SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.54 PM IST

സ്‌ത്രീസംരക്ഷകർ എവിടെപ്പോയി?

photo

സ്ത്രീകൾക്കെതിരെ പുരുഷന്റെ ദുസൂചകമായ നോട്ടം പോലും കേസെടുക്കാൻ മതിയായ കാരണമാണ്. അങ്ങനെയുള്ളിടത്താണ് ലൈംഗിക ചൂഷണ ആരോപണമുന്നയിച്ച് ഡൽഹിയിൽ ജന്തർമന്ദിറിൽ കഴിഞ്ഞ മൂന്നുദിവസമായി രാജ്യത്തെ മുൻനിര വനിതാ ഗുസ്തിതാരങ്ങൾ സത്യഗ്രഹം നടത്തുന്നത്. ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ചില പരിശീലകരും നിരന്തരം നടത്തുന്ന ചൂഷണത്തിനും പീഡനത്തിനും എതിരെയാണ് അവരുടെ സമരം. ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ബി.ജെ.പി എം.പി ബ്രിജ്‌ഭൂഷൺ ശരൺസിംഗിനെ മാറ്റിനിറുത്തി ആരോപണത്തെപ്പറ്റി അന്വേഷണം നടത്തണമെന്നാണ് അവരുടെ ആവശ്യം. സമരം തുടങ്ങി മൂന്നുദിവസമായിട്ടും അധികാരികളാരും അനങ്ങിയിട്ടില്ല.

ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് എം.പിയും ഭരണകക്ഷി നേതാവുമാകുമ്പോൾ എല്ലാറ്റിനും അതിന്റേതായ സമയവും കാലവും സർവസാധാരണമാണല്ലോ. വനിതാ ഗുസ്തിതാരങ്ങൾ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ അങ്ങേയറ്റം ഗുരുതര സ്വഭാവത്തിലുള്ളതാണ്. കേന്ദ്ര ഭരണാധികാരികളുടെ കണ്ണിൻ മുമ്പിലാണ് അവർ സത്യഗ്രഹമിരിക്കുന്നത്. രാഷ്ട്രത്തിന് ഒളിമ്പിക് മെഡലുൾപ്പെടെ നേടിത്തന്ന പ്രഗത്ഭതാരങ്ങളും അക്കൂട്ടത്തിലുണ്ട്. ദേശീയവും അന്തർദേശീയവുമായ മത്സരങ്ങളിൽ ഇന്ത്യൻ പതാക പാറിച്ച സുവർണതാരങ്ങൾ നീതിക്കായി തെരുവിലിരുന്ന് യാചിക്കേണ്ടിവരുന്ന അസാധാരണ സാഹചര്യമാണ് സംജാതമായിരിക്കുന്നത്. വമ്പന്മാർ ഉൾപ്പെടെയുള്ളവർക്കെതിരെ ഗുസ്തിതാരങ്ങൾ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ നിസാരമായി തള്ളിക്കളയാനാവില്ല. ഫെഡറേഷൻ പ്രസിഡന്റിനും കോച്ചുമാർക്കുമെതിരെ ഉന്നയിക്കപ്പെട്ട ലൈംഗികാതിക്രമ ആരോപണം കേസെടുക്കേണ്ട ഗുരുതരകുറ്റകൃത്യമായി പരിഗണിക്കേണ്ടതാണ്. കഴിഞ്ഞ കുറെക്കാലമായി ഫെഡറേഷൻ ഭാരവാഹികൾ ആരോപണങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.

പ്രസിഡന്റ് മാത്രമല്ല പരിശീലകരും വലിയതോതിൽ തങ്ങളെ ചൂഷണം ചെയ്യുകയാണെന്ന താരങ്ങളുടെ പരാതി അവഗണിക്കാവുന്നതല്ല. കേന്ദ്ര കായികവകുപ്പ് ഗുസ്തിതാരങ്ങളുടെ പരാതി അന്വേഷിക്കാൻ സമിതിയെ നിയമിച്ചിട്ടുണ്ട്. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഭാവിനടപടികളെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തൊലിപ്പുറത്തുള്ള നടപടികൊണ്ട് പ്രശ്നം തീരില്ലെന്നും കേസെടുത്ത് നിയമപ്രകാരം നീങ്ങണമെന്നുമാണ് താരങ്ങളുടെ ആവശ്യം. കായികവകുപ്പ് അതിനു തയ്യാറാവുന്നില്ലെങ്കിൽ പൊലീസിൽ പരാതി സമർപ്പിക്കാനാണ് അവർ ഒരുങ്ങുന്നത്. ലൈംഗികാരോപണങ്ങൾക്ക് നിയമപ്രകാരം തന്നെ വേണം പരിഹാരമുണ്ടാക്കാൻ എന്നത് അംഗീകൃത നടപടിയാണ്. ഫെഡറേഷൻ പ്രസിഡന്റിനും പരിശീലകർക്കുമെതിരെ പരാതി ഉന്നയിക്കുന്നതിന്റെ പേരിൽ ഗുസ്തിതാരങ്ങൾ പലവിധ ഭീഷണി നേരിടുന്നുണ്ട്. ഇതിനിടെ സമരം രാഷ്ട്രീയവത്‌ക്കരിക്കാനുള്ള ചില നീക്കങ്ങളെ താരങ്ങൾ തന്നെ തുടക്കത്തിലേ നിരാകരിച്ചതും കൗതുകമുള്ള വാർത്തയായി. അഭിമാനവും അന്തസും നിലനിറുത്താനായി തങ്ങൾ നടത്തുന്ന ഈ സമരത്തിന് ഒരുതരത്തിലും രാഷ്ട്രീയനിറം നൽകാൻ ആരും ശ്രമിക്കരുതെന്ന അവരുടെ അപേക്ഷ അംഗീകരിക്കപ്പെടേണ്ടതാണ്.

ലോക കായികഭൂപടത്തിൽ തീരെ അഭിമാനിക്കാവുന്ന നിലയിലല്ല നമ്മുടെ രാജ്യം. എന്തിലും ലാഭം മാത്രം കാണുന്ന രാഷ്ട്രീയക്കാരുടെ പിടിയിലാണിപ്പോഴും കായികരംഗം. അതിനൊപ്പമാണ് കായിക പ്രതിഭകൾ നേരിടേണ്ടിവരുന്ന പലതരത്തിലുള്ള നിന്ദയും പീഡനമുറകളും. പൂമാലയിട്ട് ആദരിക്കേണ്ട പ്രതിഭകൾ സ്വന്തം മാനം രക്ഷിക്കാൻവേണ്ടി തെരുവിൽ പോരാടേണ്ടിവരുന്നതു നേർകണ്ണാൽ കണ്ടിട്ടും ഭരണകർത്താക്കൾ വാമൂടി ഇരിക്കുന്നതാണ് ഏറ്റവും വലിയ ദുരന്തം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDIAN WRESTLERS ACCUSE WFI CHIEF, COACHES OF SEXUAL HARASSMENT
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.