SignIn
Kerala Kaumudi Online
Thursday, 25 April 2024 9.10 PM IST

കള്ളപ്പണക്കാർ മാത്രം പേടിച്ചാൽ മതി

photo

നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൂന്നാം ദിവസവും ചോദ്യം ചെയ്യുന്നതിനിടയിലാണ് ഇ.ഡിക്കു വിപുലമായ അധികാരങ്ങൾ നൽകിക്കൊണ്ടുള്ള 2018-ലെ ഭേദഗതി നിയമം സുപ്രീംകോടതി മൂന്നംഗ ബെഞ്ച് ശരിവച്ചത്. കള്ളപ്പണവുമായി ബന്ധപ്പെട്ട ഏതുകേസിലും ഇ.ഡിക്ക് ആരെയും വിളിച്ചുവരുത്താമെന്നും ചോദ്യം ചെയ്യാമെന്നും പരമോന്നത കോടതിവിധി വ്യക്തമാക്കുന്നു. ഈ വിഷയത്തിൽ ഇ.ഡിക്ക് സിവിൽ കോടതിയുടെ അധികാരങ്ങളാണുള്ളത്. രാഷ്ട്രീയ എതിരാളികളെ പൂട്ടാൻ സർക്കാർ ഇ.ഡിയെ അഴിച്ചുവിടുന്നു എന്നാരോപിച്ച് പ്രതിപക്ഷകക്ഷികൾ കുറച്ചുദിവസങ്ങളായി രാജ്യമാകെ സമരം നടത്തിക്കൊണ്ടിരിക്കുകയാണ്. നാഷണൽ ഹെറാൾഡ് കേസിൽ ഇ.ഡി സോണിയയും രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും ഉൾപ്പെടെയുള്ളവർക്കെതിരെ തിരിഞ്ഞപ്പോഴാണ് ഇ.ഡിക്കെതിരെ രാഷ്ട്രീയനേതൃത്വങ്ങൾ ശക്തമായി തിരിഞ്ഞതെന്നത് ശ്രദ്ധേയമാണ്. 2012ൽ ഉത്ഭവിച്ച കേസ് ഇത്രയുംകാലം മന്ദീഭവിച്ചു കിടന്നതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടെന്നു വ്യക്തമാണ്. കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകൾ ഒന്നൊന്നായി തുടച്ചുമിനുക്കി പുറത്തെടുക്കാൻ സർക്കാരിന്റെ അനുമതി ലഭിച്ചപ്പോഴാണ് ഇ.ഡി ശക്തമായ നടപടിയുമായി മുന്നോട്ടുവന്നത്. ഇ.ഡിയുടെ സവിശേഷ അധികാരങ്ങൾക്കെതിരെ പരമോന്നത കോടതിയിൽ ഹർജികളുമായി എത്തിയ 242 പേരിൽ പലരും കള്ളപ്പണക്കേസുകളിൽ കുടുങ്ങിയവരാണെന്ന പ്രത്യേകതയുമുണ്ട്. ഇ.ഡി രാഷ്ട്രീയ പ്രതിയോഗികളെ മുഴുവൻ വേട്ടയാടുകയാണെന്ന ആക്ഷേപത്തിലെ പൊള്ളത്തരം മനസിലാക്കാൻ ഹർജിക്കാരുടെ പട്ടിക പരിശോധിച്ചാൽ മാത്രം മതി. മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ പുത്രൻ കാർത്തി ചിദംബരം മുതൽ മഹാരാഷ്ട്രയിൽ ആഭ്യന്തരമന്ത്രിയായിരുന്ന അനിൽ ദേശ്‌മുഖ് വരെ ഇ.ഡിയുടെ അധികാരങ്ങൾ ചോദ്യംചെയ്ത് ഹർജികളുമായി എത്തിയിരുന്നു. സമൂഹത്തിൽ വിലയും നിലയുമുള്ള തങ്ങളെ തൊടാൻ ഒരു നിയമത്തിനും സാദ്ധ്യമല്ലെന്ന ഹുങ്കോടെ വിരാജിക്കുന്ന രാഷ്ട്രീയ നേതാക്കൾക്ക് ഇ.ഡിയെപ്പോലുള്ള അന്വേഷണ ഏജൻസികൾ ബുദ്ധിമുട്ടുണ്ടാക്കുമെന്നതു ശരിയാണ്. അത്തരം ഏജൻസികളുടെ ചിറകരിയാൻ ഭരണത്തിലിരുന്നപ്പോൾ അവർക്കു സാധിച്ചെന്നതും സത്യമാകാം.

കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകളിൽ രാജ്യത്ത് ആരെയും വിളിച്ചുവരുത്തി തെളിവു ശേഖരിക്കാൻ ഇ.ഡിക്ക് നിയമപ്രകാരം അധികാരമുണ്ടെന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. പ്രതികളായവരെ മാത്രമല്ല തെളിവു നൽകാൻ കഴിയുന്ന ഏതൊരാളെയും വിളിച്ചുവരുത്താവുന്നതാണ്. സമൻസ് നൽകി വിളിച്ചുവരുത്തുന്ന ആൾക്ക് അന്വേഷണവുമായി ബന്ധപ്പെട്ട മൊഴിപകർപ്പുപോലും നൽകേണ്ടതില്ലെന്നാണ് വിധിന്യായത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. നിലവിലെ കേസുകളിൽ കൂടുതൽ ഉൗർജ്ജിതമായി മുന്നോട്ടുപോകാൻ ഇ.ഡിക്ക് പൂർണസ്വാതന്ത്ര്യം ലഭിക്കുമെന്നാണ് സുപ്രീംകോടതി വിധിയുടെ രത്നച്ചുരുക്കം. ബംഗാളിൽ മന്ത്രിയുടെ ചാർച്ചക്കാരിയുടെ അരഡസൻ വീടുകളിലെ രണ്ടെണ്ണത്തിൽ നടന്ന റെയ്ഡുകളിൽ ഇ.ഡി കണ്ടെടുത്തത് 42 കോടിയുടെ കറൻസിയാണ്. ആഭരണങ്ങളും സ്വത്തുകൾ വിവരിക്കുന്ന മുദ്രക്കടലാസുകളും വേറെ. മലകൾ പോലെയാണ് നോട്ടുകെട്ടുകൾ കൂട്ടിവച്ചിരുന്നത്. അദ്ധ്യാപക നിയമനത്തിൽ മന്ത്രി കൈക്കൂലിവാങ്ങി മാത്രം കെട്ടിപ്പൊക്കിയതല്ല ഈ കറൻസി കൂമ്പാരമെന്നു തീർച്ച. ഇതുപോലെ ഇ.ഡിയുടെ കണ്ണുകൾ നീണ്ടുചെന്നിട്ടുള്ള എല്ലാ അഴിമതിക്കാരുടെയും പിന്നിലുണ്ടാവും സാധാരണ ജനങ്ങൾക്കറിയാത്ത എത്രയോ കറുത്ത ഇടപാടുകൾ. ഇ.ഡി അന്വേഷണത്തിനെത്തുമ്പോൾ രാഷ്ട്രീയ പ്രതികാരവേട്ട എന്ന മുറവിളി കൂട്ടുന്നവർ സ്വന്തം കൈകളിലേക്ക് ഒന്നു നോക്കിയാലറിയാം അഴിമതിയുടെ കഴുകിക്കളയാനാവാത്ത ചെളി എത്ര ആഴത്തിലുള്ളതാണെന്ന്. രാജ്യത്തിന് കള്ളപ്പണം ഭീകരപ്രവർത്തനത്തേക്കാൾ ആപൽക്കരമാണെന്ന സുപ്രീംകോടതി വിധിന്യായത്തിലെ പരാമർശം ഗൗരവത്തോടെ തന്നെ കാണണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ENFORCEMENT DIRECTORATE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.