SignIn
Kerala Kaumudi Online
Friday, 19 April 2024 11.20 AM IST

വ്യവസായങ്ങൾ വരാൻ വേണ്ടത്

industry

എല്ലാം പുറത്തുനിന്ന് വാങ്ങുന്ന സംസ്ഥാനമെന്ന പേരാണ് വർഷങ്ങളായി കേരളത്തിനുള്ളത്. ഇത് മാറണമെങ്കിൽ ഇവിടെ വ്യവസായശാലകളുടെ എണ്ണം വർദ്ധിക്കണം. നിർഭാഗ്യവശാൽ രാഷ്ട്രീയവും സാമൂഹ്യവുമായ പല കാരണങ്ങളാൽ ഇവിടെ വ്യവസായങ്ങളുടെ എണ്ണം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുന്നില്ല. വ്യവസായത്തിന് പ്രധാനമായും വേണ്ടത് വൻകിട നിക്ഷേപം നടത്താൻ കഴിവുള്ള സംരംഭകരാണ്. അങ്ങനെയുള്ളവർ ഒട്ടേറെയുണ്ടെങ്കിലും ആശുപത്രികൾ, സ്കൂളുകൾ, സ്വകാര്യ വിൽപ്പനശാലകൾ തുടങ്ങിയ ചില പ്രത്യേക മേഖലയിലല്ലാതെ വൻകിട വ്യവസായ മേഖലയിൽ പണം മുടക്കാൻ പൊതുവേ ആരും മുന്നോട്ട് വരാറില്ല.

സംസ്ഥാനത്തിന്റെ തുടക്കം മുതൽ വ്യവസായസൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിൽ നമുക്ക് പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. പഴയകാര്യങ്ങൾ ചികഞ്ഞ് പരാജയകാരണങ്ങൾ വിലയിരുത്തുന്നതിൽ ഇനി കാര്യമില്ല. ഇനിയെങ്കിലും വൻവ്യവസായങ്ങൾ വരാൻ എന്തുവേണമെന്നാണ് ചിന്തിക്കേണ്ടത്. ആ ലക്ഷ്യത്തിലേക്ക് ഉറച്ച കാൽവയ്പ്പുകൾ വേണമെന്നും അത് വ്യവസായനയത്തിന്റെ ഭാഗമാകണമെന്നും ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സംസ്ഥാന വ്യവസായമന്ത്രി പി. രാജീവിന്റെ കാലയളവിൽ വരുന്ന പുതിയ വ്യവസായനയം ഏറെ പ്രതീക്ഷകൾക്ക് വകനൽകുന്നതാണ്. കേരളത്തിൽ വ്യവസായികൾ നേരിടേണ്ടി വരുന്ന പ്രധാനപ്രശ്നം ഭൂമി ദൗ‌ർലഭ്യമാണ്. അടുത്തിടെയാണ് ഭൂമി തരംമാറ്റത്തിന് തന്നെ അനുവദിച്ചത്. 25 സെന്റിൽ താഴെ അത് സൗജന്യമാണെങ്കിലും അതിന് മുകളിലുള്ളവർക്ക് കനത്തഫീസ് നൽകണം. വ്യവസായ ആവശ്യത്തിന് വേണ്ടിയുള്ള ഭൂമിയുടെ തരംമാറ്റത്തിന് ഇത്രയും ഫീസ് നിശ്ചയിച്ചാൽ നാമമാത്രമായ തുകയ്ക്ക് ഏക്കറ് കണക്കിന് ഭൂമി നൽകാൻ തയാറുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാനാവും സ്വാഭാവികമായും വ്യവസായികൾ താത്‌പര്യപ്പെടുക. അതിനാൽ വ്യവസായങ്ങൾക്കുള്ള ഭൂമി തരംമാറ്റത്തിന് 50 ശതമാനം ഇളവ് നൽകാൻ പുതിയ വ്യവസായനയത്തിന്റെ കരടിൽ നിർദ്ദേശമുള്ളതായി വാർത്തകൾ വന്നിരിക്കുന്നു. അതുപോലെ തന്നെ തരംമാറ്റിയ സ്ഥലത്ത് നിർമ്മിക്കുന്ന കെട്ടിടത്തിന് സ്ക്വയർ ഫീറ്റ് അടിസ്ഥാനത്തിൽ ഇൗടാക്കുന്ന തുക പൂർണ്ണമായും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. ഇതിനായി റവന്യൂ, രജിസ്ട്രേഷൻ, ധനവകുപ്പുകളുമായി വ്യവസായവകുപ്പ് ചർച്ച നടത്തുമെന്ന് അറിയുന്നു. യഥാർത്ഥത്തിൽ സംരംഭകരെ ഏറ്റവും കൂടുതൽ വലയ്ക്കുന്നത് വിവിധ വകുപ്പുകളിൽ കയറിയിറങ്ങി അനുവാദം വാങ്ങേണ്ടി വരുന്ന ഇന്നത്തെ സങ്കീർണമായ അവസ്ഥയാണ്. ഒാരോ വകുപ്പിലും കെെമടക്ക് കൊടുക്കേണ്ടി വരും.

ഏക ജാലകമെന്നൊക്കെ പറയുമെങ്കിലും കാര്യം നടക്കാൻ തദ്ദേശസ്ഥാപനങ്ങൾ, റവന്യൂ വകുപ്പ്, ധനവകുപ്പ്, രജിസ്ട്രേഷൻ, കെ.എസ്.ഇ.ബി, വാട്ടർഅതോറിട്ടി തുടങ്ങിയ വകുപ്പുകളിൽ കയറിയിറങ്ങേണ്ടുന്ന ഇന്നത്തെ അവസ്ഥ ഒഴിവാക്കാൻ വ്യവസായവകുപ്പിന് കഴിഞ്ഞാൽത്തന്നെ വ്യവസായികൾ ആകർഷിക്കപ്പെടും. വ്യവസായികൾക്ക് വിവിധ വകുപ്പുകളിലെ അനുമതിയും ആവശ്യങ്ങളും നേടിക്കൊടുക്കാൻ വ്യവസായവകുപ്പ് ഒരു നോ‌ഡൽ ഒാഫീസറെ നിയമിക്കണം. വിവിധ വകുപ്പുകളുമായുള്ള സഹകരണം നോഡൽ ഒാഫീസർവഴി വ്യവസായ വകുപ്പുതന്നെ നിർവഹിച്ചാൽ പണം മുടക്കുന്നതിനൊപ്പം അനാവശ്യ ടെൻഷൻ വ്യവസായി അനുഭവിക്കേണ്ടിവരുന്ന അവസ്ഥ മാറിക്കിട്ടും. വ്യവസായങ്ങൾ വരാൻ ആദ്യം ചെയ്യേണ്ടത് അതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HOW TO BECOME AN INDUSTRIAL FRIENDLY STATE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.