SignIn
Kerala Kaumudi Online
Friday, 19 April 2024 8.36 AM IST

ജനത്തെ നിന്ദിക്കുന്ന ഇന്ധന നയം

petrol

പരാതിപ്പെടുന്നവരെത്തന്നെ കൂടുതൽ നാണിപ്പിക്കും വിധമാണ് രാജ്യത്ത് ഇന്ധനവില ലക്കും ലഗാനുമില്ലാതെ നിത്യേന കയറിക്കൊണ്ടിരിക്കുന്നത്. വർദ്ധന പൈസക്കണക്കിലാണ്. ഒരാഴ്ചത്തെ കണക്കെടുക്കുമ്പോഴേ വർദ്ധനയുടെ യഥാർത്ഥ മാനം അറിയൂ. കൂടിക്കൂടി മഹാരാഷ്ട്ര, രാജസ്ഥാൻ, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ പെട്രോളിന് നൂറുരൂപയും കവിഞ്ഞുവെന്നാണ് വാർത്ത. കേരളം ഉൾപ്പെടെ മറ്റിടങ്ങളിൽ വില നൂറിലേക്കു കുതിച്ചുകൊണ്ടിരിക്കുകയാണ്. ചരക്കുഗതാഗതത്തിന്റെ മുഖ്യ ഇന്ധനമായ ഡീസൽ വില ഉയർന്നുയർന്ന് ഏതാണ്ട് പെട്രോൾ വിലയുടെ അടുത്തുവരെ എത്തി. ലോകത്തു തന്നെ ഇന്ധനവില ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിരിക്കുകയാണ്.

അഞ്ചു സംസ്ഥാനങ്ങളിൽ ഈയിടെ നടന്ന അസംബ്ളി തിരഞ്ഞെടുപ്പുകാലത്ത് ഇന്ധന വില വർദ്ധിപ്പിക്കാൻ തയ്യാറാകാതിരുന്നത് ജനരോഷം ഭയന്നാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വിലയും ഉയരാൻ തുടങ്ങി. എല്ലാ ദിവസവും വില കൂട്ടിക്കൊണ്ടിരിക്കാൻ മാത്രം അപൂർവ വസ്തുവാണോ ഈ പെട്രോളും ഡീസലും. എണ്ണക്കമ്പനികളാണ് പെട്രോളിയം ഉത്‌പന്നങ്ങളുടെ വില നിശ്ചയിക്കുന്നതെന്നു പറഞ്ഞ് ഒഴിയാൻ സർക്കാരിന് എങ്ങനെ കഴിയും? എണ്ണക്കമ്പനികൾക്കാണ് അതിനു പൂർണ അധികാരമെങ്കിൽ തിരഞ്ഞെടുപ്പു കാലത്തു മാത്രം വില കൂടാത്തതെന്താണ്. ജനങ്ങളെ തീർത്തും പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന ഇന്ധന നയമാണ് കേന്ദ്രം പിന്തുടരുന്നത്. വില എത്ര ഉയർത്തി നിശ്ചയിച്ചാലും അവശ്യക്കാർക്ക് അതു വാങ്ങാതെ നിവൃത്തിയില്ല. ഒഴിവാക്കാനാവാത്ത അവശ്യവസ്തുവായി പെട്രോളിയം ഉത്‌പന്നങ്ങൾ മാറിക്കഴിഞ്ഞു. ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയാണ് അന്താരാഷ്ട്ര വിലയുമായി താരതമ്യപ്പെടുത്തി ബഡായി പറയുന്നത്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന അമിത നികുതി കാരണമാണ് ഇന്ധനങ്ങൾക്ക്
ദുർവഹമായ വില നൽകേണ്ടി വരുന്നതെന്ന പച്ചപരമാർത്ഥം ഏതു കുഞ്ഞിനും മനസിലാകും. വില നിർണയാധികാരം എണ്ണക്കമ്പനികൾക്കാണെന്നു പറയുമ്പോഴും ഉയർന്ന നികുതിയുടെ കാര്യം ഭരണകൂടങ്ങൾ മിണ്ടുകയില്ല. ജി.എസ്.ടിക്കു കീഴിൽ കൊണ്ടുവന്നാൽ വില ഒരുപരിധിവരെ കുറയ്ക്കാനാകും. കേന്ദ്രത്തിനായാലും സംസ്ഥാനങ്ങൾക്കായാലും പെട്രോളിയം ഉത്‌പന്നങ്ങൾ പൊന്മുട്ടയിടുന്ന താറാവു തന്നെയാണ്.

ഡീസലിന്റെ അമിതമായ വിലക്കയറ്റം സൃഷ്ടിക്കുന്ന സാമ്പത്തിക ഭാരം സർവ മേഖലകളിലും പ്രതിഫലിക്കുന്നുണ്ട്. ചരക്കു കടത്തിന് ചെലവു കൂടുന്തോറും അതിന്റെ പ്രത്യാഘാതം വിപണിയെ സമ്മർദ്ദത്തിലാക്കും. അവശ്യ വസ്തുക്കളുൾപ്പെടെ എല്ലാ വസ്തുക്കളുടെയും വില ഉയർന്നുകൊണ്ടേയിരിക്കുന്നതിന്റെ മുഖ്യകാരണവും ഇന്ധന വില തന്നെയാണ്. ക്രൂഡ് ഓയിലിന് 150 ഡോളറായാലും അൻപതോ അറുപതോ ഡോളറായാലും ഇവിടെ പെട്രോളിയം ഉത്‌പന്നങ്ങളുടെ വില ഉയർന്നുതന്നെ. മുപ്പതു ഡോളറായി കുത്തനെ താഴ്‌ന്ന ഘട്ടത്തിൽപ്പോലും അതിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്കു ലഭിച്ചില്ല. തുടർച്ചയായി അഞ്ചാം ദിനത്തിലും കഴിഞ്ഞ ദിവസം പെട്രോളിനും ഡീസലിനും വില വീണ്ടും കൂട്ടിയപ്പോഴും കൂട്ടുപിടിച്ചത് അന്താരാഷ്ട്ര വിലയെയാണ്. അമിത വില ഈടാക്കി ഉത്പന്നങ്ങൾ വിൽക്കുന്നതിനെ കരിഞ്ചന്ത എന്നാണു പറയാറുള്ളത്. അത്തരക്കാരെ ശിക്ഷിക്കാൻ നിയമവും ഉണ്ട്. എന്നാൽ സർക്കാർ തലത്തിലാണെങ്കിൽ ആരും ചോദിക്കില്ല. ഇന്ധനങ്ങളുടെ കാര്യത്തിൽ അതാണ് നടക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FUEL PRICE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.