SignIn
Kerala Kaumudi Online
Friday, 19 April 2024 2.16 PM IST

അഭിമാനം പകരണം ചരിത്ര പഠനം

photo

ഇന്ത്യയുടെ മഹത്തായ ചരിത്രം അഭിമാനം പകരുന്ന രീതിയിൽ അവതരിപ്പിക്കേണ്ടതിന് പകരം അപകർഷതാബോധം ജനിപ്പിക്കുന്ന രീതിയിലാണ് എഴുതപ്പെടുകയും പഠിപ്പിക്കുകയും ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടിരിക്കുന്നു. ഗുരു ഗോബിന്ദ് സിംഗിന്റെ രക്തസാക്ഷിത്വത്തിന്റെ ഓർമ്മപുതുക്കൽ ചടങ്ങിലാണ് പ്രധാനമന്ത്രി ഈ അഭിപ്രായം പറഞ്ഞത്. ഇന്ത്യയുടെ മഹനീയമായ ചരിത്രം ആത്മവിശ്വാസം ഉയർത്താനും ആത്മാഭിമാനം വർദ്ധിപ്പിക്കാനുമാണ് ഉതകേണ്ടത്. എന്നാൽ ഇടുങ്ങിയ ചിന്താഗതിയുടെ വെളിച്ചത്തിലാണ് അത് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതാകട്ടെ അപകർഷതാബോധം അടിച്ചേല്പിക്കാൻ ഇടയാക്കിയിരിക്കുന്നു. എല്ലാ രീതിയിലുമുള്ള അടിമ ചിന്താഗതിയിൽ നിന്നും രാജ്യത്തെ പൗരന്മാർ മുക്തരാകേണ്ടതുണ്ട്. പുതിയ ഇന്ത്യ ഈ തെറ്റ് തിരുത്തുകയാണ്.

ഭാരതത്തിന്റെ ഉന്നതമായ പാരമ്പര്യവും സംസ്കാരവും അതിന്റെ യഥാർത്ഥ മഹിമയിൽ ചരിത്രപാഠങ്ങളായി ഉൾക്കൊണ്ടാൽ ഇന്ത്യക്കാരന് എവിടെയും തലയുയർത്തിപ്പിടിച്ച് നിൽക്കാൻ മടിക്കേണ്ടിവരില്ല. ഈ നാടിന്റെ ചരിത്രം സത്യസന്ധമായി, വ്യക്തതയോടെ ഉൾക്കൊള്ളാൻ പുതിയ തലമുറയ്ക്ക് കഴിയണം. ഇന്ത്യയുടെ മഹാന്മാരായ പുത്രന്മാരുടെ ത്യാഗം പുതുതലമുറ ചരിത്രപാഠങ്ങളിലൂടെ ഉൾക്കൊള്ളണം. ഇന്ത്യൻ ക്ളാസ്‌ മുറികളിൽ പഠിപ്പിക്കുന്ന ചരിത്രം പലപ്പോഴും വിദേശികളാണ് എഴുതിയിട്ടുള്ളത്. വിദേശാധിപത്യത്തിന്റെ കീഴിൽ വളർന്നതുകൊണ്ടാണ് ഇന്ത്യയ്ക്ക് ഇന്നത്തെ നേട്ടങ്ങൾ കൈവരിക്കാനായതെന്ന് പരോക്ഷമായി സ്ഥാപിക്കുന്ന രീതിയിലുള്ള ചരിത്ര പുസ്‌തകങ്ങൾ ഒരു പ്രകാരത്തിലും പുതുതലമുറയ്ക്ക് ആത്മവിശ്വാസവും അഭിമാനവും പകരാൻ ഇടയാക്കില്ല. ലോകത്തെ മാറ്റിമറിച്ച പല അറിവുകളുടേയും തുടക്കം ഭാരതത്തിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്. ആത്മീയതയുടെയും ശാസ്ത്ര മേഖലകളുടെയും കാര്യത്തിൽ ഭാരതം ആരുടേയും പിറകിലല്ല, മുന്നിലാണ് സഞ്ചരിച്ചിട്ടുള്ളത്. എന്നാൽ ചരിത്ര പുസ്തകങ്ങളിൽ ഇന്നും പ്രാധാന്യം നൽകി പഠിപ്പിക്കുന്നത് വൈസ്രോയിമാരുടെയും അന്യരാജ്യങ്ങളിൽ നിന്ന് കടന്നുകയറിയ ചക്രവർത്തിമാരുടെയും ഭരണപരിഷ്കാരങ്ങളെക്കുറിച്ചാണ് . ഇതിന്റെ ദൂഷ്യം വലിയൊരു പരിധിവരെ വിവിധ തലമുറകളെ പലരീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. പഠനം പൂർത്തിയാക്കി വിദേശങ്ങളിലേക്ക് ചേക്കേറാനുള്ള മനോഭാവം തന്നെ ഇത് വളർത്തിയെടുത്തു. അടിമത്ത മനോഭാവം വർദ്ധിപ്പിക്കാനേ ഇത്തരം ചരിത്ര പുസ്തകങ്ങൾ ഇടയാക്കൂ.

സ്വാതന്ത്ര്യ‌ സമരത്തിന് നേതൃത്വം നൽകിയ നേതാക്കന്മാരിൽ ഏറിയകൂറും വിദേശത്ത് പഠനം നടത്തിയവരായിരുന്നു. ഇംഗ്ളീഷ് വിദ്യാഭ്യാസം നേടിയാലേ ഭാരതത്തിൽ അംഗീകാരം ലഭിക്കൂ എന്ന ധാരണ വലിയരീതിയിൽ ഉറപ്പിക്കാനും ഇതിടയാക്കി. ഇംഗ്ളീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്നവർക്ക് ഇന്നും സമൂഹത്തിൽ മേൽക്കൈ ലഭിക്കാറുണ്ട്. നമ്മുടെ ചരിത്രപുസ്തകങ്ങളിൽ ഏറിയ കൂറും രചിച്ചത് ഇംഗ്ളീഷ് വിദ്യാഭ്യാസം നേടിയവരാണ്. ഇതും പാശ്ചാത്യ വീക്ഷണകോണിൽ കാര്യങ്ങളെ കാണാൻ ഇടയാക്കി. പുതിയ ഇന്ത്യയിൽ ഇതിൽനിന്നൊരു മാറ്റം ആവശ്യമാണ്. ഭാരതത്തിന്റെ അറിവുകൾക്ക് പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ രീതി നടപ്പാവുന്നതിലൂടെ മാത്രമേ ഇതിൽ നിന്നുള്ള മാറ്റമുണ്ടാകൂ. അത് വളരെ പെട്ടെന്ന് സാദ്ധ്യമാക്കാനാവുന്നതല്ല. എന്നാൽ ആ രീതിയിലേക്കുള്ള മാറ്റം തുടങ്ങാൻ ഇനിയും കാലം വൈകിയിട്ടില്ല. നമുക്ക് അഭിമാനം പകരുന്ന രീതിയിൽ തന്നെയാവണം നമ്മുടെ ചരിത്രപഠനം. നിർഭാഗ്യവശാൽ സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസമാണ് ഇപ്പോഴും നടക്കുന്നത്. അതുകൊണ്ടാവും അഭിമാനം പകരുന്നതാവണം ചരിത്രപഠനമെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HISTORY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.