SignIn
Kerala Kaumudi Online
Saturday, 20 April 2024 8.42 AM IST

ഇനിയും പഠിക്കാനുണ്ട് പ്രളയ പാഠങ്ങൾ

flood

ഓർക്കാപ്പുറത്തുണ്ടായ പ്രകൃതി ദുരന്തത്തിൽ ഒരിക്കൽക്കൂടി പകച്ചുനിൽക്കുകയാണു കേരളം. ചുട്ടുപൊള്ളുന്ന ചൂടിൽ വിളവെടുത്ത നെല്ല് നന്നായി ഉണങ്ങേണ്ട നാളുകൾ പേമാരിയുടെയും വെള്ളപ്പൊക്കത്തിന്റെയും തീരാദുരിതത്തിനു വഴിമാറിയപ്പോൾ അന്തിച്ചുനിൽക്കാനേ കഴിയുന്നുള്ളൂ. കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലും ഉണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലുകളിലുമായി ഇരുപത്തേഴുപേർക്കാണ് ജീവൻ നഷ്ടമായത്. മഴക്കെടുതി വലിയ നാശംവിതച്ച ജില്ലകളുമുണ്ട്. അതിതീവ്ര മഴയ്ക്ക് ലഘു മേഘവിസ്‌ഫോടനങ്ങളാണ് കാരണമെന്ന് കാലാവസ്ഥാ പണ്ഡിതർ പറയുന്നു. മൂന്നുവർഷം മുൻപ് സംസ്ഥാനത്തെ അപ്പാടെ മുക്കിയ പ്രളയത്തിന്റെ ദുരന്തസ്‌മരണകൾ മായുന്നതിനു മുമ്പാണ് തൊട്ടടുത്ത വർഷവും പ്രളയവും ഉരുൾപൊട്ടലുകളും ആവർത്തിച്ചത്. ഈ രണ്ട് പ്രകൃതിദുരന്തങ്ങൾ സൃഷ്ടിച്ച കെടുതികളിൽനിന്ന് പൂർണമായി കരകയറാൻ ഇനിയും സാധിച്ചിട്ടില്ല. അതിനിടയിലാണ് ഇപ്പോഴത്തെ ദുരന്തം. ഏറ്റവും പ്രകൃതിഭംഗിയുള്ള സ്ഥലമെന്നു പുകഴ്‌പെറ്റ കേരളം ഓരോവർഷം കഴിയുന്തോറും അപകടകരമാംവിധം മാറിക്കൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ മാറ്റത്തിനൊപ്പം വിവേചനരഹിതമായ ഭൂവിനിയോഗവും പ്രകൃതിദുരന്തങ്ങളുടെ ആക്കംകൂട്ടുകയാണ്. മണ്ണും മലയും വെട്ടിപ്പിടിച്ചുകൊണ്ടുള്ള ഭ്രാന്തമായ മുന്നേറ്റത്തിന് പ്രകൃതി നല്‌കുന്ന ശിക്ഷയല്ലേ തുടർച്ചയായുണ്ടാകുന്ന ദുരന്തങ്ങൾ. പ്രകൃതിയോടുള്ള അലസവും വിവേചനരഹിതവുമായ സമീപനത്തിൽ മാറ്റംവരുത്തേണ്ട കാലം അതിക്രമിച്ചെന്ന് അടിവരയിടുന്നതാണ് ഈ മുന്നറിയിപ്പുകൾ. പ്രകൃതിദുരന്തങ്ങളിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ അഞ്ഞൂറിലധികം പേർക്കാണ് ജീവൻ നഷ്ടമായത്. പ്രളയത്തിലും ഉരുൾപൊട്ടലുകളിലും വസ്തുവകകൾക്കുണ്ടായ നാശനഷ്ടം അതിഭീമമാണ്. 2018ലെ പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവരിൽ ഇനിയും ഒരു കൂര പോലും കിട്ടാത്തവർ നിരവധിയുണ്ട്.

പ്രകൃതിദുരന്തങ്ങളെ തടുക്കാൻ മനുഷ്യർക്കാവില്ല. ആകെ ചെയ്യാവുന്നത് ദുരന്തങ്ങളുടെ കെടുതികളിൽനിന്ന് ആളുകൾക്ക് സംരക്ഷണം നൽകാമെന്നതാണ്. സർക്കാരിനും സർക്കാർ സംവിധാനങ്ങൾക്കും വലിയ വെല്ലുവിളി തന്നെയാണത്. ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപ്പെട്ടുപോയവരുടെ ഭൗതികശരീരങ്ങൾ വീണ്ടെടുക്കാൻ അഹോരാത്രം പാടുപെട്ട സേനാംഗങ്ങളുടെ സേവനം എക്കാലവും സ്മരിക്കപ്പെടും. അവരോട് തോളോടുതോൾ ചേർന്ന് എല്ലാ രക്ഷാപ്രവർത്തനങ്ങളിലും പങ്കുചേർന്ന നാട്ടുകാരെയും മറക്കാവതല്ല. ഇതുപോലുള്ള ആപത്തുകാലത്ത് എല്ലാം മറന്ന് ഏകമനസോടെ രക്ഷാപ്രവർത്തനങ്ങളിൽ മുഴുകുന്ന മനുഷ്യകൂട്ടായ്മ ഏറ്റവും മഹത്തായ സന്ദേശം തന്നെയാണ് നൽകുന്നത്.

പ്രളയം രൂക്ഷമായ ജില്ലകളിൽ ആയിരക്കണക്കിനു പേർ താത്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുകയാണ്. വെള്ളം ഇറങ്ങുന്നതോടെ ഒട്ടുമിക്കപേരും സ്വന്തം വീടുകളിലേക്കു മടങ്ങും. മടങ്ങിച്ചെല്ലാൻ വീടുകളില്ലാത്തവരും കൂട്ടത്തിലുണ്ട്. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവരാണവർ. ഇങ്ങനെയുള്ളവരുടെ പുനരധിവാസം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനുള്ള ഏർപ്പാടുകൾ ഉണ്ടാകണം. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഇതിനകം സർക്കാർ പ്രഖ്യാപിച്ച നാലുലക്ഷം രൂപ തീരെ തുച്ഛമാണ്. കൂടുതൽ മനുഷ്യത്വമുള്ള സമീപനമാണ് സർക്കാരിൽ നിന്നു പ്രതീക്ഷിക്കുന്നത്.

പ്രകൃതിദുരന്തങ്ങൾ തുടരെ ഉണ്ടായിട്ടും അവ സമർത്ഥമായി നേരിടുന്നതിൽ പാഠം പഠിച്ചില്ലെന്ന വിമർശനം ഇപ്പോഴും ഉയരുന്നു. ദുരന്തങ്ങൾ പ്രവചനാതീതമാണെന്നു പറയാം. എന്നാൽ അവ നേരിടുന്നതിനു വേണ്ട തയ്യാറെടുപ്പുകൾക്ക് ആരുടെയും അനുവാദം വേണ്ടതില്ല. പരിസ്ഥിതിലോല പ്രദേശങ്ങളിലെ ഭൂവിനിയോഗത്തിന് നിയന്ത്രണങ്ങൾ വേണമെന്ന് എത്രയോ കാലമായി വിദഗ്ദ്ധർ പറയുന്നു. അനിയന്ത്രിതമായ മണ്ണെടുപ്പും പാറഖനനവും മറ്റുതരത്തിലുള്ള കൈയേറ്റങ്ങളും തടയുന്നില്ലെങ്കിൽ ഇതുപോലുള്ള ദുരന്തങ്ങൾ ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും. പ്രകൃതിദുരന്തങ്ങളെ നേരിടാനുള്ള ഏറ്റവും നല്ലവഴി പ്രകൃതിയെയും ആവാസവ്യവസ്ഥകളെയും സംരക്ഷിച്ചു നിറുത്തുക എന്നതു തന്നെയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FLOOD
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.