SignIn
Kerala Kaumudi Online
Thursday, 25 April 2024 7.23 PM IST

മേൽപ്പാല നിർമ്മാണം ത്വരിതപ്പെടുത്തണം

photo

അഭൂതപൂർവമായ വാഹനപ്പെരുപ്പത്തിനൊപ്പം നഗരപാതകൾ വികസിപ്പിക്കുന്നില്ലെങ്കിൽ ശ്വാസം മുട്ടിക്കുന്ന ഗതാഗതക്കുരുക്കായിരിക്കും ഫലം. കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളും പട്ടണങ്ങളും ഇന്നു നേരിടുന്ന ഏറ്റവും വലിയ ഗതാഗതപ്രശ്നവും ഇതുതന്നെ. പട്ടണങ്ങളിലെ പാതകൾ വികസിപ്പിക്കുന്നതിന് ഒട്ടേറെ പരിമിതികളുണ്ട്. പിന്നെ മുന്നിൽ തെളിയുന്ന മാർഗം തിരക്കേറിയ ജംഗ്‌ഷനുകളിലും കുപ്പിക്കഴുത്തായ ഇടങ്ങളിലും മേൽപ്പാലങ്ങളോ അടിപ്പാതകളോ പണിയുക എന്നതാണ്. ഇതിനെതിരെയും എതിർപ്പുകൾ സർവസാധാരണമാണ്. എന്നാലും ഇച്ഛാശക്തിയുണ്ടെങ്കിൽ എതിർപ്പുകൾ നേരിട്ട് വികസനവുമായി മുന്നോട്ടുപോകാൻ കഴിയും. ആദ്യം വേണ്ടത് പദ്ധതിയുടെ പ്രാധാന്യവും ആവശ്യകതയും ബോദ്ധ്യപ്പെടുത്തി ജനങ്ങളുടെ പിന്തുണ നേടിയെടുക്കുക എന്നതാണ്.

തിരുവനന്തപുരത്ത് ഏറെ തിരക്കനുഭവപ്പെടുന്ന സ്ഥലങ്ങളിലൊന്നായ അട്ടക്കുളങ്ങര ജംഗ്‌ഷനിൽ ഒരു മേൽപ്പാലം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഏറെ കാത്തിരിപ്പിനുശേഷം അതിനുള്ള ആലോചന ഈയിടെ പ്രയോഗതലത്തിലേക്കു എത്തിയതാണ്. എന്നാൽ വേണ്ടത്ര ഗൃഹപാഠം ചെയ്യാതെയും ഭവിഷ്യത്ത് വിലയിരുത്താതെയും ഉദ്യോഗസ്ഥർ പദ്ധതിയുമായി എത്തിയതോടെ സ്ഥലവാസികളിൽ നിന്ന് പ്രതിഷേധവും എതിർപ്പും ഉയരുകയായിരുന്നു. പൈതൃക തെരുവിലെ അനവധി പാർപ്പിടങ്ങൾ ഇടിച്ചുനിരത്തി അവയ്ക്കു മുകളിലൂടെ മേൽപ്പാലം കെട്ടി ഉയർത്താൻ ശ്രമിച്ചാൽ ഉണ്ടാകാവുന്ന വരുംവരായ്‌കയെക്കുറിച്ച് ആസൂത്രണ വിദഗ്ദ്ധർ ആലോചിച്ചില്ലെന്നു തോന്നുന്നു. ഏതായാലും സ്ഥലവാസികളുടെ എതിർപ്പിനു മുന്നിൽ സർക്കാർ വഴങ്ങുമെന്ന സൂചനകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും കുറച്ചു ദോഷമുണ്ടാക്കും വിധം ബദൽ മാർഗങ്ങളെക്കുറിച്ചാണ് ഇപ്പോഴത്തെ ആലോചന. ഇതൊക്കെ നേരത്തെയും ആകാമായിരുന്നു. ദീർഘവീക്ഷണമില്ലാത്തവർ നഗരാസൂത്രണ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സ്വാഭാവികമായും സംഭവിക്കാവുന്ന ദുരന്തങ്ങളാണ് ഇതൊക്കെ.

തലസ്ഥാനത്തെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള നടപടികൾക്ക് ആക്കം കൂട്ടേണ്ടത് അത്യാവശ്യമാണ്. വാഹനയാത്രക്കാരെ ഏറ്റവും പരിക്ഷീണരാക്കുന്ന മൂന്നു കേന്ദ്രങ്ങളാണ് ശ്രീകാര്യവും പേരൂർക്കടയും ഈഞ്ചയ്ക്കലും. ഈ മൂന്നിടങ്ങളിലും എത്രയും വേഗം മേൽപ്പാലങ്ങൾ വരേണ്ടത് അനിവാര്യമാണ്. വർഷങ്ങളായി അതിനുള്ള നിർദ്ദേശങ്ങൾക്കു പുറത്ത് അടയിരിക്കുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. ഇവയിൽ ശ്രീകാര്യം മേൽപ്പാത വല്ലവിധവും പ്രയോഗപഥത്തിലെത്താറായിട്ടുണ്ട്. ഇനി നിർമ്മാണ ഘട്ടത്തിലേക്കു കടന്നാൽ മതി. രണ്ടു പതിറ്റാണ്ടെങ്കിലുമായി ഇതിനുള്ള ശ്രമം തുടങ്ങിയിട്ട്. അപ്പോഴും പേരൂർക്കട, ഈഞ്ചയ്ക്കൽ മേൽപ്പാലങ്ങൾ കടലാസ് വിട്ട് പുറത്തുവന്നിട്ടില്ല. ഉറപ്പുകൾ മാത്രമാണ് ഇടയ്ക്കിടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

കഴക്കൂട്ടത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർമ്മിച്ച മേൽപ്പാലം അടുത്തമാസം മദ്ധ്യത്തോടെ ഗതാഗതത്തിനു തുറന്നുകൊടുക്കാനിരിക്കുകയാണ്. സംസ്ഥാനത്തെ ഏറ്റവും ദൈർഘ്യമേറിയ ആകാശപ്പാത എത്തുന്നതോടെ ഗതാഗത സംവിധാനങ്ങളിൽ വലിയ മാറ്റമാണ് വരാൻ പോകുന്നത്. നഗരത്തിലേക്കും നഗരത്തിൽ നിന്നു പുറത്തേക്കുമുള്ള വാഹന ഗതാഗതം കൂടുതൽ സുഗമമാകും. ഇതോടൊപ്പം തന്നെ നഗര ഗതാഗതത്തിൽ ഏറെ കുരുക്കുണ്ടാക്കുന്ന ശ്രീകാര്യത്തും പേരൂർക്കടയിലും ഈഞ്ചയ്ക്കലും മേൽപ്പാലങ്ങൾ ഉയർന്നുവരേണ്ടിയിരിക്കുന്നു. എത്രയും വേഗം അവ യാഥാർത്ഥ്യമാവുന്നില്ലെങ്കിൽ ഗതാഗതക്കുരുക്ക് തുടർന്നുകൊണ്ടേയിരിക്കും. നിർമ്മാണവിദ്യകൾ ഏറെ പുരോഗതി പ്രാപിച്ച ഇക്കാലത്ത് സമയബന്ധിതമായി മേൽപ്പാലങ്ങളുടെ നിർമ്മാണം പൂർത്തിയാക്കുന്നത് ശ്രമകരമൊന്നുമല്ല. അതിനായി മുന്നിട്ടിറങ്ങണമെന്നു മാത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FLY OVER
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.