SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.16 AM IST

ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭം

photo

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന ആദ്യ കാലയളവിൽ ഗൾഫ് രാജ്യമായ കുവൈറ്റ് സന്ദർശിച്ചപ്പോൾ ആ നാട്ടിലെ സ്‌ത്രീകളുടെ വസ്‌ത്രധാരണവുമായി ബന്ധപ്പെട്ട ഒരു ചോദ്യം നേരിടേണ്ടിവന്നു. പത്രസമ്മേളനത്തിൽ വിദേശിയായ പത്രലേഖകനാണ് കുവൈറ്റിൽ സ്‌ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന പർദ്ദയാണ് ധരിക്കേണ്ടിവരുന്നതെന്നും കാലഘട്ടത്തിന് അനുസരിച്ച മറ്റ് വസ്‌ത്രങ്ങൾ ധരിക്കാൻ അവരെ അനുവദിക്കേണ്ടതല്ലേ എന്നുമുള്ള ചോദ്യം ഉന്നയിച്ചത്. ചോദ്യത്തിലൂടെ ഇന്ദിരാഗാന്ധിയെ വെട്ടിലാക്കുകയും ഒപ്പം അവിടത്തെ ഭരണകൂടത്തിന് എതിരാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യമാണ് പത്രലേഖകന് ഉണ്ടായിരുന്നത്. എന്നാൽ ഇന്ദിരാഗാന്ധി വളരെ വിദഗ്ദ്ധമായാണ് ഉത്തരം പറഞ്ഞത്. ഓരോ രാജ്യത്തിനും വ്യത്യസ്തമായ സംസ്‌കാരമാണ് ഉള്ളതെന്നും ആ സംസ്ക്കാരത്തിൽ നിന്നാണ് അവിടത്തെ വസ്‌ത്രധാരണരീതി ഉരുത്തിരിഞ്ഞ് വരുന്നതെന്നും മറ്റൊരു രാജ്യത്തെ പ്രധാനമന്ത്രിയായ താൻ അതിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നുമാണ് ഇന്ദിരാഗാന്ധി പറഞ്ഞത്. അത് വളരെ ശരിയായ അഭിപ്രായപ്രകടനമായിരുന്നു.

മതങ്ങൾ അനുശാസിക്കുന്ന വസ്‌ത്രധാരണരീതി നിർബന്ധമായി പിന്തുടരുന്ന രാജ്യങ്ങളുണ്ട്. അതൊന്നുമില്ലാതെ ഇഷ്ടമുള്ള വസ്‌ത്രങ്ങൾ ധരിക്കാൻ സ്വാതന്ത്ര്യ‌മുള്ള രാജ്യങ്ങളുമുണ്ട്. പരിഷ്‌കൃത രാജ്യങ്ങളിലെ വസ്‌ത്രധാരണരീതി എല്ലാ രാജ്യങ്ങളിലും അതേപോലെ ഏർപ്പെടുത്തണമെന്ന് പറയാനാവില്ല. ഇതിൽ മാറ്റം വേണമെന്ന് പറയാൻ അവകാശമുള്ളത് മതം അനുശാസിക്കുന്ന തരത്തിലുള്ള വസ്‌ത്രം ധരിക്കുന്ന സമൂഹത്തിനാണ്. അവർ വസ്‌ത്രത്തേക്കാൾ പ്രാധാന്യം മതതത്വങ്ങൾക്കാണ് നൽകുന്നതെങ്കിൽ അതാണ് അവരുടെ ശരി. മതം അനുശാസിക്കുന്ന തരത്തിലുള്ള വസ്‌ത്രധാരണരീതി നിലവിലുള്ള ഇറാനിൽ രണ്ട് മാസമായി ഹിജാബ് പ്രക്ഷോഭം നടന്നുവരികയാണ്. അവിടത്തെ വനിതകളാണ് ഇതിനെതിരെ തെരുവിലിറങ്ങുന്നത്. 2022 സെപ്തംബർ 16ന് നിയമം അനുശാസിക്കുന്ന വിധം തലമറച്ചില്ലെന്ന പേരിൽ ഔദ്യോഗിക സദാചാര പൊലീസ് അറസ്റ്റ് ചെയ്ത മഹ്‌സ അമീനി എന്ന ഇരുപത്തിരണ്ടുകാരി കസ്റ്റഡിയിൽ മരിച്ചതിനെത്തുടർന്നാണ് ഹിജാബ് വിരുദ്ധ പ്രക്ഷോഭം തുടങ്ങിയതും തുടർന്ന് പ്രക്ഷുബ്ധമായതും. ദിവസങ്ങൾ കഴിയുന്തോറും ഇത് സർക്കാർവിരുദ്ധ പ്രക്ഷോഭമായി മാറുകയും ഏറ്റുമുട്ടലുകളിൽ ഇതുവരെ 469 പേർ മരണമടയുകയും ചെയ്തു. ഇരുപതിനായിരത്തോളം പേർ തടവിലായി. ഇതിന് അനുകൂലമായും പ്രതികൂലമായുമുള്ള പ്രതികരണങ്ങൾ ലോകമെമ്പാടും ഉണ്ടാവുകയും ചെയ്തു.

ഇറാൻ ഭരണകൂടം പ്രക്ഷോഭകർക്ക് വഴങ്ങുന്നു എന്ന സൂചനയാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്നത്. രാജ്യത്തെ സദാചാര പൊലീസിനെ ഇറാൻ പിരിച്ചുവിട്ടതായാണ് വാർത്ത. സദാചാര പൊലീസിന് നീതിന്യായ വകുപ്പുമായി ഒരു ബന്ധവുമില്ലെന്നും പിരിച്ചുവിട്ടെന്നും അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മൊന്റാസേരിയെ ഉദ്ധരിച്ച് ഇറാനിലെ ഇസ്‌ന വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സ്‌ത്രീകളുടെ തല മറയ്ക്കണമെന്ന നിയമം മാറ്റണോ എന്ന വിഷയം പാർലമെന്റും ജുഡിഷ്യറിയും ചർച്ചചെയ്യുകയാണെന്നും വാർത്തയുണ്ട്. മതവും ഭരണകൂടവുമൊക്കെ ജനങ്ങൾക്കു വേണ്ടിയുള്ളതാണ്.

ജനങ്ങളിൽ മഹാഭൂരിപക്ഷവും എതിർത്താൽ ഒരു അനുശാസനത്തിനും പിടിച്ചുനിൽക്കാനാവില്ലെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്.

മതനിയമങ്ങൾക്കും ഭരണകൂട സമീപനങ്ങൾക്കുമൊക്കെ കാലത്തിനനുസരിച്ച് മാറ്റം ആവശ്യമാണ്. സൗദിയിൽപ്പോലും സ്‌ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്ന തരത്തിലുള്ള മാറ്റങ്ങൾ വരുന്നുണ്ട്. അതിനാൽ ഏതു മതത്തിന്റേതായാലും നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ആചാരങ്ങൾ അതേപടി തുടരണമെന്നുള്ള അതിയാഥാസ്ഥിതിക വാദം നിരർത്ഥകമാണ്. ഇറാനിൽ സ്‌ത്രീകൾക്ക് യൂണിവേഴ്സിറ്റി പഠനം അനുവദിച്ചിട്ടുണ്ട്. അവർക്ക് സ്വന്തമായി കാർ ഓടിക്കാം. സർക്കാർ ഓഫീസുകളിൽ അവർക്ക് ജോലിക്കും അർഹതയുണ്ട്. ഇത്രയും സ്വാതന്ത്ര്യം നൽകിയിട്ട് ഹിജാബ് ധാരണം പരിശോധിക്കാൻ സദാചാര പൊലീസിനെ നിയമിച്ച നടപടി ശരിയായില്ലെന്ന് പ്രക്ഷോഭത്തിന് മുമ്പേ ഭരണകൂടം തിരിച്ചറിയേണ്ടതായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HIJAB PROTEST IN IRAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.