SignIn
Kerala Kaumudi Online
Thursday, 25 April 2024 10.04 PM IST

പരീക്ഷാ ഘടന മാറ്റം അടുത്ത വർഷം പോരേ?

students

കതിരിൽ കൊണ്ടുപോയി വളംവയ്ക്കരുതെന്നു പറയാറുണ്ട്. സംസ്ഥാനത്തെ പത്ത്, പന്ത്രണ്ട് ക്ളാസ് അവസാന പരീക്ഷകൾക്ക് ഏർപ്പെടുത്താൻ പോകുന്ന പരിഷ്കാരം ഇതേ മട്ടിലുള്ളതാണ്. പരീക്ഷയ്ക്ക് ഏതാനും ആഴ്ച മുൻപു മാത്രമാണ് പരിഷ്കാരത്തെക്കുറിച്ച് അദ്ധ്യാപകരും വിദ്യാർത്ഥികളും അറിയുന്നത്. അതുകൊണ്ടുതന്നെ വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്. ചോദ്യക്കടലാസ് ഘടനയിൽ കൊണ്ടുവരാനുദ്ദേശിക്കുന്ന മാറ്റങ്ങൾ നല്ല ഉദ്ദേശ്യത്തോടെയാണെങ്കിലും അതിനു തിരഞ്ഞെടുത്ത സമയത്തെച്ചൊല്ലിയാണ് പ്രധാനമായും പരാതികൾ. അദ്ധ്യയനവർഷം തുടങ്ങുമ്പോൾ പ്രഖ്യാപിക്കേണ്ടിയിരുന്ന പരിഷ്കാരം പരീക്ഷ തൊട്ടടുത്തെത്തിയപ്പോൾ കൊണ്ടുവന്നതിലെ അപാകതയാണ് വിമർശനവിധേയമായത്. അതുകൊണ്ട് ചോദ്യക്കടലാസ് ഘടനാമാറ്റം അടുത്ത അദ്ധ്യയന വർഷത്തേക്കു മാറ്റിവയ്ക്കുന്നതാകും ഉചിതം.

കഴിഞ്ഞവർഷം പഠനം പൂർണമായും ഓൺലൈനിലേക്കു മാറിയ സാഹചര്യത്തിലാണ് ഫോക്കസ് ഏരിയ മാത്രം കേന്ദ്രീകരിച്ചുള്ള ചോദ്യപേപ്പർ ഘടന തയ്യാറാക്കിയതും പരീക്ഷ നടത്തിയതും. പാഠപുസ്തകത്തിന്റെ നാല്പതുശതമാനം പാഠങ്ങളായിരുന്നു ഫോക്കസ് ഏരിയയായി പരിഗണിക്കപ്പെട്ടത്. ഇക്കുറി അത് എഴുപത് ശതമാനമായി വർദ്ധിപ്പിക്കാനാണു നീക്കം. കൂടുതൽ പാഠഭാഗങ്ങൾ ചോദ്യപേപ്പറുകളിൽ ഉൾപ്പെടുത്തുകയും ചെയ്യും. നോൺ ഫോക്കസ് വിഭാഗത്തിൽ മുപ്പത് ശതമാനത്തിനേ ചോദ്യങ്ങളുണ്ടാകൂ. കഴിഞ്ഞവർഷം പരീക്ഷ കൂടുതൽ ഉദാരമാക്കിയതിന്റെ ഫലമായി കണക്കിലധികം കുട്ടികൾക്ക് എ പ്ളസും മറ്റ് ഉയർന്ന ഗ്രേഡുകളും ലഭിച്ചത് ഉപരിപഠന മേഖലയ്ക്ക് വളരെയധികം സമ്മർദ്ദമുണ്ടാക്കി എന്നാണ് കണ്ടെത്തൽ. ഉയർന്ന ഗ്രേഡുകൾ കണക്കിലേറെയായാൽ ഉപരിപഠന സാദ്ധ്യത പ്രതിസന്ധിയിലാകുമത്രെ. ഉയർന്ന ഗ്രേഡുകളിലെ വൻവർദ്ധന ചൂണ്ടിക്കാട്ടി അഭിമാനം കൊണ്ടിരുന്നവർ ഇപ്പോൾ പൊടുന്നനെ അത് കുറയ്ക്കാൻ ശ്രമിക്കുകയാണ്. ഉപരിപഠന മേഖലയിൽ കൂടുതൽ ഉയർന്ന ഗ്രേഡുകാർ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന നിഗമനം തന്നെ കാലത്തിനു നിരക്കാത്തതും വിദ്യാർത്ഥിവിരുദ്ധവുമാണ്. ഉപരിപഠനമേഖലയിൽ പ്രവേശനം പരിമിതപ്പെടുത്തുകയല്ല, സൗകര്യങ്ങൾ വർദ്ധിപ്പിക്കുയെന്നതാണ് സർക്കാരിന്റെ ചുമതല. പകരം പരീക്ഷാരീതി കട്ടിയാക്കി കുട്ടികളെ പരിക്ഷീണിതരാക്കാനുള്ള തീരുമാനം നന്നല്ല. ഓരോ കാലത്ത് തോന്നുന്നതു പോലെയുള്ള മാറ്റങ്ങൾ കൊണ്ടുവന്ന് വിദ്യാഭ്യാസ നിലവാരം തകർക്കുന്ന രീതി ഉപേക്ഷിക്കുക തന്നെ വേണം.

ആരും തോൽക്കാത്ത പരീക്ഷാ പരിഷ്കാരത്തിനാണ് കഴിഞ്ഞ കുറെ വർഷങ്ങളായി വിദ്യാഭ്യാസവകുപ്പ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിജയശതമാനം ഉയർന്നുയർന്ന് നൂറിൽ തൊടാറായി. അതനുസരിച്ച് ഉയർന്ന ഗ്രേഡ് നേടുന്ന കുട്ടികളുടെ സംഖ്യയിലുമുണ്ടാകുന്നുണ്ട് ഗണ്യമായ വർദ്ധന. വിദ്യാഭ്യാസ നിലവാരവുമായി ഇതിനെ ബന്ധപ്പെടുത്താൻ വിദഗ്ദ്ധർ മടിക്കുന്നുണ്ടെങ്കിലും രാജ്യത്തൊട്ടാകെ ഇതേ പ്രവണതയാണ് കാണാനാവുന്നത്. പരീക്ഷ ജയിക്കാൻ അത്യദ്ധ്വാനം നടത്തേണ്ട കാലമൊക്കെ കഴിഞ്ഞു. അല്പം മനസും ശ്രദ്ധയും വച്ചാൽ കടന്നുകൂടാവുന്ന തരത്തിൽ പരീക്ഷാരീതിയിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. പരീക്ഷയ്ക്ക് വരാനിടയുള്ള പാഠഭാഗങ്ങൾ മാത്രം പഠിച്ച് പരീക്ഷ എഴുതുന്നവർ എല്ലാക്കാലത്തുമുണ്ട്.

നിർബന്ധമായും പഠിക്കേണ്ട പാഠഭാഗങ്ങൾ തന്നെ പല സ്കൂളുകളിലും പഠിപ്പിച്ചു തീർന്നിട്ടില്ല. ആ നിലയ്ക്ക് ഈ ഘട്ടത്തിൽ ചോദ്യഘടനയിൽ കാതലായ മാറ്റങ്ങൾ വരുത്താതിരിക്കുകയാവും ഉചിതം. കൊവിഡ് മുക്തമായി അദ്ധ്യയനം സ്കൂളുകളിൽത്തന്നെ എത്തുമ്പോൾ മാറ്റം ആകാവുന്നതേയുള്ളൂ. ഉയർന്ന ഗ്രേഡ് നേടുന്ന കുട്ടികളുടെ സംഖ്യ പരിമിതപ്പെടുത്താനായി മാത്രം പരീക്ഷാരീതി ഇക്കൊല്ലം തന്നെ മാറ്റിമറിക്കേണ്ട ആവശ്യമില്ല. വിദ്യാഭ്യാസ മേഖലയിൽ ലാഘവത്തോടെ ഒരു മാറ്റവും വരുത്തരുതെന്നാണ് വിവരമുള്ളവർ പറയാറുള്ളത്. അദ്ധ്യയനവർഷം തുടങ്ങും മുൻപ് തന്നെ ആ വിവരം അദ്ധ്യാപകരെയും കുട്ടികളെയും അറിയിക്കേണ്ട ബാദ്ധ്യത സർക്കാരിനുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EXAM FOCUS AREA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.