SignIn
Kerala Kaumudi Online
Thursday, 25 April 2024 10.48 PM IST

ഗോർബച്ചേവിനെ സ്മരിക്കുമ്പോൾ

gorbachev

നല്ലതെല്ലാം വേഗം മറക്കുകയും നല്ലതല്ലാത്തത് വീണ്ടുംവീണ്ടും ഓർമ്മിച്ച് പ്രതികാരദാഹത്തോടെ പ്രവർത്തിക്കുകയും ചെയ്യുക ആധുനിക കാലഘട്ടത്തിന്റെ ദുര്യോഗമാണ്. ഇതേസ്വഭാവം രാജ്യങ്ങളും പ്രകടിപ്പിക്കുന്നു. സോവിയറ്റ് യൂണിയന്റെ പതനത്തിന് കാരണക്കാരനായ നേതാവെന്ന നിലയിലാണ് കമ്മ്യൂണിസ്റ്റ് നേതാക്കന്മാർ പോലും ഗോർബച്ചേവിനെ വിലയിരുത്തുന്നത്. സോവിയറ്റ് യൂണിയൻ 15 സ്വതന്ത്ര റിപ്പബ്ളിക്കുകളായി ചിതറി മാറിയതിന്റെ കാരണക്കാരനല്ല, നിമിത്തം മാത്രമാണ് ഗോർബച്ചേവ്. ഒരുപക്ഷേ ഒരു വൻശക്തിയുടെ അധികാരം തലയ്ക്കുപിടിക്കാത്ത ചരിത്രത്തിലെ ആദ്യത്തെ പ്രസിഡന്റ് എന്നുപോലും ഗോർബച്ചേവിനെ വിശേഷിപ്പിക്കാം.

ഏകാധിപത്യത്തിന്റെയും ഭയത്തിന്റെയും ഇരുമ്പുമറ കാലക്രമത്തിൽ തുരുമ്പിക്കും. അതിന് സാമൂഹ്യ, സാമ്പത്തിക, സാംസ്കാരിക, മാനുഷിക ഘടകങ്ങളും ഒത്തുചേർന്നുവരും. ആ മാറ്റങ്ങളുടെ വേലിയേറ്റത്തിന് രാസത്വരകമായി പ്രവർത്തിക്കാൻ ഒരു നേതാവ് ഉണ്ടായിവരും. അത് ചരിത്രത്തിന്റെയും പ്രകൃതിയുടെയും അനിവാര്യതയാണ്. വിധിവശാൽ ഗോർബച്ചേവ് ആ മാറ്റത്തിന്റെ മുഖമായിനിന്നു. അന്നുവരെ പിന്തുടർന്നിരുന്ന പാതയുടെ വൈകല്യങ്ങൾ തിരിച്ചറിഞ്ഞ് അതിൽനിന്നുമാറി ഒരു പുതിയ ലോകത്തിന്റെ നിർമ്മിതിക്കായി അതുവരെ ഒരു കമ്മ്യൂണിസ്റ്റ് നേതാവും സഞ്ചരിക്കാത്ത പാതയിലൂടെയാണ് ഗോർബച്ചേവ് നീങ്ങിയത്. പാർട്ടി സർവാധിപത്യത്തിലുള്ള ഭരണം വൻശക്തിയെന്ന ഇമേജ് പുറംലോകത്തിന് നൽകുമ്പോഴും ആ രാജ്യത്തെ ജനങ്ങൾ അനുഭവിക്കുന്ന സ്വാതന്ത്ര്യ‌മില്ലായ്മയും സാമ്പത്തിക തിരിച്ചടികളും തൊഴിലാളിവർഗ സർവാധിപത്യമെന്ന ലേബലിൽ നേതാക്കന്മാരുടെ സ്വേച്ഛാധിപത്യവും അഴിമതിയും മുതലാളിത്ത ജീവിതരീതികളും കണ്ട് കണ്ണടച്ച് ഒരുപക്ഷേ ദീർഘകാലം പ്രസിഡന്റായി തുടരാമായിരുന്നു ഗോർബച്ചേവിന്. തന്റെ മുൻഗാമികളെപ്പോലെ അതല്ല അദ്ദേഹം ചെയ്തത്. പെരിസ്ട്രോയിക്ക എന്ന പുനർ നിർമ്മാണത്തിലൂടെയും ഗ്ളാസ്‌നോസ്ത് എന്ന തുറന്നിടൽ സമീപനത്തിലൂടെയും സ്വാതന്ത്ര്യ‌ത്തിന്റെയും ജനാധിപത്യത്തിന്റെയും ജീവവായു സ്വന്തം രാജ്യത്തിനും അതിലൂടെ ലോകത്തിന് മുഴുവനും പകരുകയാണ് ഗോർബച്ചേവ് ചെയ്തത്. ജനാധിപത്യമെന്നാൽ എന്തെന്നറിയാത്ത ജനതയ്ക്ക് മുന്നിലാണ് ഗോർബച്ചേവ് പത്രസ്വാതന്ത്ര്യ‌ത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യ‌ത്തിന്റെയും വാതിലുകൾ തുറന്നിട്ടത്. അതിനകംതന്നെ തുരുമ്പെടുത്തിരുന്ന ഇരുമ്പുമറ അതോടെ തകർന്നുവീണു. ഒപ്പം ഒരേരാജ്യത്ത് ജനിച്ച ജനതയെ രണ്ടായി പകുത്തുനിറുത്തിയിരുന്ന ജർമ്മൻ മതിലും. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും അവസാന പ്രസിഡന്റുമായിരുന്ന ഗോർബച്ചേവ് 1991-ൽ അതുവരെ അശാന്തിയുടെ കാർമേഘങ്ങളുയർത്തി ലോകത്തിന് മീതെ നിന്നിരുന്ന നിഴൽയുദ്ധമായ ശീതയുദ്ധത്തിന് കൂടിയാണ് വിരാമമിട്ടത്. നേതാക്കന്മാരുടെ വ്യക്തിഗതമായ അഹങ്കാരമല്ല ജനങ്ങളുടെ വ്യക്തഗതമായ സാമ്പത്തിക പുരോഗതിയും സ്വതന്ത്രജീവിതവുമാണ് ഏതു സിദ്ധാന്തത്തേക്കാളും പരമപ്രധാനമെന്ന് ലോകത്തെ പഠിപ്പിക്കുകയും അത് പ്രായോഗികപഥത്തിലെത്തിക്കാൻ യത്നിക്കുകയും ചെയ്ത ഗോർബച്ചേവിന് അതിന്റെപേരിൽ സി.ഐ.എ ചാരൻ എന്നുവരെ പഴി കേൾക്കേണ്ടിവന്നിട്ടുണ്ട്. അമേരിക്കയുമായി ചേർന്ന് ആണവായുധ വ്യാപനത്തിനെതിരായ അന്തരീക്ഷം സൃഷ്ടിച്ചതും അദ്ദേഹത്തിന്റെ മറക്കാൻ പാടില്ലാത്ത സംഭാവനകളിലൊന്നാണ്. ഗോർബച്ചേവ് തുടങ്ങിവച്ച മാറ്റങ്ങൾക്ക് അനുസൃതമായി സാമ്പത്തിക മുന്നേറ്റം ഉണ്ടാകാതിരുന്നതും സ്വന്തം പാർട്ടിയിലെ സ്വേച്ഛാധിപത്യത്തിന്റെ കാവൽക്കാരായ നേതാക്കളുടെ കാലുവാരലും കാരണം രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുകയും പല തുണ്ടുകളായി വിഭജിക്കപ്പെടുകയും ചെയ്തു.

റഷ്യയും പുതിയ റിപ്പബ്ളിക്കുകളും വേഗം മറന്ന പേര് കൂടിയാണ് ഗോർബച്ചേവിന്റേത്. സമാനമല്ലെങ്കിലും ഇന്ത്യയിലും ഇതുപോലെ ഒരു മറവി സംഭവിച്ചിട്ടുണ്ട്. ഇന്ത്യയെ സാമ്പത്തിക വളർച്ചയുടെ പാതയിലേക്ക് തിരിച്ചുവിട്ട നരസിംഹറാവു എന്ന പ്രധാനമന്ത്രിയെ സ്വന്തം പാർട്ടിക്കാരാണ് ആദ്യം മറന്നത്. നല്ലതെല്ലാം വേഗം മറക്കാതിരിക്കാൻ നമ്മളും പഠിക്കേണ്ടതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GORBACHEV
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.