SignIn
Kerala Kaumudi Online
Thursday, 18 April 2024 8.39 AM IST

മികവോടെ മുന്നോട്ട് പൊതുവിദ്യാഭ്യാസ മേഖല

photo

എസ്.എസ്.എൽസി പരീക്ഷയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാവരെയും അഭിനന്ദിക്കുന്നു. ഉപരിപഠനത്തിന് യോഗ്യത നേടാൻ ആകാത്തവർ ഇനിയും ശ്രമിക്കണം. പരിശ്രമശാലികൾക്ക് വിജയം നേടാനാകും. ജീവിത വിജയമാണ് വലുത്. പരീക്ഷയും മൂല്യനിർണയവും കൃത്യസമയത്ത് നടത്താൻ പിന്തുണ നൽകിയ ഏവർക്കും അഭിനന്ദനങ്ങൾ.

കൊവിഡ് മഹാമാരി മൂലം സ്‌കൂളുകളിൽ പൂർണതോതിൽ നേരിട്ടുള്ള അദ്ധ്യയനം നടത്താൻ സാധിച്ചിരുന്നില്ല. എന്നാൽ 2021 ജൂൺ ഒന്ന് മുതൽ തന്നെ ഓൺലൈൻ, ഡിജിറ്റൽ ക്ലാസ്സുകളും 2021 നവംബർ ഒന്ന് മുതൽ സ്‌കൂളുകളിൽ നേരിട്ടുള്ള അദ്ധ്യയനവും ആരംഭിച്ചിരുന്നു. എങ്കിലും പൂർണതോതിൽ നേരിട്ടുള്ള അദ്ധ്യയനം നടത്താൻ സാധിച്ചില്ലെന്ന വസ്തുത പരിഗണിച്ച് പാഠഭാഗങ്ങളുടെ ആപേക്ഷിക പ്രാധാന്യത്തിൽ ഊന്നൽ നൽകി പുനഃക്രമീകരിച്ച ഫോക്കസ് ഏരിയ രീതി അവലംബിച്ച് ഫോക്കസ് ഏരിയയിൽ നിന്നും 70 ശതമാനവും ഫോക്കസ് ഏരിയയ്ക്ക് പുറത്തുനിന്നും 30 ശതമാനവും ചോദ്യങ്ങൾ ഉൾപ്പെടുത്തി എസ്.എസ്.എൽ.സി ചോദ്യപ്പേപ്പറിന്റെ ഘടനയിൽ മാറ്റം വരുത്തി. 2021ൽ ഒഴിവാക്കിയ ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഈ വർഷം പുനഃസ്ഥാപിക്കാനുമായി.

നമ്മുടെ വിദ്യാലയങ്ങൾ വലിയ ജനപങ്കാളിത്തത്തോടെയാണ് പ്രവർത്തിക്കുന്നത്. സ്‌കൂളിന്റെ പ്രവർത്തനത്തെ സംബന്ധിച്ച നയരൂപവത്‌കരണ പ്രക്രിയയിൽ പൊതുജനങ്ങളുടെ ഇടപെടലിനു വലിയ സാദ്ധ്യതകളാണുള്ളത്. പൊതുജനസമ്മതിയോടെയുള്ള സ്‌കൂളുകളുടെ പ്രവർത്തനം കാര്യക്ഷമവും ക്രിയാത്മകവും ആണെന്നതിനു ധാരാളം ഉദാഹരണങ്ങളുണ്ട്.
നമ്മുടെ സ്‌കൂളുകളിലെ കുട്ടികൾക്ക് മതിയായ സുരക്ഷയും അക്കാഡമിക മുന്നേറ്റവും ഉറപ്പുവരുത്തുക എന്നതാണ് സർക്കാരിന്റെ പ്രഥമലക്ഷ്യം. സിലബസ് അധിഷ്ഠിത പാഠപുസ്തക പഠനത്തോടൊപ്പം കുട്ടിയുടെ നൈസർഗികവും വാസനാപരവും കായികവുമായ വികാസങ്ങളെയും പഠനമെന്ന സങ്കല്പത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. വിവിധ ഘട്ടങ്ങളിലെ മാനസികവും ശാരീരികവുമായ വളർച്ചാവ്യതിയാനങ്ങളും അവഗണിക്കാനാവില്ല. കുട്ടിയുടെ സമ്പൂർണ പഠനകേന്ദ്രമാണ് സ്‌കൂൾ. കുട്ടിയുടെ സാമൂഹികവും വൈയക്തികവുമായ എല്ലാ ഘടകങ്ങളും തിരിച്ചറിയപ്പെടുകയും വിലയിരുത്തപ്പെടുകയും അപാകതകളുണ്ടെങ്കിൽ പരിഹരിക്കപ്പെടുകയും വേണം. ഇത്തരം ഇടപെടൽ വിദ്യാഭ്യാസവകുപ്പുതലത്തിൽനിന്നു മാത്രം നിർവഹിക്കപ്പെടുക സാദ്ധ്യമല്ല. അതിനാൽ സ്‌കൂൾപ്രവർത്തനങ്ങളിൽ നേരത്തേ സൂചിപ്പിച്ച ജനപങ്കാളിത്തം എന്നതുപോലെ വിവിധ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും സഹകരണം ആവശ്യമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സാമൂഹികനീതിവകുപ്പ്, മോട്ടോർവാഹന വകുപ്പ്, പൊലീസ് തുടങ്ങിയ സ്‌കൂളുകളുമായി ബന്ധപ്പെടാവുന്നവയുടെയെല്ലാം സഹകരണം ഉറപ്പാക്കിയിട്ടുണ്ട്.

നമ്മുടെ വിദ്യാലയങ്ങളിലെ ഭൗതികാന്തരീക്ഷം സുരക്ഷിതവും കമനീയവുമായിട്ടുണ്ട്. വീട്ടിൽ ലഭിക്കുന്ന സുരക്ഷയും കരുതലും സ്‌നേഹവും സ്‌കൂളുകളിൽനിന്നും അവർക്കു ലഭിക്കണം. ഇക്കാര്യത്തിൽ അദ്ധ്യാപകരുടെ പങ്ക് വളരെ വലുതാണ്. നമ്മുടെ വിദ്യാലയങ്ങൾക്ക് ഏകീകൃത പ്രവർത്തനരീതി കൈവരിക്കാനും സ്‌കൂൾപ്രവർത്തനങ്ങളുടെ സുഗമമായ ഏകോപനത്തിനും വേണ്ടി ഈ വർഷം മുതൽ സ്‌കൂൾ മാന്വൽ പുറത്തിറക്കുകയാണ്. പാഠ്യപദ്ധതിയുടെ സമയബന്ധിത നിർവഹണത്തിനായി ഈ വർഷം മുതൽ അക്കാഡമിക മാസ്റ്റർപ്ലാനും തയ്യാറാക്കിയിട്ടുണ്ട്. എൽ.പി. തലം മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള സിലബസ് കൃത്യമായി വിശകലനം ചെയ്ത് രൂപപ്പെടുത്തിയിട്ടുള്ള അക്കാഡമിക മാസ്റ്റർപ്ലാൻ ജൂൺ മുതൽതന്നെ വിദ്യാലയങ്ങളിൽ നടപ്പിലാക്കും. ഓരോ സ്‌കൂളിലെയും പ്രാദേശിക സവിശേഷതകൾ കൂടെ കണക്കിലെടുത്താണ് അക്കാഡമിക മാസ്റ്റർപ്ലാൻ നടപ്പിലാക്കേണ്ടത്.


പഠനാനുബന്ധ പ്രവർത്തനങ്ങൾ
പഠനമെന്നത് സിലബസ് അധിഷ്ഠിതമായ പരീക്ഷാവിജയം മാത്രമല്ല. വിദ്യാർത്ഥികളുടെ കലാകായിക മികവുകൾ അംഗീകരിക്കപ്പെടുകയും അതിനുള്ള അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും വേണം. പഠനത്തോടൊപ്പം തന്നെ കുട്ടികളുടെ സർഗാത്മക വളർച്ചയ്ക്കായി നിരവധി പദ്ധതികൾ വിദ്യാഭ്യാസവകുപ്പ് ആവിഷ്‌കരിച്ചിട്ടുണ്ട്. അവയെല്ലാം ഈ വർഷം പൂർണതോതിൽ പ്രവർത്തനക്ഷമമാക്കാനാണ് ഉദ്ദേശിക്കുന്നത്. കലോത്സവവും ശാസ്‌ത്രോത്സവവും കായികമേളയും വിദ്യാരംഗം സർഗോത്സവവുമെല്ലാം സമയബന്ധിതമായിത്തന്നെ സംഘടിപ്പിക്കേണ്ടതുണ്ട്. ഇതോടൊപ്പം പഠനവുമായി ബന്ധപ്പെട്ട വിവിധവിഷയസ്പർശിയായ സെമിനാറുകളും ശില്പശാലകളും നടക്കണം. കുട്ടികൾക്കും അദ്ധ്യാപകർക്കും ഇവയിൽ സജീവമായി പങ്കെടുക്കാനും കഴിയണം.
സ്‌കൂൾകെട്ടിടങ്ങളുടെ സുരക്ഷയും വാഹനങ്ങളുടെ കൃത്യതയും
കുട്ടികളുടെ സുരക്ഷിതത്വവും അവർക്കു ലഭ്യമാകേണ്ട മികച്ച പഠനാന്തരീക്ഷവും കണക്കിലെടുത്ത് സ്‌കൂൾകെട്ടിടങ്ങളുടെയും സ്‌കൂൾവാഹനങ്ങളുടെയും കാര്യത്തിൽ സർക്കാർ കൃത്യമായ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അതു പാലിക്കാൻ എല്ലാ സ്‌കൂൾ അധികൃതരും ബാദ്ധ്യസ്ഥരാണ്. ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിൽനിന്ന് സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങിയശേഷമാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. കെട്ടിടങ്ങളുടെ മേൽക്കൂര സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ പാലിക്കണം. സ്‌കൂളും പരിസരവും വൃത്തിയായി പരിപാലിക്കേണ്ടതും പ്രധാനമാണ്. സ്‌കൂൾ ശുചിയായാൽ മാത്രമേ പഠനാന്തരീക്ഷം അനുകൂലമാവൂ. സ്‌കൂൾവാഹനങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് മോട്ടോർ വാഹനവകുപ്പ് പുറത്തിറക്കിയ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പാക്കണം. നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതകളില്ലാത്ത ഡ്രൈവർമാർ സ്‌കൂൾവാഹനം ഓടിക്കുക, അമിതവേഗത്തിലും അശ്രദ്ധയിലും അലക്ഷ്യമായും വാഹനമോടിക്കുക, മദ്യപിച്ച് വാഹനമോടിക്കുക, വാഹനത്തിൽ ഉൾക്കൊള്ളാവുന്നതിനേക്കാൾ കൂടുതൽ കുട്ടികളെ കയറ്റുക, വാഹനത്തിൽ ഡോർ അറ്റൻഡന്മാർ ഇല്ലാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതാണ്.
നിർദ്ദിഷ്ടയോഗ്യതകളും കാര്യക്ഷമതയുമുള്ള മികച്ച അദ്ധ്യാപകസമൂഹമാണ് നമുക്കുള്ളത്. മാറിവരുന്ന പഠനസാഹചര്യങ്ങളെ ഉൾക്കൊള്ളാനും കാലികമായി സ്വയം നവീകരിക്കാനും അവർക്കു കഴിയുന്നുണ്ട്. എങ്കിലും വകുപ്പുതലത്തിൽ നടത്തപ്പെടുന്ന അദ്ധ്യാപകപരിശീലനം അനിവാര്യമാണ്. ഈ വർഷം അദ്ധ്യാപക സംഗമമെന്ന നിലയിലാണ് അദ്ധ്യാപക പരിശീലനങ്ങൾ സംഘടിപ്പിച്ചത്. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം സ്‌കൂളിലെത്തുന്ന വിദ്യാർത്ഥികളെ പ്രത്യേകമായി പരിഗണിക്കാനുള്ള ഉത്തരവാദിത്വം അദ്ധ്യാപകർക്കുണ്ട്. സ്‌ക്രീൻ അഡിക്‌ഷനു വിധേയരായ കുട്ടികളെ പ്രത്യേകം നിരീക്ഷിക്കണം. ഇത്തവണത്തെ അദ്ധ്യാപക പരിശീലനത്തിൽ ഇക്കാര്യം ഉൾപ്പെടുത്തിയിരുന്നു.
വരുന്ന അക്കാഡമിക വർഷം മികവുറ്റതാക്കി മാറ്റാൻ സർക്കാർ പരിശ്രമിക്കുകയാണ്. അതിന് ഇച്ഛാശക്തി മാത്രം പോരാ, വിദ്യാഭ്യാസപ്രവർത്തകരിലും പൊതുജനങ്ങളിലും നിന്നുള്ള എല്ലാവിധ പിന്തുണയും ആവശ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL EDUCATION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.