SignIn
Kerala Kaumudi Online
Wednesday, 17 April 2024 2.28 AM IST

പോയതെല്ലാം തിരിച്ച് വരാൻ പാടില്ല

vaikom-

ക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കുന്നവർ വിഗ്രഹം തീർക്കാൻ ഉപയോഗിച്ച കല്ലിനെയല്ല ആരാധിക്കുന്നത്. വിഗ്രഹത്തിൽ ആവാഹിക്കപ്പെട്ട ചൈതന്യത്തെയും സങ്കല്‌പത്തെയുമാണ്. വിഗ്രഹത്തിന് നിയതമായ ആകൃതി പോലും വേണമെന്ന് നിർബന്ധമില്ല. നിത്യാരാധനയുള്ള ഏതു ക്ഷേത്രത്തിലും ഭക്തർ വേദനകളും സന്തോഷങ്ങളും ഉത്‌കണ്ഠകളും പങ്കുവച്ച് നല്ലതു വരാൻ പ്രാർത്ഥിക്കുന്നതാണ് പതിവ്. ഇവിടെ ഭഗവാനും ഭക്തനും ഇടയിലാരുമില്ല. അതുകൊണ്ടാണ് മനസ് തുറന്ന് പ്രാർത്ഥിക്കാൻ കഴിയുന്നത്. കല്ലിനകത്തു വാഴുന്ന അല്‌പജന്തുവല്ല ഭഗവാനെന്നത് അനുഭവങ്ങളിലൂടെയാണ് ഓരോരുത്തരും തിരിച്ചറിയുന്നത്. അതിന് യുക്തിബോധം അടിസ്ഥാനമാക്കുന്നത് അസംബന്ധമാണ്. ആരോഗ്യത്തോടെയും ചൈതന്യത്തോടെയും നിലനിൽക്കാൻ സ്നാനം തുടങ്ങിയ ചില ചര്യകൾ അനിവാര്യമാണ്. ശുദ്ധിയും വൃത്തിയും ആചാരങ്ങളും പൂജയും ഏതൊരു ക്ഷേത്രത്തിനും ആവശ്യമാണ്. ഇത് ചെയ്യാൻ വൈദികകർമ്മങ്ങൾ അറിയാവുന്നവർ വേണം. അത് പാരമ്പര്യമായും ഇപ്പോൾ താന്ത്രിക വിദ്യാപീഠങ്ങളിലൂടെയും പഠിക്കാം. ഓരോ ഭഗവത് സങ്കല്പത്തിനും അനുസരിച്ച് പൂജ ചെയ്യാൻ അതത് മൂർത്തികളുടെ മൂലമന്ത്രങ്ങളും ധ്യാനശ്ലോകങ്ങളും ചിട്ടകളും ആദിമധ്യാന്ത രീതികളും അറിയണം. ഏതു ജാതിയിലായാലും ഒരു കുട്ടിയും ഇത് പഠിച്ചല്ല പിറന്ന് വീഴുന്നത്. ഏതു മതത്തിന്റെ കാര്യമായാലും പിന്നീട് അഭ്യസിച്ച് ഉറപ്പിക്കുന്നവരാണ് പുരോഹിതരാകുന്നത്. പുരോഹിതനാകാൻ പ്രത്യേക ജാതിയിൽ ജനിക്കണമെന്ന് ഒരു നിർബന്ധവും ഒരു ഇതിഹാസങ്ങളിലും പറഞ്ഞിട്ടുമില്ല. പരാശര മുനി പറച്ചിയുടെ മകനാണെന്നും വേദം പകുത്ത വേദവ്യാസൻ മുക്കുവസ്‌ത്രീയുടെ സന്തതിയാണെന്നും ഗുരുദേവൻ ജാതിനിർണയം എന്ന കൃതിയിൽ പറയുന്നു. ജനനമല്ല മനനവും പഠനവുമാണ് വ്യക്തിയെ അറിവുള്ളവനാക്കി മാറ്റുന്നതെന്ന പരമാർത്ഥമാണ് ഇതിൽനിന്ന് നാം ഉൾക്കൊള്ളേണ്ടത്. ശബരിമലയിൽ നമ്പൂതിരിമാർ മാത്രം പൂജിച്ചാൽ മതിയെന്ന കടുംപിടിത്തം ഈ കാലത്തിന് യോജിച്ചതല്ലെന്ന് അറിയിക്കാനാണ് ഇത്രയും ചൂണ്ടിക്കാട്ടേണ്ടിവന്നത്. തന്ത്രവിധി അറിയാവുന്നവർക്ക് പ്രതിഷ്ഠ നടത്താനും പൂജാവിധി പഠിച്ചവർക്ക് പൂജിക്കാനും തുല്യഅവകാശമാണുള്ളത്. ശ്രീകോവിലിനകത്ത് കയറി പൂജിക്കുന്നതുകൊണ്ട് ഈശ്വരന്റെ ഇടനിലക്കാരനായി ഒരു പൂജാരിയെയും ആരും കണക്കാക്കാറില്ല. ചുരുക്കം ചില ഇടുങ്ങിയ ചിന്താഗതിക്കാർ മാത്രമാണ് മറ്റ് ജാതിയിലുള്ളവർ പൂജ ചെയ്താൽ ഈശ്വരൻ അപ്രത്യക്ഷനാകുമെന്ന മൂഢവിശ്വാസം പുലർത്തുന്നത്. അവരാണ് ഇതിനെ എതിർക്കുന്നത്. വൈക്കം ക്ഷേത്രത്തിന്റെ അരികിൽക്കൂടി അയിത്ത ജാതിക്കാർ പോയാൽ ഭഗവാന് അതൃപ്തിയുണ്ടാവുമെന്ന് പറഞ്ഞ് തടഞ്ഞവരുടെ അനന്തരാവകാശികൾ തെറ്റിയും തെറിച്ചും ഇപ്പോഴും സമൂഹത്തിലുണ്ട്. അവരിൽ ചിലരാണ് കഴിഞ്ഞ ദിവസം വൈക്കം ദേവസ്വംക്ഷേത്രത്തിൽ ചുമതലയേറ്റ ഈഴവനായ മേൽശാന്തിയെ തടഞ്ഞത്. ദേവസ്വം ബോർഡിന്റെ പല ക്ഷേത്രങ്ങളിലും അബ്രാഹ്മണ ശാന്തിമാർ ജോലി ചെയ്യുന്നുണ്ട്. അവിടെയെങ്ങും ഈശ്വര ചൈതന്യത്തിന് ഒരു മങ്ങലുമേറ്റിട്ടില്ല. ശബരിമല മേൽശാന്തി നിയമനത്തിലെ വിവേചനത്തിനെതിരെ ബി.ഡി.ജെ.എസ് സംസ്ഥാന നേതാക്കൾ സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസ സമരം നടത്തിയിരുന്നു. മറ്റ് രാഷ്ട്രീയ കക്ഷികളൊന്നും ഇതെക്കുറിച്ച് അഭിപ്രായം പറയാൻ പോലും തയാറായിട്ടില്ല. ഇതിൽനിന്ന് അവരുടെയൊക്കെ മനസിലിരുപ്പ് വളരെ വ്യക്തമാണ് . അയിത്തം,​ അനാചാരം തുടങ്ങിയവയ്‌ക്ക് എതിരെയുള്ള പ്രക്ഷോഭങ്ങളിൽ വിശാലഹൃദയരും പുരോഗമനകാംക്ഷികളുമായ സവർണരും പിന്നാക്കക്കാർക്കൊപ്പം നിന്നു എന്നതും കേരളത്തിന്റെ ചരിത്രം.

ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ഒരു ക്ഷേത്രത്തിൽ നിത്യാരാധനയ്ക്ക് ഒരാളെ ഏർപ്പെടുത്തണമെന്ന് നിർദ്ദേശിച്ചപ്പോൾ കൂടിനിന്നവരിൽ ഒരാൾ ഒരു നമ്പൂതിരിയെ ഏർപ്പെടുത്താമെന്ന് മറുപടി പറഞ്ഞു.

ഗുരു മന്ദസ്മിതം തൂകിക്കൊണ്ട് ''അപ്പോൾ പോയതൊക്കെ മടങ്ങി വരുമല്ലോ'' എന്ന് മാത്രമാണ് ഉരിയാടിയത്. ശ്രീകോവിലിൽ കയറുന്ന തനിക്കാണ് ഈശ്വരനുമായി അടുത്ത സ്ഥാനമെന്നും മറ്റുള്ളവർ കുറഞ്ഞ തട്ടിലുള്ളവരാണെന്നും ബോദ്ധ്യപ്പെടുത്താൻ സാമ്പത്തിക കാരണങ്ങളാൽ ചില പൂജകർ ശ്രമിക്കും. ഇത് മനസിൽവച്ചാവും ഗുരു അങ്ങനെ പ്രതിവചിച്ചത്. അങ്ങനെ പോയതൊന്നും പഴയപടി തിരിച്ചുവരാൻ അനുവദിച്ചുകൂടാ. നിഷ്‌പക്ഷരും സ്വതന്ത്രമായി ചിന്തിക്കുന്ന എല്ലാ വിഭാഗങ്ങളിലുള്ളവരും ഇതിനെതിരെ മുന്നോട്ട് വരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EZHAVA MELSANTHI INSULTED
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.