SignIn
Kerala Kaumudi Online
Friday, 19 April 2024 2.04 PM IST

സ്‌കൂൾ തുറക്കാനുള്ള കാത്തിരിപ്പ്

photo

ഒന്നരവർഷമായി വീടുകളിലിരുന്ന് വീർപ്പുമുട്ടുന്ന വിദ്യാർത്ഥികൾക്ക് ആഹ്ലാദം പകരുന്ന വാക്കുകളാണ് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയിൽ നിന്ന് നിയമസഭയിലുണ്ടായത്. കുട്ടികൾക്കുള്ള വാക്‌സിനേഷൻ പൂർത്തിയാക്കുക എന്നതാണ് വിദ്യാലയങ്ങൾ തുറക്കുന്നതിനിടയിലുള്ള ആദ്യ കടമ്പ. പതിനെട്ടിനു താഴെയുള്ള കുട്ടികൾക്ക് ഇതുവരെ വാക്‌സിനേഷൻ തുടങ്ങിയിട്ടില്ല. ഉടനെ തുടങ്ങിയേക്കുമെന്ന സൂചന മാത്രമാണുള്ളത്.

വാക്‌‌സിൻ ലഭ്യതയിലെ പ്രതിസന്ധി പരിഗണിക്കുമ്പോൾ സമയബന്ധിതമായി കുട്ടികളുടെ കുത്തിവയ്പ് എപ്പോൾ തീരുമെന്നു പറയാനാവില്ല. മുൻഗണന നൽകി കുട്ടികളിലും വാക്സിൻ എത്തിക്കാൻ കഴിഞ്ഞാൽ സർക്കാർ ആഗ്രഹിക്കുന്നതുപോലെ ഘട്ടംഘട്ടമായി വിദ്യാലയങ്ങൾ തുറക്കാനാവും. അതിനായുള്ള നടപടികൾ ഉൗർജ്ജിതമാക്കാൻ ശ്രമം വേണം.

ഡിജിറ്റൽ ക്ളാസുകൾ ഒരുപരിധിവരെയേ കുട്ടികൾക്കു തുണയാകുന്നുള്ളൂ. മാത്രമല്ല ധാരാളം ന്യൂനതകളുമുണ്ട്. പത്തുശതമാനം കുട്ടികൾ ഇപ്പോഴും ഡിജിറ്റൽ പഠന സംവിധാനങ്ങളുടെ അഭാവം നേരിടുന്നുവെന്നാണ് സർവേകളിൽ തെളിഞ്ഞത്. തുടർച്ചയായ ഡിജിറ്റൽ പഠനം കുട്ടികളെ ശാരീരികമായും മാനസികമായും വല്ലാതെ തളർത്തുന്നുവെന്ന കണ്ടെത്തലും കൂട്ടത്തിലുണ്ട്. സ്കൂളുകളും കലാലയങ്ങളും എത്രയും വേഗം തുറക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കുക എന്നത് ഇപ്പോഴത്തെ ചുറ്റുപാടിൽ വെല്ലുവിളി തന്നെയാണ്.

അയൽ സംസ്ഥാനങ്ങളുൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്കൂളുകൾ തുറക്കാനുള്ള നടപടികളായിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ഒൻപതു മുതലുള്ള ക്ളാസുകൾ ആരംഭിച്ചിട്ടുമുണ്ട്. കൊവിഡ് വ്യാപനം ഗണ്യമായി നിയന്ത്രിക്കാൻ കഴിഞ്ഞതാണ് ഇതിനു സഹായകമായത്. കേരളത്തിൽ ആശ്വസിക്കാവുന്ന സ്ഥിതി ഇനിയുമായിട്ടില്ല. രോഗവ്യാപന നിരക്കിൽ സംസ്ഥാനം ഇപ്പോഴും മുന്നിലാണ്. രോഗനിരക്ക് നിയന്ത്രണത്തിലാവുകയും പ്രതിരോധ കുത്തിവയ്പ് ഭൂരിഭാഗത്തിലും എത്തുകയും ചെയ്താലേ വിദ്യാലയങ്ങൾ ഭയാശങ്കകൾ കൂടാതെ തുറക്കാനാവൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനായി ഇനിയും കാത്തിരിക്കുക തന്നെ വേണം. എന്നാലും അതിനായുള്ള തയ്യാറെടുപ്പുകളും ആസൂത്രണവും ഇപ്പോഴേ ആരംഭിക്കാവുന്നതാണ്. മുതിർന്ന ക്ളാസുകൾ ആദ്യം തുറക്കാം. ഒരേ ക്ളാസ് തന്നെ കുട്ടികളുടെ എണ്ണം കണക്കിലെടുത്ത് രണ്ടോ മൂന്നോ ബാച്ചായി തിരിച്ച് സമയക്രമം നിശ്ചയിച്ചാൽ അകലം പാലിച്ചുതന്നെ ക്ളാസുകൾ നടത്താനാകും. ഡിജിറ്റൽ പഠനവും ഇതോടൊപ്പം തുടരാനാകും. പ്രയാസം കുറഞ്ഞ വിഷയങ്ങൾക്ക് ഈ മാർഗം പിന്തുടരുന്നതിൽ തെറ്റില്ല. സയൻസ്, കണക്ക്, ഇംഗ്ളീഷ് തുടങ്ങിയ പാഠഭാഗങ്ങൾ നേരിൽ പഠിക്കേണ്ടവയായതിനാൽ അവയ്ക്കായി വേണം ആദ്യം ക്ളാസുകൾ തുറക്കാൻ. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കൂടി പരിഗണിച്ച് വേണം തീരുമാനങ്ങളെടുക്കാൻ.

സ്‌കൂൾ തുറക്കുന്ന വിഷയത്തിൽ സംസ്ഥാനങ്ങൾക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നാണ് കേന്ദ്ര നിലപാട്. കുട്ടികളുടെ ആരോഗ്യസുരക്ഷയാണ് പ്രധാനമായും പരിഗണിക്കപ്പെടേണ്ടത്. രോഗവ്യാപനം ഏറ്റവും കുറഞ്ഞ പ്രദേശങ്ങളിൽ വിദ്യാലയങ്ങൾ തുറക്കുന്ന രീതിയാണ് ചില സംസ്ഥാനങ്ങൾ പിന്തുടരുന്നത്. ഇവിടെ എല്ലാ ജില്ലകളിലും രോഗവ്യാപനം നിലനിൽക്കുന്നതിനാൽ സുരക്ഷിത നിലയിലെത്താൻ കഠിനശ്രമം തന്നെ നടത്തേണ്ടിവരും.

ഓൺലൈൻ പഠനം നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കാനുള്ള നടപടികൾ തുടരണം. സ്‌കൂൾ വിദ്യാർത്ഥികളിൽ മുപ്പത്തിയഞ്ച് ശതമാനവും ഓൺലൈൻ പഠനം കാരണം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ്. ഇതിനു പുറമെയാണ് ഓൺലൈൻ ക്ളാസുകളിൽ നുഴഞ്ഞുകയറി സാമൂഹ്യവിരുദ്ധർ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങൾ. പൊലീസിലെ സൈബർ വിഭാഗത്തിന്റെ നിരന്തര ഇടപെടൽ വേണ്ടിവരുന്ന മേഖലയായി ഇത് മാറിയിട്ടുണ്ട്.

കുട്ടികൾക്ക് പ്രതിരോധകുത്തിവയ്പ് തുടങ്ങാനുള്ള നടപടികൾക്കാണ് ഇനി പ്രാധാന്യം നൽകേണ്ടത്. പരീക്ഷണം പൂർത്തിയായെന്നായിരുന്നു വാർത്ത. അതിനാൽ അധികനാൾ കാത്തിരിക്കേണ്ടിവരില്ലെന്നു സമാധാനിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SCHOOL, EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.