SignIn
Kerala Kaumudi Online
Thursday, 25 April 2024 12.09 AM IST

വിമാനക്കൊള്ളയ്ക്ക് പരിഹാരമില്ലേ?

photo

ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും വിശേഷാവസരങ്ങൾക്കായി വിമാന കമ്പനികൾ കാത്തിരിക്കുകയാണെന്നു തോന്നുന്നു. ഉത്സവപ്പറമ്പിലെ തട്ടുകച്ചവടക്കാർ ഇതുതന്നെ അവസരമെന്നു കരുതി വിലകൂട്ടുന്ന തന്ത്രമാണ് വിമാന കമ്പനികളുടേതും. ഗൾഫ് നാടുകളിൽ ഇത് സ്കൂളടപ്പു കാലമാണ്. പ്രവാസികൾ കുടുംബസമേതം നാടുകളിലേക്കു മടങ്ങുന്ന കാലം. നാട്ടിൽ വന്ന് കുടുംബത്തോടും ബന്ധുമി​ത്രാദി​കളോടുമൊപ്പം കുറച്ചുദിവസമെങ്കിലും കഴിയാനാഗ്രഹിക്കുന്നവർക്ക് വിമാനക്കമ്പനികളുടെ കഴുത്തറുപ്പൻ നിരക്കുകൾ കണ്ട് യാത്ര മാറ്റിവയ്ക്കാനേ കഴിയൂ. അത്രയധികമാണ് ഈ സീസണിലെ വിമാന നിരക്കുകൾ. അവസരം മുതലാക്കുന്നതിൽ ഒരു കമ്പനിയും പിറകിലല്ല. ഉയർന്ന നിരക്കു നിശ്ചയിക്കുന്നതിൽ കമ്പനികൾ തമ്മിൽ മത്സരിക്കുന്നതുപോലെ തോന്നും. നാലംഗ കുടുംബത്തിന് നാട്ടിലെത്തണമെങ്കിൽ കിടപ്പാടം തന്നെ തീറെഴുതേണ്ടിവരുമെന്ന സ്ഥിതിയാണ്. രണ്ടുമാസത്തെ അവധിക്കുശേഷം തിരികെ മടങ്ങുമ്പോഴും ഇതേ പ്രശ്നം തന്നെ നേരിടേണ്ടിവരും.

സംസ്ഥാനത്തെ മൂന്നു വിമാനത്താവളങ്ങളിൽ നിന്ന് വിവിധ ഗൾഫ് നഗരങ്ങളിലേക്ക് പറക്കാൻ ജൂലായ് രണ്ടിന് വിമാനക്കമ്പനികൾ ചുമത്തുന്ന ടിക്കറ്റ് നിരക്ക് കഴിഞ്ഞ ദിവസം ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഭീമമായ ഈ കൊള്ള ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എയർ ഇന്ത്യയ്ക്ക് കുത്തകയുണ്ടായിരുന്ന കാലം മുതൽ നടക്കുന്ന ചൂഷണമാണിത്. അന്നും ഈ കൊള്ള നിരക്കുകൾക്കെതിരെ യാത്രക്കാർ പ്രതിഷേധിച്ചിരുന്നു. ഒരു ഫലവുമുണ്ടായില്ല. വിമാനക്കമ്പനികൾക്ക് അതിന് അവകാശമുണ്ടെന്ന നിലപാടാണ് കേന്ദ്ര വ്യോമയാന വകുപ്പിന്റേത്. എയർ ഇന്ത്യയെക്കൂടാതെ നിരവധി വിദേശ എയർലൈനുകൾ വന്നപ്പോഴെങ്കിലും സ്ഥിതി മാറുമെന്നു കരുതി. അപ്പോൾ കൂട്ടം ചേർന്നുള്ള കൊള്ളയടിയായി. ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് ജൂലായ് രണ്ടിന് എയർ ഇന്ത്യ എക്സ്‌പ്രസ് 36400 രൂപ ഈടാക്കുമ്പോൾ ഇതേ വിമാനത്തിൽ ദുബായ്ക്ക് പോകാൻ 9700 രൂപ മതിയാകും. ഒരേ വിമാനം. ഒരേദൂരം. നിരക്കിലാകട്ടെ നാലിരട്ടി വർദ്ധനയും. സാധാരണക്കാർക്കു മനസിലാകാത്തതാണ് നിരക്കിലെ ഈ അന്തരം.

പ്രവാസികളെ ഓർത്ത് കണ്ണീർപൊഴിക്കാത്ത ഭരണാധികാരികളില്ല. ആണ്ടുതോറും അവരെ ക്ഷണിച്ച് വിപുലമായി സമ്മേളനവും ആദരിക്കൽ ചടങ്ങുമൊക്കെ നടക്കാറുമുണ്ട്. ഇത്തരം പ്രവാസി സമ്മേളനങ്ങളിലും ഉത്സവകാലത്തെ അമിത വിമാന നിരക്കുകളെപ്പറ്റി പരാതികൾ ഉയരാറുണ്ട്. മറ്റു പളപളപ്പുകൾക്കിടയിൽ ഇത്തരം ആവശ്യങ്ങൾക്ക് പരിഗണന കിട്ടാറില്ലെന്നതാണ് യാഥാർത്ഥ്യം. മാത്രമല്ല സമ്മേളനത്തി​ൽ സംബന്ധി​ക്കുന്നവരി​ൽ അധി​കവും ഉയർന്ന വി​മാന ടി​ക്കറ്റി​​നെപ്പറ്റി​ അത്രയൊന്നും വേവലാതി​ ഇല്ലാത്തവരുമായി​രി​ക്കും. സാധാരണ പ്രവാസി​കളുടെ കാര്യം അതല്ല. അനേകം പ്രതി​കൂല സാഹചര്യങ്ങളി​ൽ കഷ്ടപ്പെട്ടു വേലചെയ്ത് മി​ച്ചംപി​ടി​ക്കുന്ന പണം കൊണ്ടാണ് വല്ലപ്പോഴുമെങ്കി​ലും അവർ നാട്ടി​ൽ വന്നുപോകുന്നത്. പ്രവാസി​ കാര്യങ്ങൾ നോക്കാൻ പ്രത്യേക വകുപ്പും അതി​നൊരു മന്ത്രി​യുമൊക്കെ ഉണ്ടായി​ട്ടും വർഷങ്ങളായി​ വിമാനക്കമ്പനി​കൾ നടത്തി​ക്കൊണ്ടി​രി​ക്കുന്ന ഈ അനീതി​ക്കു പരി​ഹാരമുണ്ടാക്കാൻ കഴി​യുന്നി​ല്ലെന്നത് കഷ്ടമാണ്. ലോകത്ത് എല്ലായി​ടത്തും വി​മാനക്കമ്പനി​കൾ ഇത്തരത്തി​ലാണ് നഷ്ടം നി​കത്താറുള്ളതെന്നു പറഞ്ഞി​ട്ട് കാര്യമൊന്നുമി​ല്ല. വി​നോദസഞ്ചാരി​കളി​ൽ നി​ന്ന് സീസൺ​ നോക്കി​ ഉയർന്ന നി​രക്ക് ഈടാക്കുന്നതു പോലെയല്ല ഗൾഫി​ലെ പ്രവാസി​കളുടെ മേൽ അധി​ക നി​രക്ക് ചുമത്തുന്നത്. അക്ഷരാർത്ഥത്തി​ൽ രക്തം വി​യർപ്പാക്കി​ നേടുന്ന വേതനത്തി​ന്റെ ഒരു ഭാഗമാണ് വല്ലപ്പോഴും നാട്ടി​ൽ വന്നുപോകാൻ അവർ ചെലവാക്കുന്നത്. ഈ ടി​ക്കറ്റ് കൊള്ളയ്ക്കെതി​രെ വ്യോമയാന വകുപ്പ് ഫലപ്രദമായ നടപടി​കൾ സ്വീകരിക്കുകതന്നെ വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FLIGHT TICKET FARE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.