SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.07 PM IST

റെയിൽവേയുടെ ചിറ്റമ്മ സമീപനം

indian-railway

റെയിൽവേയ്ക്ക് ഏറ്റവും കൂടുതൽ പണം ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇവിടെ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവർ വളരെ കുറവാണ്. മാത്രമല്ല ഇന്ത്യയുടെ ഇങ്ങേയറ്റത്തെ സംസ്ഥാനത്തുനിന്ന് ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലേക്കും ഏറ്റവും കൂടുതൽ യാത്രചെയ്യുന്നതും മലയാളികളാണ്. എന്നാൽ റെയിൽവേ ബോർഡ് ഈ ഒരു വസ്തുത കണക്കിലെടുത്തുള്ള പരിഗണന കേരളത്തോട് കാണിച്ചിട്ടില്ല. ഒരുപക്ഷേ ഒ. രാജഗോപാൽ കേന്ദ്ര റെയിൽവേ സഹമന്ത്രിയായിരുന്ന കാലത്ത് ഒഴികെ.

കേന്ദ്ര റെയിൽവേ വകുപ്പ് ഭരിക്കുന്ന മന്ത്രിയുടെ സംസ്ഥാനത്തിന് വികസനങ്ങൾ വാരിക്കോരി കൊടുക്കാൻ റെയിൽവേ ബോർഡ് എക്കാലത്തും പ്രത്യേക താത്‌പര്യം കാണിച്ചിട്ടുണ്ട്. അതേസമയം റെയിൽവേ വികസനം പിടിച്ചുവാങ്ങുന്നതിൽ കേരളവും പിറകോട്ടാണ്. റെയിൽവേയുടെ ഉന്നത സ്ഥാനങ്ങളിൽ മലയാളികളായ ഉദ്യോഗസ്ഥർ വന്നാൽപ്പോലും അവർ കേരളത്തോട് യാതൊരു താത്‌പര്യവും കാണിക്കില്ലെന്ന് മാത്രമല്ല അർഹതപ്പെട്ടതുകൂടി ചെറിയ തടസങ്ങൾ പറഞ്ഞ് തടയാൻ മടിക്കാറുമില്ല. വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച ശബരി ട്രെയിൻ പാത ഉൾപ്പെടെയുള്ള പലതും കേരളത്തിൽ നടന്നിട്ടില്ല. കഞ്ചിക്കോട്ട് കോച്ച് ഫാക്ടറിയും ജലരേഖയായി. സ്ഥലമെടുത്ത് കൊടുക്കുന്നതിൽ കേരളം അമാന്തം കാണിക്കുന്നു എന്ന ഒരു കാരണമാണ് വികസനം തടയുന്നതിന് എന്നും റെയിൽവേ മുന്നോട്ടുവയ്ക്കുന്നത്. ഇതും പൂർണമായും ശരിയല്ല. കാരണം സ്ഥലമേറ്റെടുത്ത് നൽകിയ ഏറ്റുമാനൂർ - ചിങ്ങവനം പാതയിരട്ടിപ്പ് റെയിൽവേ പൂർത്തിയാക്കിയിട്ടില്ല. ഈ വർഷം മാർച്ചിൽ പൂർത്തിയാക്കുമെന്നാണ് ഏറ്റവും അവസാനം നല്കിയിരിക്കുന്ന ഉറപ്പ്. ഈ ഭാഗം പൂർത്തിയായാൽ എറണാകുളം - കോട്ടയം - തിരുവനന്തപുരം പാത പൂർണമായും ഡബിൾ ലൈനാകും.

റെയിൽവേ വികസനത്തിൽ തമിഴ്‌നാടിനോട് കൂടുതൽ ഇഷ്ടം കാണിക്കുന്ന ബോർഡ് കേരളത്തോട് ചിറ്റമ്മ നയമാണ് പുലർത്തുന്നതെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടിക്കൊണ്ട് 'റെയിൽവേ വികസനം: തമിഴ്‌നാട്ടിൽ നടപ്പാക്കും; കേരളത്തിൽ തരികിട" എന്ന റിപ്പോർട്ട് ഞങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിന് അനുവദിച്ച തുക പോലും പേരിനുമാത്രം ചെലവഴിച്ച് ബാക്കി ലാപ്‌സാക്കി കളയുകയാണ് റെയിൽവേ ചെയ്യുന്നതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. അതേസമയം തമിഴ്‌നാടിന് അനുവദിച്ച തുക പരമാവധി വിനിയോഗിക്കുന്നതിൽ യാതൊരു കുറവും റെയിൽവേ കാണിച്ചിട്ടുമില്ല. കേരളത്തിന് കഴിഞ്ഞ ബഡ്‌ജറ്റിൽ അനുവദിച്ച 871 കോടി രൂപയിൽ പത്തുശതമാനം പോലും വിനിയോഗിച്ചിട്ടില്ല. എന്നാൽ തമിഴ്‌നാടിന് അനുവദിച്ച 2972 കോടിയിൽ 70 ശതമാനം വരെ വികസനത്തിന് ഉപയോഗിക്കുകയും ചെയ്തു. സ്ഥലം ഏറ്റെടുത്ത് നൽകുന്നതുൾപ്പെടെ പദ്ധതികൾക്ക് ആവശ്യമായ കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കേരളവും ശ്രദ്ധ കാണിക്കാറില്ല എന്നതും എടുത്ത് പറയേണ്ടതാണ്. പദ്ധതികൾ തടസപ്പെടുമ്പോൾ കേന്ദ്ര അവഗണനയ്ക്കെതിരെ മുദ്രാവാക്യം മുഴക്കിയതുകൊണ്ട് മാത്രമായില്ല. തമിഴ്‌നാട് ഉൾപ്പടെയുള്ള അന്യസംസ്ഥാനങ്ങൾ ചെയ്യുന്നതുപോലെ കാര്യങ്ങൾ തക്കസമയത്ത് കുറ്റമറ്റ രീതിയിൽ ചെയ്യാൻ പ്രത്യേക ഉദ്യോഗസ്ഥ സംവിധാനം കേരളം ഏർപ്പെടുത്തണം. സ്ഥലമേറ്റെടുത്ത് നല്കിയാൽ 86.5 കിലോമീറ്റർ തിരുവനന്തപുരം - കന്യാകുമാരി പാതയും 69 കിലോമീറ്റർ എറണാകുളം - അമ്പലപ്പുഴ പാതയും 2024 ൽ പൂർത്തിയാക്കാമെന്നാണ് റെയിൽവേ പറയുന്നത്. ഈ ഭൂമി എത്രയും വേഗം എടുത്തുനല്കാൻ മന്ത്രിസഭ പ്രത്യേക താത്‌പര്യമെടുക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDIAN RAILWAY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.