SignIn
Kerala Kaumudi Online
Thursday, 25 April 2024 6.47 PM IST

ഇങ്ങനെയാവണം ഗവർണർ

governor-arif-mohammad-kh

സ്‌ത്രീധന വിപത്ത് കേരളത്തിന്റെ മാത്രം പ്രശ്നമല്ല. ഇതിനെക്കാൾ രൂക്ഷമാണ് മറ്റ് സംസ്ഥാനങ്ങളിൽ. സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ച് ഉൗറ്റം കൊള്ളുന്ന ഭാരതത്തിന്റെ പരിഹരിക്കപ്പെടേണ്ട കൊടിയ വിപത്തുകളിൽ ഒന്നാണത്. നിയമം കൊണ്ട് മാത്രം പരിഹരിക്കാൻ കഴിയുന്നതല്ല ഈ പ്രശ്നം. സ്കൂൾതലം മുതലുള്ള പഠനത്തിലൂടെയും ഭരണാധികാരികളും സാമൂഹ്യ സാംസ്കാരിക രംഗത്തെ ഉന്നതരും മറ്റും നിരന്തരം ഇടപെടുന്നതിലൂടെയും മാത്രമേ ഇത് ഇല്ലാതാക്കാൻ കഴിയൂ. അത്തരം ഒരു ധീരമായ ഇടപെടലാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ‌ഖാൻ സ്‌ത്രീധന വിപത്ത് ചൂണ്ടിക്കാട്ടി ഉപവാസ സമരത്തിന് തുനിഞ്ഞതിലൂടെ നടത്തിയത്. അത് കേരള സർക്കാരിനോ കേന്ദ്ര സർക്കാരിനോ എതിരായ സമരമല്ല. ഈ നാട്ടിലെ ജനങ്ങളുടെ സാംസ്കാരിക ഉന്നമനത്തിനായി നടത്തിയ മനുഷ്യത്വപരമായ ഇടപെടലാണത്.

സംസ്ഥാന ഭരണത്തിന്റെ നിർവഹണാധികാരിയായ ഗവർണർ നേരിട്ട് സമരമുഖത്ത് ഇറങ്ങാൻ പാടില്ലെന്ന് ഭരണഘടനയിൽ പറഞ്ഞിട്ടില്ല. രാജ്‌ഭവനിലിരുന്ന് സംസ്ഥാനഭരണം അട്ടിമറിക്കാനും കുതിരക്കച്ചവടം പ്രോത്സാഹിപ്പിക്കാനുമായി ചില ഗവർണർമാരെങ്കിലും നടത്തിയ ചരടുവലികൾ ചരിത്രത്തിന്റെ ഏടുകളിലുണ്ട്. ഗവർണർ സാധാരണക്കാരിലേക്ക് ഇറങ്ങിവരാൻ പാടില്ലെന്നും ചിലർ വിശ്വസിക്കുന്നു. ഇതെല്ലാം വെറും മുൻവിധികളാണ്. മുൻഗാമികൾ നടന്ന വഴികളിലൂടെ മാത്രമേ ഗവർണർ നടക്കാവൂ എന്ന് വിശ്വസിക്കുന്നത് വെറും യാഥാസ്ഥിതിക ചിന്താഗതിയാണ്. അത്തരം മാമൂലുകളൊക്കെ ഒഴിവാക്കി രാജ്യചരിത്രത്തിൽ അപൂർവമായ ഒരു ആദ്യ മാതൃക സൃഷ്ടിക്കുകയാണ് നമ്മുടെ ബഹുമാന്യനായ ഗവർണർ ആരിഫ് മുഹമ്മദ്‌ഖാൻ ചെയ്തത്. അദ്ദേഹത്തിന്റെ ഉള്ളിലുള്ള കനിവും സ്ത്രീജനങ്ങളോടുള്ള പിതൃസഹജമായ കരുതലുമാണ് ഉപവാസ സമരത്തിലൂടെ വെളിപ്പെട്ടത്. ഉപവാസ സമരത്തിന് മുമ്പ് സ്‌ത്രീധന പീഡനത്തിന്റെ ഇരയായി ജീവൻ നഷ്ടപ്പെട്ട വിസ്‌മയയുടെ വീട് സന്ദർശിക്കാനും അദ്ദേഹം സമയം കണ്ടെത്തി. സ്‌ത്രീധനത്തിനെതിരെ കേരളം കൂടുതൽ ശക്തമായി പ്രതികരിക്കണമെന്നും സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കാത്തവരാണ് കൂടുതലെങ്കിലും ഈ സമ്പ്രദായത്തെ തള്ളിപ്പറയാൻ കേരള സമൂഹം തുനിയുന്നില്ലെന്നും ആ വീട് സന്ദർശിച്ച ശേഷം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെ വ്യാപകമായ ബോധവത്കരണത്തിന് പ്രചാരണം വേണമെന്ന ഗവർണറുടെ ആഹ്വാനം അനുസരിച്ചാണ് ഗാന്ധി സ്മാരകനിധി പ്രവർത്തകർ അദ്ദേഹത്തെ കാണാനെത്തുകയും ഉപവാസം തീരുമാനിക്കുകയും ചെയ്തത്. തൊട്ടതിലും പിടിച്ചതിലുമെല്ലാം രാഷ്ട്രീയം കാണുന്ന കേരളം അത് വിവാദമാക്കി. ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ് ഗവർണർ സമരത്തിന് ഇറങ്ങാൻ ഇടയാക്കിയതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വ്യാഖ്യാനം. ആഭ്യന്തരവകുപ്പ് മാത്രം വിചാരിച്ചാൽ തടയാൻ കഴിയുന്നതല്ല സ്‌ത്രീധന പീഡനങ്ങൾ.

വീടുകളുടെ നാല് ചുവരുകൾക്കുള്ളിലാണ് ആരുമറിയാതെ ഇത്തരം പീഡനങ്ങൾ കൂടുതലും നടക്കുന്നത്. അതിന് സർക്കാരിനെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല. മക്കളെ പണം കായ്‌ക്കുന്ന മരങ്ങളായി വളർത്തിയെടുക്കാൻ ശ്രമിക്കുന്ന മാതാപിതാക്കളാണ് ഇക്കാര്യത്തിലെ ആദ്യ പ്രതികൾ. ജനങ്ങളുടെ മനോഭാവത്തിലാണ് മാറ്റം വരേണ്ടത്. അതിന് ഇത്തരം പ്രചാരണങ്ങളും സമരങ്ങളുമൊക്കെ വേണ്ടിവരും. നാടിന്റെ നന്മ ലക്ഷ്യമാക്കി ഗവർണർ നടത്തിയ ഇടപെടലിനെ രാഷ്ട്രീയഭേദമന്യെ അഭിനന്ദിക്കുകയായിരുന്നു വേണ്ടിയിരുന്നത്. അതിന് പകരം അതും വിവാദമാക്കി മാറ്റി. ഗവർണർ സമരത്തിനിറങ്ങിയത് ശരിയാണോ എന്നാണ് ചിലർ തലപുകച്ച് ചർച്ച ചെയ്യുന്നത്. ഇത് വിഷയത്തിൽ നിന്നുള്ള മാറിപ്പോക്കാണ്. ബിരുദം നൽകുമ്പോൾ സ്‌ത്രീധനം വാങ്ങില്ലെന്ന ബോണ്ട് വാങ്ങണമെന്നും സ്ത്രീധന പരാതി ഉണ്ടായാൽ സർവകലാശാലകൾ ബിരുദം റദ്ദാക്കണമെന്നും ഗവർണർ ഉപവാസ സമരത്തിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞിരുന്നു. വിവാദങ്ങൾ മാറ്റിവച്ച് അത് നടപ്പാക്കാനാണ് സർക്കാർ അടിയന്തരമായി നടപടിയെടുക്കേണ്ടത്. അങ്ങനെ ചെയ്താൽ ഇങ്ങനെയാവണം ഗവർണർ എന്ന് ഭാവിതലമുറ പറയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVERNOR ARIF MOHAMMAD KHAN FAST AGAINST DOWRY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.