SignIn
Kerala Kaumudi Online
Friday, 29 March 2024 2.17 PM IST

അതിരുകളില്ലാത്ത പകൽക്കൊള്ള

photo

ആസന്നമായ ഏതാനും നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് ദിവസേനയുള്ള പെട്രോൾ - ഡീസൽ വില വർദ്ധനയിൽനിന്ന് പിന്തിരിഞ്ഞിരിക്കുകയാണെങ്കിലും അങ്ങനെയങ്ങു വിടാൻ ഭാവമില്ലെന്നാണ് കേന്ദ്രം പാചകവാതക വില വീണ്ടും കുത്തനേ ഉയർത്തിയതിൽ നിന്നു മനസിലാകുന്നത്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടർ ഗ്യാസിന് 101.5 രൂപയുടെ വർദ്ധനയാണ് വരുത്തിയത്. 19 കിലോ വരുന്ന ഒരു സിലിണ്ടറിന് കേരളത്തിൽ 2095 മുതൽ 2122 രൂപ വരെയായി. നവംബർ ഒന്നിന് ഒറ്റയടിക്ക് 266 രൂപ കൂട്ടിയതിന്റെ ആഘാതം നിലനില്‌ക്കുമ്പോഴാണ് ഡിസംബർ സമ്മാനമായി നൂറു രൂപയിലധികം വർദ്ധന. ഈ വർഷം പലപ്പോഴായി വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിനുമേൽ 821 രൂപയുടെ അധിക ഭാരമാണ് അടിച്ചേല്പിച്ചത്.

പെട്രോളിയം ഉത്‌പന്നങ്ങളുടെ വില അന്താരാഷ്ട്ര വിപണിയിലെ ഏറ്റക്കുറച്ചിലിന് അനുസൃതമായിട്ടാണെന്നു പറയുന്നത് വെറുതേയാണ്. കാരണം ആഗോളതലത്തിൽ ക്രൂഡ് വില ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. രാജ്യത്തു തന്നെയുള്ള റിഫൈനറികളിൽ ഉത്‌പാദിപ്പിക്കുന്ന പാചകവാതകമാണ് യാതൊരു മാനദണ്ഡങ്ങളുമില്ലാതെ ഏറ്റവും ഉയർന്ന വിലയ്ക്ക് വിറ്റുകൊണ്ടിരിക്കുന്നത്. ഗാർഹികാവശ്യത്തിനുള്ള ഗ്യാസ് വില കൂട്ടിക്കൂട്ടി ആയിരം രൂപയ്ക്കടുത്തെത്തിയതും കഴിഞ്ഞ മാസമാണ്.

ജനാഭിപ്രായം മാനിക്കുന്ന ഒരു ഭരണകൂടവും ഇതുപോലൊരു ചതി കാണിക്കില്ല. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവർ ജീവനോപാധി എന്ന നിലയ്ക്കാണ് ടീസ്റ്റാളും ചെറിയ ഭോജനശാലകളുമൊക്കെ നടത്തുന്നത്. ഒരു സിലിണ്ടർ പാചകവാതകത്തിന് രണ്ടായിരത്തിലധികം രൂപ നല്‌കേണ്ടി വരുമ്പോൾ കച്ചവടത്തിൽ നിന്ന് ആ പാവങ്ങൾക്ക് എന്തു മിച്ചം കിട്ടാനാണ്. സാധനങ്ങൾക്ക് വിലക്കയറ്റം കൊണ്ട് ശ്വാസം മുട്ടുമ്പോൾ പാചകവാതകത്തിന് വില കൂട്ടിക്കൊണ്ടിരിക്കുന്നത് വഞ്ചനയും പിടിച്ചുപറിയുമാണ്. വിലക്കയറ്റം നിയന്ത്രിക്കാൻ പ്രതിജ്ഞാബദ്ധമായ ഭരണകൂടത്തിന് അശേഷം ചേരുന്ന നടപടിയല്ലിത്. ഖജനാവ് നിറയ്ക്കാൻ അനേകം വഴികളുള്ളപ്പോൾ പെടോളിയം ഉത്‌പന്നങ്ങളെ വിടാതെ പിടികൂടുന്നത് സാധാരണക്കാരോട് അശേഷം കരുണയില്ലാത്തതു കൊണ്ടാണ്. ഗ്യാസിന് ഉയർന്ന വില നൽകേണ്ടിവരുന്ന ചായക്കച്ചവടക്കാർ ചായയ്ക്കും ആഹാരസാധനങ്ങൾക്കും വില കൂട്ടാൻ നിർബന്ധിതരാകും.

ജനങ്ങളെ വല്ലാതെ ഞെരുക്കുന്ന കേന്ദ്രത്തിന്റെ ഇന്ധന നയത്തിനെതിരെ വ്യാപകമായ പ്രതിഷേധമുയർന്നിട്ടും കൂസലില്ലാത്തതിന്റെ തെളിവാണിത്. പാർലമെന്റിലെ മികച്ച ഭൂരിപക്ഷം ഏതു ജനവിരുദ്ധ നടപടിയും മാറ്റമില്ലാതെ മുന്നോട്ടു കൊണ്ടുപോകാനുള്ള ലൈസൻസായി കരുതുന്നത് മൗഢ്യമാണ്. അതിനു വലിയ വില നൽകേണ്ടിവരും. ജനാഭിപ്രായത്തിന് വിലയുണ്ടെന്നതിന്റെ തെളിവാണ് പെട്രോൾ - ഡീസൽ വിഷയത്തിൽ കഴിഞ്ഞ മാസം കൈക്കൊണ്ട തീരുമാനം. ഏതാനും ഉപതിരഞ്ഞെടുപ്പുകളിലെ തോല്‌വി വേണ്ടിവന്നു ആ തീരുമാനത്തിലെത്താൻ. പിന്നീട് ഇതുവരെ വില കൂട്ടാൻ ഒരുങ്ങിയില്ലെന്നതിൽ നിന്നുതന്നെ ജനങ്ങളുടെ പ്രതിഷേധം തത്‌‌കാലത്തേക്കെങ്കിലും ഏറ്റു എന്നാണ് അർത്ഥമാക്കേണ്ടത്. ഇന്ധനവില പ്രശ്നത്തിൽ സർക്കാർ നയം ഭൂരിപക്ഷം ജനങ്ങൾക്കും ഉൾക്കൊള്ളാനാവാത്തതാണ്. ഒരു അഭിപ്രായ വോട്ടെടുപ്പ് നടന്നെങ്കിൽ അതു ബോദ്ധ്യപ്പെടും. നിർഭാഗ്യവശാൽ അങ്ങനെയൊരു സംവിധാനം ഇവിടെയില്ല. ഭരണകൂട തീരുമാനങ്ങൾ, അവ എത്രതന്നെ ജനവിരുദ്ധമായാലും അംഗീകരിക്കേണ്ടിവരുന്നു. ഇന്ധന വില ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്താൻ പോലും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഒരുക്കമല്ല. വരുമാനം കുറയുമത്രേ. ഇന്ധനം ഏതായാലും ഒഴിവാക്കാൻ കഴിയാത്തതിനാൽ ആവുന്നത്ര പിഴിയാൻ സർക്കാരിന് അവസരം ലഭിക്കുന്നു. തീവെട്ടിക്കൊള്ളയെന്നല്ലാതെ എന്തു പറയാൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GAS PRICE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.