SignIn
Kerala Kaumudi Online
Tuesday, 16 April 2024 8.33 PM IST

ജനങ്ങൾ വീണ്ടും പ്രളയഭീതിയിൽ

photo

പ്രളയഭീതിയുയർത്തി മദ്ധ്യ, തെക്കൻ ജില്ലകൾ അതിതീവ്രമഴയുടെ പിടിയിലാണ്. നാല് വർഷം മുമ്പുണ്ടായ പ്രളയപ്പേടിയുടെ ഓർമ്മകൾ മായാത്തതിനാൽ ജനങ്ങൾ വളരെ ആശങ്കയിലാണ്. സർവ സന്നാഹങ്ങളുമായി അധികൃതർ രംഗത്തുണ്ടെങ്കിലും കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ നിരവധി പേർക്ക് ജീവഹാനി സംഭവിച്ചു. ഇതിൽ തന്നെ റോഡപകടത്തിലാണ് കുമളി സ്വദേശി വി.എം. ചാണ്ടിയും രണ്ട് പെൺമക്കളും മരണമടഞ്ഞ ദാരുണ സംഭവമുണ്ടായത്. മഴക്കാലത്ത് അതീവ ജാഗ്രതയോടെ വേണം യാത്രചെയ്യാനെന്ന് ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു. പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം കല്ലുപാലത്ത് നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മഴക്കാലത്ത് പരിചിതമല്ലാത്ത റോഡുകളിലൂടെ വാഹനം ഓടിക്കാനുള്ള സാഹചര്യങ്ങൾ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. പലയിടത്തും റോഡും തോടും തമ്മിൽ തിരിച്ചറിയാനാകാത്ത അവസ്ഥയാണ്. മഴക്കാലത്ത് റോഡ് വ്യക്തമായി കാണാനാകാത്തതിനാൽ വലിയ കുഴികളിൽ വീണു തന്നെ വാഹനങ്ങളുടെ നിയന്ത്രണം തെറ്റാനുള്ള സാദ്ധ്യത ഏറെയാണ്. കനത്ത മഴയിൽ അപകട ഭീഷണി നിലനിൽക്കുന്ന സ്ഥലങ്ങളിലൂടെ അതീവ ശ്രദ്ധയോടെ വേണം വാഹനങ്ങൾ ഓടിക്കാൻ. വെളുപ്പാൻ കാലത്തും രാത്രി വൈകിയും കുടുംബസമേത യാത്രകൾ കഴിവതും രണ്ട് മൂന്ന് ദിവസം കൂടി ഒഴിവാക്കുന്നതാണ് നല്ലത്.

നിലവിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ റെഡ്‌ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയുടെ കിഴക്കൻ പ്രദേശമായ വിതുരയിലും മറ്റുമാണ് ജനജീവിതം കൂടുതൽ താറുമാറായിരിക്കുന്നത്. പത്തനംതിട്ടയിൽ നദികളിലും അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുന്നത് ജനങ്ങളുടെ ഭീതി വർദ്ധിപ്പിച്ചിരിക്കുകയാണ്. ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നുണ്ട്. കനത്ത മഴ വടക്കൻ കേരളത്തിലേക്കും വ്യാപിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. മഴ നീണ്ടുനിന്നാൽ കാർഷിക വിളകൾക്കും മറ്റും കൊടിയ നാശമായിരിക്കും സംഭവിക്കുക. ജനങ്ങളും അധികൃതരും സംയുക്തമായി പ്രവർത്തിക്കേണ്ട സന്ദർഭമാണിത്. അധികൃതർ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽ തദ്ദേശ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ അപകട മുന്നറിയിപ്പ് ബോർഡുകൾ വയ്ക്കേണ്ടതാണ്. അതിശക്ത മഴയ്ക്ക് മുന്നറിയിപ്പുള്ളതിനാൽ അധികൃതരുടെ നിർദ്ദേശങ്ങൾ ജനങ്ങൾ വിസമ്മതം കൂടാതെ അനുസരിക്കാനുള്ള പക്വത പ്രകടിപ്പിക്കണം. അതുപോലെ വൈദ്യുതി അപകടങ്ങൾ കൂടാനും ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കാൻ സാദ്ധ്യതയുള്ളതിനാലും ഇക്കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തണം. വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക്ക് നഷ്ടപ്പെട്ടതും ഒഴുക്ക് തടയുന്ന രീതിയിലുള്ള നിർമ്മാണങ്ങളും ഒരു പരിധി വരെ പെട്ടെന്ന് വെള്ളം ഉയരാനുള്ള സാദ്ധ്യത സൃഷ്ടിച്ചിട്ടുണ്ട്. ഇതു പരിഹരിക്കുന്നത് സംബന്ധിച്ച് വിശദമായ ഒരു പഠനം നടത്തേണ്ടതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEAVY RAIN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.