SignIn
Kerala Kaumudi Online
Saturday, 20 April 2024 8.02 AM IST

കെട്ടിവയ്ക്കാനുള്ളവയല്ല ഫയലുകൾ

file

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ സന്ദർശനത്തിടെ വകുപ്പുമന്ത്രി വി. ശിവൻകുട്ടി കണ്ടെത്തിയ തീർപ്പാകാത്ത ഫയൽ കൂമ്പാരം അദ്ദേഹത്തെ ഞെട്ടിച്ചെന്നാണ് റിപ്പോർട്ടുകൾ. ഓടിച്ചൊരു പരിശോധനയിൽത്തന്നെ തീരുമാനം കാത്തുകിടക്കുന്ന പതിനയ്യായിരത്തോളം ഫയലുകൾ ശ്രദ്ധയിൽപ്പെട്ടുവത്രെ. പരിശോധനയ്ക്കുശേഷം ജീവനക്കാരുടെ യോഗവും മന്ത്രി വിളിച്ചുകൂട്ടി. കുടിശിക ഫയലുകളിൽ ആറായിരം എണ്ണമെങ്കിലും ഒരുമാസത്തിനകം തീർപ്പാക്കണമെന്ന് കർശന നിർദ്ദേശം നല്കി. മന്ത്രി ഒന്നും കണ്ടില്ലെന്നു ഭാവിക്കുന്ന ആളല്ലാത്തതിനാൽ ഫലം ഉണ്ടാകുമെന്നുതന്നെ കരുതാം. അപേക്ഷ സമർപ്പിച്ചു തീരുമാനം കാത്തിരിക്കുന്ന അദ്ധ്യാപകർക്കും മുൻ അദ്ധ്യാപകർക്കും വകുപ്പിലെ മറ്റു ജീവനക്കാർക്കും പ്രതീക്ഷ പകരുന്ന നിർദ്ദേശമാണ് മന്ത്രിയുടേത്.

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ മാത്രമല്ല, എല്ലാ വകുപ്പുകളിലും ഇതുപോലെ ഫയൽ കൂമ്പാരങ്ങളുണ്ട്. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽത്തന്നെ കുടിശിക ഫയലുകൾ ലക്ഷം കവിയുമത്രെ. പലകുറി ഫയൽ തീർപ്പാക്കൽ യജ്ഞം നടന്നിട്ടും സ്ഥിതി ഇതാണ്. സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ഡിജിറ്റൽ മോഡിലേക്കു പടിപടിയായി മാറിയിട്ടും അതിന്റെ പൂർണ പ്രയോജനം ലഭ്യമാകുന്നില്ല.

ഫയൽ തീർപ്പാക്കാൻ അവലംബിക്കുന്ന കാലഹരണപ്പെട്ട ശൈലിയാണ് ഓഫീസുകളിൽ ഫയൽക്കൂമ്പാരങ്ങൾ സൃഷ്ടിക്കുന്നത്. സേവനാവകാശ നിയമമൊക്കെ ഉണ്ടെങ്കിലും പൊതുജനങ്ങൾ പലകുറി കയറിയിറങ്ങിയാലേ അപേക്ഷയിൽ തീരുമാനമുണ്ടാകൂ.

വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ മന്ത്രി കണ്ടെത്തിയ ഫയലുകളിൽ ഒട്ടുമിക്കവയും സർക്കാരിന്റെ കനിവുതേടി സമർപ്പിക്കപ്പെട്ട അപേക്ഷകളാണ്. അഞ്ചുവർഷം മുൻപ് ഹൃദയശസ്ത്രക്രിയ നടത്തിയതിന് റീഇംബേഴ്സ്‌മെന്റ് തേടി മുൻ ഹെഡ്‌മാസ്റ്റർ സമർപ്പിച്ച അപേക്ഷ സർക്കാർ അനുവദിച്ചതാണ്. തുക നല്‌കാനുള്ള അനുമതിയുമായി. വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ നിന്നാണു തുടർ നടപടി ഉണ്ടാകേണ്ടത്. ഫയൽ ദീർഘകാലമായി അവിടെ കിടക്കുകയാണ്. പെൻഷൻ, പുനർവിന്യാസം, പ്രൊട്ടക്‌ഷൻ, നിയമന അംഗീകാരം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ളവയാണ് കുടിശിക ഫയലുകളിൽ അധികവും. പെൻഷനുവേണ്ടി കാത്തിരിക്കേണ്ടിവരുന്നവരുടെ ദുര്യോഗം പറഞ്ഞറിയിക്കാനാവില്ല. വിരമിക്കുന്ന അന്നുതന്നെ പെൻഷൻ പേപ്പറുകളെല്ലാം കൃത്യമാക്കി കാത്തിരിപ്പുകൂടാതെ പെൻഷൻ ലഭിച്ചിരുന്ന കാലവും ഉണ്ടായിരുന്നു. രേഖകളും മറ്റും വിരമിക്കൽ തീയതിക്കു മുൻപുതന്നെ ചോദിച്ചുവാങ്ങി ഫയൽവേഗം തീർപ്പാക്കുന്ന വകുപ്പുകൾ ഇപ്പോഴുമുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ ഉദ്യോഗസ്ഥർ കസേരകളിൽത്തന്നെ കാണണമെന്ന് നിർദ്ദേശം നല്കിയശേഷമാണ് മന്ത്രി മടങ്ങിയതത്രെ.

ജീവനക്കാരുടെ ഉത്സാഹക്കുറവും ഓഫീസ് മേധാവികളുടെ ശുഷ്കാന്തിയില്ലായ്മയുമാണ് പ്രധാനമായും ഫയൽക്കൂമ്പാരങ്ങൾ സൃഷ്ടിക്കുന്നത്. തങ്ങളുടെ ഓഫീസിന്റെ പ്രവർത്തന മികവ് വിലയിരുത്താൻ കൃത്യമായ സംവിധാനമുണ്ടെങ്കിൽ ഒരിടത്തും ആയിരക്കണക്കിനു കുടിശിക ഫയലുകൾ ഉണ്ടാകില്ല. കൃത്യമായ ഇടവേളകളിൽ കുടിശിക ഫയലുകൾ തീർക്കാനുള്ള അദാലത്തുകൾ സംഘടിപ്പിക്കാവുന്നതാണ്. അപേക്ഷ ഒരു തരത്തിലും അനുവദിക്കാനാവില്ലെങ്കിൽ വിവരം ആദ്യം തന്നെ അപേക്ഷകനെ അറിയിച്ചാൽ അയാൾ കാത്തിരിക്കേണ്ടിവരില്ല.

ഫയലുകൾ തീരുമാനമെടുക്കാതെ മനഃപൂർവം വച്ചുതാമസിപ്പിക്കുന്നവർ ധാരാളമുണ്ട്. അത്തരക്കാരെ കണ്ടുപിടിച്ച് നേർവഴിക്കു കൊണ്ടുവരേണ്ടത് വകുപ്പു മേധാവികളാണ്. നിരന്തര പരിശോധനകളും ചോദിക്കാൻ ആളുണ്ടെന്ന ബോദ്ധ്യവുമുണ്ടെങ്കിൽ കാര്യങ്ങൾ മെച്ചപ്പെടുകതന്നെ ചെയ്യും. സർവീസ് സംഘടനകളുടെ ശക്തിയെ പേടിക്കുന്നതുകൊണ്ടാണ് മേലുദ്യോഗസ്ഥർ ആരെയും അലോസരപ്പെടുത്താത്ത സമീപനം സ്വീകരിക്കുന്നത്.

വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ പ്രവർത്തനം മെച്ചപ്പെടുത്തേണ്ടത് വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിന് ആവശ്യമാണ്. ഒരു മാസത്തിനകം ആറായിരം കുടിശിക ഫയലുകളിൽ തീർപ്പുണ്ടാക്കണമെന്ന വിദ്യാഭ്യാസമന്ത്രിയുടെ നിർദ്ദേശം പ്രാവർത്തികമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക നിരീക്ഷണം വേണ്ടിവരും. ആഴ്ചയിൽ ഒരിക്കലെങ്കിലും പുരോഗതി വിലയിരുത്തുകയും വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FILE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.