SignIn
Kerala Kaumudi Online
Friday, 19 April 2024 4.23 AM IST

ഇൻക്വസ്റ്റ് പൂർത്തിയാക്കാൻ നാലുമണിക്കൂർ

photo

അസ്വാഭാവിക മരണങ്ങളിൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ രാത്രിയിലും നടത്താമെന്ന ഡി.ജി.പിയുടെ സർക്കുലർ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന മനുഷ്യത്വവിരുദ്ധമായ സമ്പ്രദായത്തോടുള്ള വിടപറയലാണ്. മരണം റിപ്പോർട്ട് ചെയ്താൽ നാലുമണിക്കൂറിനകം ഇൻക്വസ്റ്റ് പൂർത്തിയാക്കി ജഡം പോസ്‌റ്റ്‌മോർട്ടത്തിന് അയയ്ക്കണമെന്നാണ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കു നൽകിയ പുതിയ നിർദ്ദേശം. രാത്രിയും പോസ്റ്റ്‌മോർട്ടമാകാമെന്ന സർക്കാർ തീരുമാനത്തെ ഹൈക്കോടതി ശരിവച്ച സാഹചര്യത്തിലാണ് പുതിയ പരിഷ്കാരങ്ങൾ. രാത്രിയിലും ഇൻക്വസ്റ്റ് നടത്താൻ സൗകര്യങ്ങളൊരുക്കാനുള്ള ചെലവ് പൊലീസ് തന്നെ വഹിക്കണം. മൃതദേഹം പോസ്‌റ്റ്‌മോർട്ടം നടത്താൻ ആശുപത്രിയിലെത്തിക്കേണ്ട ചെലവ് വഹിക്കേണ്ടതും പൊലീസ് തന്നെ. ദുഃഖാർത്തരായ കുടുംബാംഗങ്ങൾ തന്നെയാണ് നിലവിൽ ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട സകലതിനുമുള്ള ചെലവുകൾ വഹിക്കുന്നത്. മാത്രമല്ല പൊലീസിനെ തരാതരം പോലെ പ്രസാദിപ്പിക്കേണ്ടതും അവരുടെ കടമയാണ്.

അസ്വാഭാവിക മരണമുണ്ടാകുന്ന കുടുംബങ്ങൾ നേരിടുന്ന യാതനകൾ ചില്ലറയൊന്നുമല്ല. മരണം നടന്നത് വൈകിട്ടോ രാത്രിയിലോ ആണെങ്കിൽ പൊലീസ് നടപടികൾ പൂർത്തിയാക്കാൻ പിറ്റേദിവസം വരെ കാത്തിരിക്കണം. പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചാൽ ഒരു പൊലീസുകാരനെ അസ്വാഭാവിക മരണമുണ്ടായ വീട്ടിലേക്കോ സ്ഥലത്തേക്കോ അയയ്ക്കും. രാത്രി മുഴുവൻ ജഡത്തിനു കാവൽ നിൽക്കേണ്ട ചുമതല ഈ പൊലീസുകാരനാണ്. പിറ്റേന്ന് നേരം പുലർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിവേണം ജഡം പോസ്റ്റുമോർട്ടത്തിന് അയയ്‌ക്കാൻ. ഈ സമയമത്രയും വീട്ടുകാരും ബന്ധുക്കളും അനുഭവിക്കേണ്ടിവരുന്ന സങ്കടവും മനഃക്ളേശവും വാക്കുകൾക്ക് അതീതമാണ്.

വൈദ്യുതി എത്താതിരുന്ന കാലത്താണ് രാത്രികാല പോസ്റ്റ്‌‌മോർട്ടത്തിനു വിലക്കു നിലനിന്നതും പകൽ വെളിച്ചത്തിൽ മാത്രമേ അതു നടത്താവൂ എന്ന രീതി നടപ്പിൽവന്നതും. അനേകം മണിക്കൂറുകൾ നീളുന്ന അതിസങ്കീർണങ്ങളായ നൂതന ശസ്ത്രക്രിയകൾ രാപകലെന്യേ നടക്കുന്ന ഇക്കാലത്ത് രാത്രി പോസ്റ്റ്‌മോർട്ടം വിലക്കേണ്ട കാര്യമില്ലെന്നു ബോദ്ധ്യപ്പെട്ടാണ് സർക്കാർ പുതിയ നിയമം കൊണ്ടുവന്നത്. രാത്രി പോസ്റ്റ്‌മോർട്ടത്തിന് അനുകൂലമായി നീതിപീഠവും നിലപാടെടുത്തു. ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്‌മോർട്ടവും മണിക്കൂറുകൾ വൈകുന്നത് ബന്ധുജനങ്ങളെ മാത്രമല്ല ആകുലരാക്കുന്നത്. മരിച്ചയാളോടുള്ള അനാദരവ് കൂടിയാണതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് എന്നീ സർക്കാർ മെഡിക്കൽ കോളേജുകളിലും കാസർകോട് ജനറൽ ആശുപത്രിയിലുമാണ് രാത്രികാല പോസ്റ്റുമോർട്ടത്തിന് നിലവിൽ സർക്കാർ അനുമതിയുള്ളത്. തീരുമാനം ഏഴുവർഷം മുൻപ് വന്നതാണെങ്കിലും ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ സർക്കാരിനു കഴിഞ്ഞില്ല. തീരുമാനം നടപ്പായതുമില്ല. അതിനിടെയാണ് ചിലർ കോടതിയെ സമീപിച്ചത്.

തടസങ്ങളെല്ലാം മാറിയ സ്ഥിതിക്ക് സർക്കാർ മെഡിക്കൽ കോളേജുകളിൽ രാത്രിയിലും പോസ്റ്റ്‌മോർട്ടം നടത്താനാവശ്യമായ സൗകര്യങ്ങളൊരുക്കാൻ ആരോഗ്യവകുപ്പ് മുന്നോട്ടുവരണം. ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയോഗിക്കണം.

അസ്വാഭാവിക മരണമുണ്ടായാൽ ചുരുങ്ങിയ സമയത്തിനകം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ജഡം ആശുപത്രിയിലെത്തിക്കാൻ പൊലീസും ശുഷ്കാന്തി കാണിക്കണം. ദുരന്തത്തിൽ ആടിയുലയുന്ന വീട്ടുകാർക്ക് ആശ്വാസമരുളുന്നതാണ് ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടവുമായി ബന്ധപ്പെട്ട പുതിയ മാറ്റങ്ങൾ. മാറ്റങ്ങൾ കടലാസിലൊതുക്കി നിറുത്താതെ ജനങ്ങൾക്കു പ്രയോജനപ്പെടുന്ന വിധത്തിൽ പ്രാവർത്തികമാക്കാൻ കൂടി നടപടിയുണ്ടാകണം. പൊലീസ് തലപ്പത്തു നിന്നിറങ്ങുന്ന ജനോപകാരപ്രദമായ സർക്കുലറുകളിൽ പലതും നടപ്പാക്കാതെ പോയ ചരിത്രമാണുള്ളത്. പുതിയ സർക്കുലറിന് ആ ഗതി വരാതിരിക്കട്ടെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INQUEST AND POST MORTEM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.