായാലും സ്വകാര്യ - സവർണ മാനേജ്‌മെന്റുകളെ പ്രീതിപ്പെടുത്തേണ്ടതും അവർക്ക് ഒരുതരത്തിലും അലോസരമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കേണ്ടതും എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളുടെയും ഭരണാധികാരികളുടെയും താത്‌പര്യമാണ്.
എല്ലാ എയ്‌ഡഡ് സ്ഥാപനങ്ങളിലും പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണമുറപ്പായാൽ എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ. ട്രസ്റ്റ് മാനേജ്‌മെന്റുകളുടെയും കീഴിലുള്ള സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സി ക്ക് വിടാൻ തയ്യാറാണെന്ന് മാനേജർ വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയിട്ടുണ്ട്.
എയ്ഡഡ് മേഖലയിൽ ഭരണഘടനാനുസൃതമായ സാമുദായിക സംവരണം എടുക്കുന്നതിന് കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാ പിന്നാക്ക സമുദായ സംഘടനകളും നേതാക്കളും ഒത്തൊരുമയോടെ പ്രവർത്തിക്കാനും തയ്യാറാകണം.

മന്ത്രി രാധാകൃഷ്ണന് ഈ സംവരണം നടപ്പാക്കണമെന്ന് ആത്മാർത്ഥമായ ആഗ്രഹമുണ്ടെങ്കിൽ അതിനും വഴിതുറന്നു കിടപ്പുണ്ട്. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലാണ് സംസ്ഥാനത്തെ ദേവസ്വം ബോർഡുകൾ. ബോർഡുകൾക്ക് കീഴിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട് . അവിടെ ശമ്പളം നൽകുന്നത് സർക്കാർ ഖജനാവിൽ നിന്നാണ്. ആ സ്ഥാപനങ്ങളിൽ ഇപ്പോഴും സംവരണം ഏർപ്പെടുത്തിയിട്ടില്ല. ദേവസ്വം ബോർഡിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള ബോർഡുകളുടെ തസ്തികകളിലെ നിയമനം മാത്രമാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിനു വിട്ടിട്ടുള്ളത്. ദേവസ്വം ബോർഡുകളിൽ സവർണ സമുദായങ്ങൾക്ക് 10 ശതമാനം സംവരണം അനുവദിച്ചത് യാതൊരു ചർച്ചയും നടത്താതെയും സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കാതെയുമാണ്. ഭരണഘടനാവിരുദ്ധമായി ഏകപക്ഷീയമായ തീരുമാനം കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് 2017 നവംബറിലാണ് കൈക്കൊണ്ടത്.
പിന്നാക്ക സമുദായങ്ങൾക്ക് സംവരണം അനുവദിക്കേണ്ടത് ഭരണഘടനാപരമായി ഒരു ഭരണാധികാരിയുടെ ഉത്തരവാദിത്വമാണ് . അതുകൊണ്ട് തന്റെ നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം നടപ്പാക്കാനുള്ള ആർജ്ജവവും ആത്മാർത്ഥതയും രാധാകൃഷ്ണൻ കാണിക്കണം. അതിന് ഒരു മാനേജ്‌മെന്റിനെയും ഭയപ്പെടേണ്ടതില്ല. സ്വകാര്യ എയ്‌ഡഡ് സ്ഥാപനങ്ങളിലെ നിയമനം പി.എസ്‌.സിക്ക് വിടാനുള്ള സാങ്കേതികവും നിയമപരവുമായ കാലതാമസം കണക്കിലെടുത്ത് തത്‌കാലം മാനേജ്‌മെന്റ് തന്നെ നിയമനം നടത്താൻ അനുവദിക്കാം. അവർ നടത്തുന്ന നിയമനം സംവരണം പാലിച്ചാണെന്ന് ഉറപ്പുവരുത്താനും നടപടിയുണ്ടാകണം. നിയമനം നിശ്ചിത സമയപരിധിക്കുള്ളിൽ പി.എസ്.സി വഴി സംവരണം പാലിച്ച് നടത്താനും അതിനു കഴിയാത്തവർക്ക് സർക്കാർ ശമ്പളം തടയാനും ബന്ധപ്പെട്ടവർ തയ്യാറാകണം.
അവകാശം നേടിയെടുക്കാൻ മുസ്ലിം, ലത്തീൻ കത്തോലിക്കർ അടക്കമുള്ള എല്ലാ പിന്നാക്കവിഭാഗങ്ങളും പട്ടികവിഭാഗങ്ങളും സംയുക്ത സമരപരിപാടികൾക്ക് തയ്യാറാവണം. ഇതിനൊപ്പം ചേരാത്ത സമുദായ രാഷ്ട്രീയനേതാക്കളെ തള്ളിപ്പറയാനും കഴിയണം.


പിന്നാക്കവിഭാഗ വികസനവകുപ്പ് സ്ഥാപക ഡയറക്ടറാണ് ലേഖകൻ ഫോൺ : 9447275809

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AIDED EDUCATION, KK EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.