SignIn
Kerala Kaumudi Online
Saturday, 20 April 2024 2.03 AM IST

ട്രെയിൻ ഗതാഗതം പഴയ നിലയിലാകണം

photo

ചിങ്ങവനത്തിനും ഏറ്റുമാനൂരിനുമിടയ്ക്കുള്ള ഇരട്ടപ്പാത നാളെ ഔപചാരികമായി തുറക്കുന്നതോടെ കോട്ടയം വഴിയുള്ള ട്രെയിൻ യാത്ര സുഗമമാവുകയാണ്. യാത്രക്കാർ ദീർഘകാലമായി ഈയൊരു മുഹൂർത്തത്തിനായി കാത്തിരിക്കുകയായിരുന്നു. തിരുവനന്തപുരം - എറണാകുളം റൂട്ടിൽ കോട്ടയം സ്റ്റേഷനു തൊട്ടുള്ള ഹ്രസ്വ ടണൽപാത ഏറെക്കാലമായി ഇതുവഴിയുള്ള യാത്രയ്ക്ക് വിലങ്ങുതടിയായിരുന്നു. ടണലുകൾ ഒഴിവാക്കി തൊട്ടടുത്തുതന്നെ പുതിയ ലൈൻ നിർമ്മിച്ചാണ് ഈ കുപ്പിക്കഴുത്ത് ഒഴിവാക്കിയത്. ചിങ്ങവനത്തിനും ഏറ്റുമാനൂരിനുമിടയ്ക്കുള്ള പാത ഒഴികെയുള്ള ഇരട്ടപ്പാതകൾ എന്നേ പൂർത്തിയായതാണ്. അഴിയാക്കുരുക്കുകളിൽപ്പെട്ട് ടണൽപാതയുടെ ഭാഗം മാത്രമാണ് ഇരട്ടപ്പാതയ്ക്ക് വിഘാതമായത്. പുതിയപാത ഞായറാഴ്ച തുറക്കുന്നതോടെ തിരുവനന്തപുരത്തു നിന്ന് മംഗലാപുരം വരെ ഇരട്ടപ്പാത ട്രെയിൻ യാത്രയുടെ ഗതിവേഗം വർദ്ധിപ്പിക്കും. പുതിയ ട്രെയിനുകൾ ആരംഭിക്കാനും വഴിയൊരുങ്ങും. കായംകുളത്തു നിന്ന് ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കൽ കൂടി പൂർത്തിയായാൽ സംസ്ഥാനത്ത് ട്രെയിൻയാത്ര പതിന്മടങ്ങു സുഗമമാവും. ഇതിനൊപ്പം തിരുവനന്തപുരം - കന്യാകുമാരി ഇരട്ടപ്പാതയുടെ പണിയും വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ട്.

കോട്ടയത്തെ റെയിൽവേ തുരങ്കങ്ങൾ ഒഴിവാകുന്നതോടെ ആറരപതിറ്റാണ്ടു കാലത്തെ ചരിത്രമാണ് ഓർമ്മയാവുന്നത്. ഇതുവഴി ട്രെയിനിൽ യാത്രചെയ്തിട്ടുള്ളവർക്ക് തുരങ്കത്തിലൂടെയുള്ള യാത്രകൾ മറക്കാനാകാത്ത അനുഭവമായിരിക്കും. 1957ൽ നിർമ്മിക്കപ്പെട്ട ഈ തുരങ്കപ്പാത ഒരുവിധ കേടുപാടും കൂടാതെ ഇപ്പോഴും നിലനിൽക്കുന്നു. മെട്രോമാൻ ഇ. ശ്രീധരൻ ഉൾപ്പെട്ട എൻജിനിയർമാരുടെ സംഘമാണ് അന്ന് തുരങ്കങ്ങൾ നിർമ്മിച്ചത്. കാലത്തിന്റെ ശേഷിപ്പായി മാറുന്ന ഈ തുരങ്കങ്ങൾക്കരികിലൂടെയാണ് പുതിയ ഇരട്ടപ്പാത നിർമ്മിച്ചിരിക്കുന്നത്. ദിവസങ്ങളായി ഇതുവഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സംസ്ഥാനത്തുടനീളമുള്ള യാത്രക്കാരെ വലച്ചിരുന്നു. അറ്റകുറ്റപ്പണികൾ നടക്കുന്ന മേഖലകൾ ഇപ്പോഴും അവശേഷിക്കുന്നതിനാൽ നിയന്ത്രണം തുടരുന്ന മേഖലകളുമുണ്ട്.

ഇരട്ടപ്പാതകൾ പൂർത്തിയാകാത്തതിന്റെ പേരിൽ സംസ്ഥാനത്തിന് അനുവദിക്കപ്പെട്ട പുതിയ ട്രെയിനുകളിൽ പലതും ഇതുവരെ സർവീസ് തുടങ്ങാനായിട്ടില്ല. കോട്ടയം ഭാഗത്തെ തടസങ്ങൾ പൂർണമായും ഒഴിവായ സ്ഥിതിക്ക് അവ ആരംഭിക്കാൻ ഇനി വൈകരുത്. പല കാരണങ്ങളാൽ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നത് അടുത്തകാലത്ത് വളരെയധികം വർദ്ധിച്ചിരുന്നു. മുൻകാലങ്ങളിൽ ഇല്ലാത്ത രീതിയാണ് ദീർഘനാൾ നീളുന്ന നിയന്ത്രണങ്ങൾ. കൊവിഡ് കാലത്ത് നിറുത്തിവച്ച പാസഞ്ചർ വണ്ടികളിൽ ഇനിയും പലതും പുനരാരംഭിക്കാനുണ്ട്. ഹ്രസ്വദൂര യാത്രക്കാരുടെ ആശ്രയമായിരുന്നു ഇവ. പാത പണിപൂർത്തിയായ സാഹചര്യത്തിൽ അവ സത്വരമായി ആരംഭിക്കണം.

തിരുവനന്തപുരത്തു നിന്ന് ചെങ്ങന്നൂർ വരെ സബർബൻ സർവീസ് ആരംഭിക്കാൻ വർഷങ്ങൾക്കു മുൻപ് പദ്ധതി തയ്യാറാക്കിയത് ഓർക്കുന്നു. സിഗ്നൽ സംവിധാനം പരിഷ്കരിച്ചും പാതകൾ ബലപ്പെടുത്തിയും വലിയ മുതൽമുടക്കില്ലാതെ ചെയ്യാൻ കഴിയുമായിരുന്ന പദ്ധതിയായിരുന്നു ഇത്. എന്നാൽ പദ്ധതി ആവിഷ്കരിച്ചവർക്ക് അതു നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയില്ലാതെ പോയി. പദ്ധതി പരണത്താവുകയും ചെയ്തു. ഇരട്ടപ്പാത പൂർത്തിയായ പശ്ചാത്തലത്തിൽ ഇതുപോലുള്ള റെയിൽവേ വികസന പദ്ധതികളെക്കുറിച്ച് വീണ്ടും ആലോചിക്കാവുന്നതാണ്. മദ്ധ്യകേരളത്തിലും ഉത്തര കേരളത്തിലുമൊക്കെ സബർബൻ സർവീസുകൾക്കു നല്ല സാദ്ധ്യതയുണ്ട്. മെമു സർവീസുകൾ കൂടുതൽ തുടങ്ങിയാൽ റോഡുകളിൽ വാഹനത്തിരക്ക് കുറയ്ക്കാൻ കഴിയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ETTUMANOOR CHINGAVANAM DOUBLE LINE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.