SignIn
Kerala Kaumudi Online
Thursday, 28 March 2024 9.30 PM IST

ഓണക്കാലത്ത് വിഷം തീറ്റിക്കരുത്

photo

തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്കു കൊണ്ടുവന്ന 12750 ലിറ്റർ പാൽ ടാങ്കർ ലോറിക്കൊപ്പം ഭക്ഷ്യസുരക്ഷാവകുപ്പ് പിടിച്ചെടുത്ത വാർത്ത അധികമാരും ശ്രദ്ധിച്ചുകാണില്ല. പരിശോധനയിൽ പാലിൽ യൂറിയ കലർത്തിയതായി കണ്ടെത്തിയിരുന്നു. ഓണക്കാലമായതോടെ ഇവിടെ പാലിന് വൻതോതിൽ ആവശ്യക്കാരുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടാണ് ഈ തരികിട. പാൽ മാത്രമല്ല, പച്ചക്കറികളും പഴങ്ങളും വെളിച്ചെണ്ണയും ഉൾപ്പെടെ അനവധി ഉത്‌പന്നങ്ങൾ അധികൃതമായും അനധികൃതമായും ഈ നാളുകളിൽ സംസ്ഥാനത്തേക്ക് ഒഴുകാറുണ്ട്. ചെക്ക് പോസ്റ്റുകളിൽ പടി കൊടുത്തും രഹസ്യമാർഗങ്ങളിലൂടെയും സംസ്ഥാനത്തെത്തുന്ന മായം ചേർത്ത ഉത്‌പന്നങ്ങൾ ആപത്ശങ്ക കൂടാതെ ആളുകൾ വാങ്ങി ഉപയോഗിക്കുകയാണ്. ഓണക്കച്ചവടത്തിനു പിന്നിലെ മറിമായങ്ങളെക്കുറിച്ച് ഭക്ഷ്യസുരക്ഷാവകുപ്പിനു നല്ല ധാരണയുള്ളതുകൊണ്ടാവാം പാലക്കാട് - കോയമ്പത്തൂർ അതിർത്തിയിലെ മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ യൂറിയ കലർത്തി കൊഴുപ്പിച്ച പാൽ പിടികൂടിയത്. എല്ലാ ചെക്ക് പോസ്റ്റുകളിലും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പതിന്മടങ്ങ് ജാഗ്രത പുലർത്തേണ്ട സമയമാണിത്. അത്രയധികം വ്യാജ ഉത്പന്നങ്ങളാണ് ഓണക്കാലത്ത് സംസ്ഥാനത്തെത്തുന്നത്.

പാലുത്‌പാദനത്തിൽ കേരളം സ്വയംപര്യാപ്തത നേടിക്കഴിഞ്ഞെന്ന് കൃഷിവകുപ്പ് അവകാശപ്പെടുമ്പോഴും ഉത്സവനാളുകളിൽ അയൽ സംസ്ഥാനങ്ങൾ കനിഞ്ഞില്ലെങ്കിൽ ഇവിടെ ക്ഷാമമുണ്ടാകും എന്നതാണ് അവസ്ഥ. പാലുത്‌പാദനം വർദ്ധിപ്പിക്കാൻ കൃഷിവകുപ്പ് ഒട്ടേറെ നടപടികൾ എടുക്കുന്നുണ്ട്. എന്നാൽ ആവശ്യങ്ങൾ പൂർണമായും നേരിടാനായിട്ടില്ലെന്നത് യാഥാർത്ഥ്യമാണ്. ക്ഷീരകർഷകർക്ക് അർഹമായ പ്രോത്സാഹനം ആവശ്യമായിരിക്കുകയാണ്. പശുവളർത്തൽ ആദായകരമായ തൊഴിലായി വികസിക്കണമെങ്കിൽ കൂടുതൽ സഹായവും പരിരക്ഷയും ക്ഷീരകർഷകർക്കു നൽകണം. കൂടുതൽ പേരെ ഈ രംഗത്തേക്ക് ആകർഷിക്കാൻ നടപടികളുണ്ടായാലേ പാലിന്റെ കാര്യത്തിൽ മാത്രമല്ല മറ്റു കാർഷികോത്‌പാദനത്തിലും പരാശ്രയത്വം ഒഴിവാക്കാനാകൂ. വ്യവസായരംഗത്ത് സ്റ്റാർട്ടപ്പുകൾക്കു ലഭിക്കുന്ന പ്രോത്സാഹനം ക്ഷീരമേഖലയിലും ലഭ്യമായാൽ ഉത്‌പാദനം ഇരട്ടിയാകുമെന്നു തീർച്ച.

ഓണക്കാലത്ത് വ്യാജ ഉത്‌പന്നങ്ങളുടെ തള്ളിക്കയറ്റം തടയാൻ വ്യാപകമായ പരിശോധനകൾ അത്യാവശ്യമാണ്.

ഉപഭോക്താക്കൾ ഏറ്റവുമധികം കബളിപ്പിക്കപ്പെടുന്ന സന്ദർഭം കൂടിയാണിത്. പുറത്തുനിന്നെത്തുന്ന പച്ചക്കറികളിലും പഴവർഗങ്ങളിലും മാരകമായ കീടനാശിനികളുടെ സാന്നിദ്ധ്യമില്ലെന്ന് ഉറപ്പുവരുത്താൻ കർക്കശമായ പരിശോധനകൾ ആവശ്യമാണ്. ഇടക്കാലത്ത് ചെക്ക് പോസ്റ്റുകളിൽ ഇതിനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴില്ല. പച്ചക്കറികളിൽ കീടനാശിനി തളിക്കൽ കുറഞ്ഞെന്ന് ഇതിനർത്ഥമില്ല. പരിശോധന നടക്കാത്തതുകൊണ്ട് കൃത്യമായ വിവരങ്ങൾ ലഭിക്കുന്നില്ലെന്നേയുള്ളൂ. വെളിച്ചെണ്ണയാണ് ഏറ്റവുമധികം മായം ചേരുന്ന മറ്റൊരു ഭക്ഷ്യോത്‌പന്നം. ലബ്ധപ്രതിഷ്ഠരായ കമ്പനികളുടെ പേരിൽപ്പോലും വ്യാജവെളിച്ചെണ്ണ വ്യാപകമായി വിറ്റഴിക്കപ്പെടുന്നു. പിടികൂടി കേസെടുത്താൽത്തന്നെ ദിവസങ്ങൾക്കകം മറ്റൊരു പേരിൽ അവ പുറത്തിറങ്ങും. കറിക്കൂട്ടുകൾ, പലവ്യഞ്ജനങ്ങൾ തുടങ്ങി എല്ലാ ഭക്ഷ്യവസ്തുക്കളും മായത്തിന്റെ മായാവലയത്തിൽ നിന്നു മുക്തമല്ല. ഭക്ഷ്യസുരക്ഷാവകുപ്പിലാകട്ടെ,​ സംസ്ഥാനത്തുടനീളം പരിശോധന നടത്താനും വ്യാജന്മാരെ പിടികൂടി കേസെടുക്കാനും വേണ്ടത്ര ഉദ്യോഗസ്ഥരുമില്ല.

മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ പിടികൂടിയ 'യൂറിയ പാൽ" സംസ്ഥാനം നേരിടുന്ന ആപത്തിന്റെ ചെറിയൊരു സൂചന മാത്രമാണ്. മായം കലരാത്ത ഭക്ഷണസാധനങ്ങൾ കഴിക്കാനുള്ള മനുഷ്യന്റെ അവകാശത്തിനു നേരെയുള്ള കടന്നാക്രമണമായി വേണം ഇതുപോലുള്ള സാമൂഹ്യദ്രോഹികളെ കാണാൻ. ഭക്ഷ്യവസ്തുക്കളിൽ മായം കലർത്തുന്നവരോട് ഒരുവിധ ദാക്ഷിണ്യവും കാണിക്കേണ്ടതില്ല. നിയമത്തിൽ പറയുന്ന പരമാവധിശിക്ഷ അർഹിക്കുന്നവരാണവർ. ഓണക്കാലത്ത് മനുഷ്യരെ വിഷം തീറ്റിക്കാതിരിക്കാൻ സർക്കാർ കൂടുതൽ ജാഗ്രത കാണിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FOOD ADULTERATION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.