SignIn
Kerala Kaumudi Online
Thursday, 25 April 2024 9.06 PM IST

തിരിച്ചറിവിന്റെ തീരുമാനം

photo

പാർലമെന്റ് പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചതായി ഗുരു നാനാക് ജയന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം ഇന്ത്യ എല്ലാ അർത്ഥത്തിലും ജനാധിപത്യ രാജ്യമാണെന്ന യാഥാർത്ഥ്യം ഒാരോ പൗരനെയും ഒരിക്കൽക്കൂടി ബോദ്ധ്യപ്പെടുത്തി. ഏകാധിപത്യശെെലിക്ക് പോകാവുന്ന ഒരു ദൂരമുണ്ട് ഇന്ത്യയിൽ. അതിനപ്പുറം പോകുന്ന ഏതു പാർട്ടിയും നേതാവും കടപുഴകി വീഴും. അങ്ങനെ വീഴാൻ വെെകുന്നത് ചില ചുവപ്പൻ രാജ്യങ്ങളിലാണെന്ന് ചരിത്രത്തെ നിഷ്പക്ഷമായി വീക്ഷിക്കുന്നവർക്ക് തിരിച്ചറിയാം. ഇന്ദിരാഗാന്ധി ഇത് തിരിച്ചറിയാൻ അടിയന്തരാവസ്ഥയും തുടർന്നുള്ള പതനവും വേണ്ടിവന്നു. പരിണിതപ്രജ്‌ഞനായതിനാൽ മോദി അത് കുറച്ച് നേരത്തേ തിരിച്ചറിഞ്ഞു. കഴിഞ്ഞ ഏഴുവർഷത്തിനിടയിൽ ഇതാദ്യമായാണ് മുന്നോട്ടുവച്ച കാൽ മോദി പിന്നോട്ട് വലിച്ചത്. ഇതിനെ ഒരു മുട്ടുമടക്കലായി ചിത്രീകരിക്കുന്നത് ശരിയല്ല. ജനങ്ങളാണ് ഏറ്റവും വലിയ അധികാരകേന്ദ്രമെന്ന വസ്തുത പാർലമെന്റിലെ ഭൂരിപക്ഷത്തിന്റെ എണ്ണം നോക്കിയല്ലാതെ അംഗീകരിച്ചതിലൂടെ കേന്ദ്ര സർക്കാർ ചില പാഠങ്ങൾ ഉൾക്കൊള്ളാൻ തുടങ്ങിയെന്ന് പ്രതീക്ഷിക്കാനും വക നൽകുന്നു.

ഉപതിരഞ്ഞെടുപ്പുകളിലെ തിരിച്ചടികളിലൂടെ അടിതെറ്റുന്നതിന്റെ ലക്ഷണങ്ങൾ കണ്ടപ്പോൾ, അടുത്തവർഷം ആദ്യം യു.പിയും പഞ്ചാബും ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ ഇലക്ഷനിൽ ചിത്രം മാറിമറിഞ്ഞാൽ 2024 ന്റെ വിധിനിർണയം കൂടിയാകും അതെന്ന് ഭരണകക്ഷി മനസിലാക്കാൻ വലിയ രാഷ്ട്രീയ ഉൾക്കാഴ്‌ചയൊന്നും ആവശ്യമില്ല. യു.പി ബി.ജെ.പിക്ക് നഷ്ടമാവുകയും പഞ്ചാബിൽ ആം ആദ്മി വരികയും കൂടി ചെയ്താൽ കാൽച്ചോട്ടിലെ മണ്ണൊലിച്ച് പോകാൻ അധികനേരം വേണ്ടിവരില്ലെന്ന തിരിച്ചറിവാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രത്തെ പ്രേരിപ്പിച്ചതെന്ന് കരുതാം.

മൂന്ന് നിയമങ്ങളും കർഷകരുടെ ജീവിതസാഹചര്യങ്ങൾ തകർക്കാനാണ് കൊണ്ടുവന്നതെന്ന് കുറ്റപ്പെടുത്താനാവില്ല.

ഇടനിലക്കാരെ ഒഴിവാക്കി കർഷകന് രാജ്യത്തെവിടെയും ഉയർന്ന വില കിട്ടുന്നിടത്ത് ഉത്‌പന്നങ്ങൾ വിൽക്കാൻ ഇടയാക്കുന്നതാണ് നിയമങ്ങൾ. പക്ഷേ അത് ഇന്ത്യൻ സാഹചര്യത്തിൽ നടപ്പാവുന്ന ഒന്നല്ല. ഇന്ത്യൻ സാഹചര്യങ്ങൾക്ക് യോജിക്കാത്ത നിയമങ്ങൾ വിദേശ മാതൃക ഉൾക്കൊണ്ട് പല വകുപ്പുകളിലും ഇവിടെ നടപ്പാക്കുന്നുണ്ട്. മോട്ടോർ വാഹന രംഗത്തെ നിയമങ്ങളിലെ വലിയ പിഴകൾ സാധാരണ ഇന്ത്യക്കാരൻ പത്തുവർഷം അദ്ധ്വാനിച്ചാലും ഉണ്ടാക്കാനാവില്ല. നഗരങ്ങളിൽ ജനിച്ച് വിദേശത്ത് പഠിച്ച് മന്ത്രിസ്ഥാനങ്ങളിലും മറ്റും എത്തുന്നവർക്ക് ഇതൊക്കെ ആവശ്യമാണെന്ന് തോന്നിയേക്കാം. എന്നാൽ ഇന്ത്യൻ നിരത്തുകളുടെ അവസ്ഥയും പുതിയ നിയമങ്ങളും പൊരുത്തപ്പെടുന്നില്ലെന്ന വസ്തുത സാധാരണക്കാരൻ ഉറ്റുനോക്കുക തന്നെ ചെയ്യും.

സ്വാതന്ത്യം കിട്ടി 75 വർഷം കഴിയുമ്പോൾ ആധുനിക നിയമങ്ങൾ രൂപീകരിക്കുന്ന നിങ്ങൾ ജനങ്ങൾക്ക് വേണ്ടി ചെയ്യേണ്ടതിന്റെ പകുതിയെങ്കിലും നിറവേറ്റിയോ എന്ന ചോദ്യം ഉത്തരംകിട്ടാതെ ബാക്കിയാവുകയാണ്. വികസിത രാജ്യങ്ങളുടെ ചുവടുപിടിച്ച് ഗ്യാസിന്റെ സബ്സിഡി ഏതാണ്ട് നിറുത്തലാക്കിയ നിലയിലാണ്. അത് സാധാരണക്കാർക്ക് ഉണ്ടാക്കിയ ആഘാതം വളരെ വലുതാണ്. ഇതൊക്കെ സമരമില്ലാതെ തന്നെ കണ്ടറിഞ്ഞ് തിരുത്തുമ്പോഴാണ് പ്രധാനമന്ത്രിയെയും മറ്റും ജനങ്ങൾ കക്ഷിവ്യത്യാസം കൂടാതെ ഇഷ്ടപ്പെടാൻ തുടങ്ങുക. നല്ല ഉദ്ദേശ്യത്തോടെ കൊണ്ടുവരുന്ന പല നിയമങ്ങളും സാധാരണക്കാർക്ക് ഭാരവും കുത്തകകൾക്ക് ഗുണവുമായി മാറുന്നത് ഇന്ത്യൻ സാഹചര്യങ്ങളെ വേണ്ടരീതിയിൽ കണക്കിലെടുക്കാതെ, വേണ്ടത്ര ചർച്ചയും ബോദ്ധ്യപ്പെടുത്തലുമില്ലാതെ കൊണ്ടുവരുന്നതുകൊണ്ടാണ്. കർഷകരുടെ ഏറ്റവും വലിയ ആവശ്യം അവരുടെ ഉത്‌പന്നങ്ങൾക്കെല്ലാം താങ്ങുവില സർക്കാർ നിശ്ചയിച്ച് നിയമപരമായി നടപ്പാക്കണമെന്നാണ്. എന്നാൽ അത് അവഗണിക്കുകയും പകരം അവരെ രക്ഷിക്കാനെന്ന പേരിൽ പുതിയ മൂന്ന് നിയമങ്ങൾ കൊണ്ടുവരികയും ചെയ്തതാണ് കർഷകരെ പ്രകോപിതരാക്കി ഇത്രയും വലിയ സമരത്തിലേക്ക് തള്ളിവിട്ടത്. വെള്ളം കിട്ടാതെ മരിക്കാൻ കിടക്കുമ്പോൾ ഒരിറ്റ് വെള്ളമൊഴിച്ച് കൊടുക്കാതെ വാട്ട‌‌ർ ടാങ്ക് നിർമ്മിക്കാൻ ഒാർ‌ഡറായെന്ന് പറഞ്ഞാൽ സാധാരണക്കാരന് എന്തുതോന്നുമോ അതുതന്നെയാണ് കർഷകർക്ക് പുതിയ നിയമങ്ങളോടും തോന്നിയത്.

കർഷകരുടെ നാൽപ്പത് യൂണിയനുകൾ ചേർന്ന സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ കഴിഞ്ഞവർഷം നവംബർ 26 നാണ് സമരം തുടങ്ങിയത്. ഏതാനും ദിവസം കഴിയുമ്പോൾ സമരത്തിന് ഒരു വയസാകും. ഇൗ സമരത്തിൽ കർഷകർ രാഷ്ട്രീയ കക്ഷികളെ അടുപ്പിച്ചില്ല. ട്രാക്ടറുകളുമായി പഞ്ചാബിൽ നിന്നും മറ്റും കർഷകർ സർക്കാരിനെ വെല്ലുവിളിക്കുന്ന മട്ടിലാണ് എത്തിയത്. സർക്കാരിന്റെ ആദ്യഘട്ടത്തിലെ പ്രതികരണങ്ങളും പൊലീസിനെ ഉപയോഗിച്ചുള്ള ഇടപെടലുകളും കൂടുതൽ പേരെ സമരമുഖത്തേക്ക് കൊണ്ടുവരാൻ ഇടയാക്കി.

അതിശെെത്യം വരുമ്പോൾ സമരം തീർന്നോളുമെന്ന് സർക്കാർ കണക്കുകൂട്ടി. അതുകഴിഞ്ഞ് കൊറോണ പടരുമ്പോൾ പിരിഞ്ഞുപോകുമെന്ന് കരുതി. ഇതൊന്നും സംഭവിച്ചില്ല. ഡൽഹിയിലെ അതിർത്തികളിൽ തടയപ്പെട്ടപ്പോൾ റോഡരികിൽ കുടിൽകെട്ടി അവർ കിടന്നു. അവിടേക്ക് പല സംസ്ഥാനങ്ങളിൽ നിന്നുമായി കർഷകർ വന്നും പോയുമിരുന്നു. ഏതു സമരമായാലും ഒരു പരിധികഴിഞ്ഞ് നീണ്ടാൽ പല അക്രമസംഭവങ്ങൾക്കും ഇടയാക്കും. ചില ഛിദ്രശക്തികൾ സമരക്കാർക്കിടയിൽ നുഴഞ്ഞുകയറി പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇതിനിടയിൽ പഴയ ഖാലിസ്ഥാൻ വാദികൾ സമരക്കാർക്കിടയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാരിന് ഇന്റലിജൻസ് റിപ്പോർട്ട് കിട്ടുകയും വാർത്തകൾ വരികയും ചെയ്തു. സമരത്തെ കരിതേച്ച് കാണിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമമാണിതെന്നാണ് കർഷക നേതാക്കൾ പറഞ്ഞത്. ഇതിന് സമരക്കാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോളെടുത്ത തീരുമാനം നേരത്തേ എടുത്ത് സമരം നീണ്ടിക്കൊണ്ട് പോകാതിരിക്കാനുള്ള രാഷ്ട്രീയ വിവേകം സർക്കാരും കാണിച്ചില്ല. ഇതിനിടയിൽ ലഖീംപൂരിലെ സംഭവം കേന്ദ്ര സർക്കാരിനെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കി. അന്താരാഷ്ട്ര വേദികളിൽ പോലും ഇന്ത്യയുടെ പ്രതിഛായയ്ക്ക് മങ്ങലേൽക്കാൻ കർഷക സമരം ഇടയാക്കി. മുൻ പഞ്ചാബ് മുഖ്യമന്ത്രി കോൺഗ്രസ് വിട്ടുവന്ന് ബി.ജെ.പിയുമായി അടുത്തതും ഭരണകക്ഷിനേതാക്കളെ പല തിരിച്ചറിവുകൾക്കും പ്രേരിപ്പിച്ചു.

കഴിഞ്ഞകാര്യങ്ങൾ തിരുത്താനാവില്ലെങ്കിലും അതിൽനിന്ന് ഭാവിയിലേക്ക് പലതും പഠിക്കാനാവും. സർക്കാർ പിന്മാറിയ സാഹചര്യത്തിൽ സമരത്തിൽ നിന്ന് പിന്മാറാൻ കർഷകരും തയ്യാറാകണം. അവരുടെ ഏറ്റവും വലിയ ആവശ്യമായ താങ്ങുവിലയുടെ കാര്യത്തിൽ സമയം വെെകിപ്പിക്കാതെ കേന്ദ്ര സർക്കാരും തീരുമാനമെടുക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FARMERS PROTEST
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.