SignIn
Kerala Kaumudi Online
Thursday, 25 April 2024 4.10 PM IST

ധനസഹായ വിതരണം ബാങ്ക് വഴി മാത്രം

bank

സാധാരണക്കാരെയും ദുർബല ജനവിഭാഗങ്ങളെയും ഉദ്ദേശിച്ചുള്ള സർക്കാരിന്റെ ധനസഹായ പദ്ധതികളിൽ ക്രമക്കേടുകൾ സർവസാധാരണമായ ഒരു കാലമുണ്ടായിരുന്നു. എന്നാൽ ആധാർ സാർവത്രികമാവുകയും ആനുകൂല്യങ്ങൾ ആധാർ അധിഷ്ഠിത ബാങ്ക് അക്കൗണ്ടുകൾ മുഖേനയാക്കുകയും ചെയ്തതോടെ ഇടനിലക്കാരുടെ തട്ടിപ്പ് ഗണ്യമായി നിയന്ത്രിക്കാനായിട്ടുണ്ട്. എന്നാലിപ്പോഴും അതിന് ധാരാളം പഴുതുകളുണ്ടെന്നതിന്റെ തെളിവുകളാണ് മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള തട്ടിപ്പുകളുടെ വാർത്തകൾ. അതീവ സുരക്ഷാ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്ന ട്രഷറികളിലും ബാങ്കുകളിലുമൊന്നും തട്ടിപ്പുകൾ അപൂർവമല്ല. സഹകരണ ബാങ്കുകളിൽ മേൽനോട്ട സംവിധാനങ്ങളുടെ അഭാവം മൂലമുള്ള തട്ടിപ്പുകൾ ധാരാളമുണ്ട്. തിരുവനന്തപുരം വഞ്ചിയൂർ സബ് ട്രഷറിയിൽ ഉൾപ്പെടെ നടന്ന തട്ടിപ്പുകളുമായി ബന്ധപ്പെട്ട കേസുകൾ തീർന്നിട്ടില്ല. നൂറുകോടിയിലധികം രൂപയുടെ തട്ടിപ്പു നടന്ന കരുവന്നൂർ സഹകരണ ബാങ്കിന്റെ ദുരവസ്ഥ സഹകരണ മേഖലയെ പിടിച്ചുകുലുക്കിയിരുന്നു.

തിരുവനന്തപുരം നഗരസഭയിൽ നടന്നുകൊണ്ടിരിക്കുന്ന നൂറുകണക്കിനു തട്ടിപ്പുകൾ വെളിച്ചത്തുവരികയാണ്. ദുർബലവിഭാഗങ്ങളിൽപ്പെട്ട പാവപ്പെട്ട കുട്ടികളിലെത്തേണ്ട കോടിക്കണക്കിനു രൂപയുടെ സ്കോളർഷിപ്പ് ഉദ്യോഗസ്ഥർ തട്ടിയെടുത്തതായാണ് വിവരം. വിവിധ സഹായ പദ്ധതികളിലും വൻതോതിൽ തട്ടിപ്പു നടന്നതിന്റെ വിവരങ്ങളും പുറത്തുവരികയാണ്. പട്ടികജാതി - പട്ടികവർഗ വിഭാഗക്കാർക്കായി നീക്കിവയ്ക്കുന്ന ഫണ്ടിൽ ഒരു ഭാഗം ആസൂത്രിതമായി അപഹരിക്കപ്പെടുന്നു. ഉദ്യോഗസ്ഥരും നഗരസഭാ ഭരണക്കാരും ഉൾപ്പെടെയുള്ള ഗൂഢസംഘമാണ് തീവെട്ടിക്കൊള്ളയ്ക്കു പിന്നിൽ. ഏതാനും പേരെ അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് പൊലീസ് അന്വേഷണം വിപുലമായതോടെയാണ് സംഗതികളുടെ ചുരുളഴിഞ്ഞത്. ഒരു കോടി രൂപയുടെ ഫണ്ട് അപഹരണം നടന്നിട്ടുണ്ടാകാമെന്ന നിഗമനത്തിൽ തുടങ്ങിയ അന്വേഷണം വിപുലമായതോടെയാണ് അവിടെയെങ്ങും ഒതുങ്ങുന്നതല്ല തട്ടിപ്പുകളെന്ന് ബോദ്ധ്യമാകുന്നത്.

സഹായം അനുവദിക്കാൻ നിർബന്ധമായും ഹാജരാക്കേണ്ട ചില രേഖകളുണ്ട്. പ്രായം, ജാതി, വരുമാനം, ഭൂമി ഇല്ലെന്നതിന്റെ രേഖ ഇങ്ങനെ പലതും അനിവാര്യമാണ്. എന്നാൽ അപേക്ഷ പോലും ഇല്ലാതെയും ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നാണു കണ്ടെത്തൽ. അനുവദിച്ചെന്നു രേഖകളിലുള്ള ഫണ്ട് അപ്പാടെ ചെന്നെത്തിയത് പലരുടെയും പോക്കറ്റുകളിലാണ്. രജിസ്റ്ററുകളോ കൃത്യമായ ഓഡിറ്റോ ഒന്നുമില്ലാത്ത ഇടങ്ങളിലാണ് കൂടുതൽ തട്ടിപ്പുകൾ നടന്നതെന്ന് അന്വേഷണത്തിൽ ബോദ്ധ്യമായി. തട്ടിപ്പുകൾ നടത്താൻ എല്ലാവിധ കൃത്രിമങ്ങളും ഉദ്യോഗസ്ഥർ ഉപയോഗിച്ചതിന്റെ തെളിവുകളുമുണ്ട്.

പാവങ്ങൾക്കായുള്ള ക്ഷേമപദ്ധതികളിൽ കൈയിട്ടുവാരുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പതിറ്റാണ്ടിനു മുൻപ് ബീഹാറിൽ നടന്ന കാലിത്തീറ്റ കുംഭകോണം കുപ്രസിദ്ധമാണ്. പാചകവാതക സബ്‌സിഡി ഉൾപ്പെടെ കേന്ദ്ര ഫണ്ടുകൾ വൻതോതിൽ അനർഹരുടെ കൈയിലെത്തുന്നെന്ന് കണ്ടാണ് കേന്ദ്ര സർക്കാർ എല്ലാവിധ ധനസഹായ വിതരണവും ബാങ്ക് അക്കൗണ്ടിലൂടെ മാത്രമാക്കിയത്. വിപ്ളവകരമായ ഈ നടപടിയുടെ ഫലമായി കേന്ദ്രത്തിനുണ്ടായ നേട്ടം ചില്ലറയൊന്നുമല്ല. കുട്ടികൾക്കുള്ള സ്കോളർഷിപ്പ് ഉൾപ്പെടെ ഏതു സഹായവും ഗുണഭോക്താക്കളിൽ നേരിട്ടുതന്നെ എത്തുന്നുണ്ട്. സംസ്ഥാന സർക്കാരും ഈ വഴി പിന്തുടരുന്നെങ്കിലും തദ്ദേശഭരണ സ്ഥാപനങ്ങളിൽ പഴയ സമ്പ്രദായം തുടരുന്നതാണ് വൻ തട്ടിപ്പിന് ഇടയാക്കുന്നത്. പൊതുപണം കൈകാര്യം ചെയ്യുന്ന ഏതു സ്ഥാപനവും സഹായവിതരണം ബാങ്ക് അക്കൗണ്ട് മുഖേന മാത്രമാക്കിയാൽ ഇടയിൽ നിന്ന് പണം തട്ടുന്ന സംഘങ്ങൾക്ക് കടിഞ്ഞാണിടാം. ബാങ്ക് അക്കൗണ്ടും ആധാർ കാർഡുമില്ലാത്ത ആരും സംസ്ഥാനത്ത് കാണില്ല. ഒരു പ്രയാസവുമില്ലാതെ നടപ്പാക്കാൻ കഴിയുന്ന പരിഷ്കാരമാണിത്. കൃത്രിമം കാണിച്ച് പാവപ്പെട്ടവരുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നവരെ പിടികൂടി ജയിലിലടയ്ക്കുകയും വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVT SCHEMES
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.