SignIn
Kerala Kaumudi Online
Sunday, 01 September 2024 4.09 AM IST

പാഠം പഠിച്ചവർക്ക് ഉള്ളതാണ് തിരഞ്ഞെടുപ്പ്

Increase Font Size Decrease Font Size Print Page

d

ഏതു തിരഞ്ഞെടുപ്പും രാഷ്ട്രീയപാർട്ടികൾക്ക് പുതിയ പാഠങ്ങൾ നൽകാറുണ്ട്. പാഠം പഠിക്കുന്നവരും പഠിക്കാൻ കൂട്ടാക്കാത്തവരുമുണ്ട്. അടുത്തവർഷം ആദ്യം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിശേഷിപ്പിക്കപ്പെട്ട അഞ്ചു സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ സംബന്ധിച്ച് നിർണായക പ്രാധാന്യമുള്ളതായിരുന്നു. ഏതു വിധേനയും ബി.ജെ.പിയെ ഭരണത്തിൽ നിന്ന് താഴെയിറക്കുമെന്ന കഠിന വാശിയിൽ നിൽക്കുന്ന കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾക്ക് തങ്ങളുടെ എതിരാളികൾ മൂന്നു സംസ്ഥാനങ്ങളിലും ആധികാരിക വിജയത്തോടെ മുന്നിലെത്തിയത് പരാജിത മനസ്സോടെ കണ്ടുനിൽക്കാനേ കഴിയുന്നുള്ളൂ. ബി.ജെ.പി ഭരണം അവസാനിപ്പിക്കാനായി തട്ടിക്കൂട്ടിയ 'ഇന്ത്യ" മുന്നണി​യുടെ പ്രസക്തി​ തന്നെയാണ് ചോദ്യം ചെയ്യപ്പെട്ടി​രിക്കുന്നത്.

രാജസ്ഥാനി​ലും ഛത്തീസ്‌ഗഢി​ലും കോൺ​ഗ്രസി​ന് ഭരണം കൈവി​ടേണ്ടി​വന്നത് പാർട്ടി​ക്ക് കനത്ത തി​രി​ച്ചടി​ തന്നെയാണ്. ഈ രണ്ടു സംസ്ഥാനങ്ങളി​ലും തി​രഞ്ഞെടുപ്പു ഫലപ്രവചനക്കാർ കോൺ​ഗ്രസി​നാണ് മേൽക്കൈ നൽകി​യി​രുന്നത്. മദ്ധ്യപ്രദേശി​ലാകട്ടെ ഭരണവി​രുദ്ധ വി​കാരത്തി​ന്റെ ചി​റകി​ലേറി​ അധി​കാരം വീണ്ടെടുക്കാമെന്ന വി​ശ്വാസവും കോൺ​ഗ്രസി​നുണ്ടായി​രുന്നു. എന്നാൽ 230ൽ 163 സീറ്റ് നേടി അത്യുജ്ജ്വല വിജയവുമായി മദ്ധ്യപ്രദേശ് ഭരണം ബി.ജെ.പി നിലനിറുത്തിയത് പാർട്ടി നേതൃത്വത്തെപ്പോലും അമ്പരപ്പിച്ചിരിക്കുന്നു. ഭരണ പ്രതീക്ഷ പുലർത്തിയിരുന്ന കോൺഗ്രസാകട്ടെ, വെറും 66 സീറ്റിൽ ഒതുങ്ങി.

2018-ലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി അധികാരത്തിലേറിയ കോൺഗ്രസിന് താമസംവിനാ കാലുമാറ്റം കാരണം ഭരണം നഷ്ടപ്പെട്ടതാണ്. അതിന്റെ പ്രതികാരം തീർക്കാൻ കൂടിയാണ് ഇത്തവണ വർദ്ധിച്ച വീര്യത്തോടെ കളത്തിലിറങ്ങിയത്. എന്നാൽ ബി.ജെ.പിയുടെ സമർത്ഥമായ രാഷ്ട്രീയ നീക്കങ്ങൾ കോൺഗ്രസിന്റെ വെല്ലുവിളി അതിനിശിതമായി അരിഞ്ഞുതള്ളിയിരിക്കുകയാണ്. ഭരണവിരുദ്ധ വികാരം ആവോളമുണ്ടായിട്ടും ബി.ജെ.പി മുന്നറ്റത്തെ പ്രതിരോധിക്കാൻ കോൺഗ്രസിനായില്ല. ഉറച്ച ഭരണത്തിനായുള്ള ജനങ്ങളുടെ അഭിവാഞ്ഛ പ്രതിഫലിപ്പിക്കുന്നതാണ് മദ്ധ്യപ്രദേശിലെ ബി.ജെ.പി വിജയം.

അശോക് ഗെലോട്ട് എന്ന അതികായനിൽ പൂർണ വിശ്വാസമർപ്പിച്ചിരുന്ന കോൺഗ്രസിന് രാജസ്ഥാനിൽ നേരിട്ട പരാജയത്തിൽ നിന്ന് പാർട്ടിക്ക് ഒരുപാടു പാഠങ്ങൾ പഠിക്കാനുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പു വിജയത്തെത്തുടർന്ന് മന്ത്രിസഭാ രൂപീകരണവേളയിൽ പാർട്ടി നേതൃത്വത്തിലുണ്ടായ പൊട്ടിത്തെറിയുടെ ആഘാതം ഇപ്പോഴും നിലനിൽക്കുകയാണ്. ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുണ്ടായിരുന്ന അധികാരത്തർക്കത്തിൽ പാർട്ടിക്കു നഷ്ടപ്പെടേണ്ടിവന്നത് കൈയിലുണ്ടായിരുന്ന ഭരണം തന്നെയാണ്. ഗെലോട്ട് സർക്കാർ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനങ്ങൾക്കു നൽകിയ വലിയ വാഗ്ദാനങ്ങളും അധികം വിലപ്പോയില്ലെന്നു വേണം കരുതാൻ. മുൻ തിരഞ്ഞെടുപ്പിൽ 100 സീറ്റുമായി അധികാരത്തിലേറിയ കോൺഗ്രസിന് ഇക്കുറി 69 സീറ്റിലെ വിജയംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഭൂരിപക്ഷം നേടിയ ബി.ജെ.പിയാകട്ടെ 73-ൽ നിന്ന് 115 സീറ്റിലേക്ക് കുതിച്ചുകയറുകയും ചെയ്തു.

ഛത്തീസ്‌ഗഢിലും ചിത്രം മദ്ധ്യപ്രദേശിലെയും രാജസ്ഥാനിലെയും പോലെ തന്നെയാണ്. ഒരു സർവേയും അവിടെ ബി.ജെ.പിക്ക് അനായാസ വിജയം വച്ചുനീട്ടിയിരുന്നില്ല. എന്നുമാത്രമല്ല കോൺഗ്രസിനാണ് മേൽക്കൈ പ്രവചിച്ചിരുന്നത്. എന്നാൽ രാഷ്ട്രീയ പണ്ഡിതന്മാരെ അമ്പരപ്പിച്ചുകൊണ്ട് 54 സീറ്റ് നേടി ബി.ജെ.പി അധികാരത്തിൽ വന്നിരിക്കുകയാണ്. 90 അംഗ സഭയിൽ കോൺഗ്രസ് 66ൽ നിന്ന് 35 സീറ്റിലൊതുങ്ങി. ഇവിടെയും കോൺഗ്രസ് ഒട്ടേറെ വാഗ്ദാനങ്ങൾ മുന്നോട്ടുവച്ചിരുന്നു. അവയൊന്നും മുഖവിലയ്ക്കെടുക്കാൻ അധികം പേരും തയ്യാറായില്ലെന്നു മാത്രം.

കോൺഗ്രസിന് ആകെയൊരു ആശ്വാസ വിജയം നേടാനായത് ദക്ഷിണേന്ത്യയിലെ തെലങ്കാനയിലാണ്. പത്തുവർഷമായി അധികാരത്തിലിരുന്ന കെ. ചന്ദ്രശേഖര റാവുവിനെ തട്ടിവീഴ്‌ത്തിയാണ് കോൺഗ്രസ് അവിടെ അധികാരത്തിലേറുന്നത്. തെലങ്കാനയുടെ രൂപീകരണത്തിൽ മുഖ്യപങ്കു വഹിച്ച അന്നത്തെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിക്കും മനം നിറയെ ആഹ്ളാദിക്കാൻ വക നൽകുന്നതാണ് ഇപ്പോഴത്തെ കോൺഗ്രസ് വിജയം. കർണാടകയ്ക്കൊപ്പം തെക്കേ ഇന്ത്യയിൽ തെലങ്കാനയും നേടാനായത് കോൺഗ്രസിനു നേട്ടം തന്നെയാണ്. കെ.സി.ആർ സർക്കാരിന്റെ അഴിമതികളും ഭരണ തോന്ന്യാസങ്ങളുമാണ് ഭരണം നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു. ഭരണകക്ഷിയായ ഭാരത് രാഷ്ട്രസമിതിക്കെതിരെ കോൺഗ്രസ് മാത്രമല്ല, പ്രതിപക്ഷത്തുള്ള ബി.ജെ.പിയും പ്രധാന മുദ്രാവാക്യമായി ഉയർത്തിക്കാട്ടിയത് അഴിമതിയും ദുർഭരണവുമാണ്. ജനങ്ങൾക്കിടയിൽ അതു വിലപ്പോവുകയും ചെയ്തു.

പതിവുപോലെ കോൺഗ്രസിന്റെ നേതൃ പിഴവുകളും സംഘടനാ ദൗർബല്യങ്ങളും പുറത്തുകൊണ്ടുവന്ന തിരഞ്ഞെടുപ്പാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി അധിക്ഷേപിച്ചും വൃഥാ ആരോപണങ്ങൾ ഉന്നയിച്ചും ജനങ്ങളെ കൈയിലെടുക്കാമെന്ന സമീപനമാണ് ഉന്നത കോൺഗ്രസ് നേതാക്കൾ പോലും പിന്തുടരുന്നത്. കോൺഗ്രസ് നേതാക്കൾ ഇത്തരത്തിൽ പരിഹാസ കഥാപാത്രമാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കോൺഗ്രസ് ഭീമമായ പരാജയം ഏറ്റുവാങ്ങിയ മൂന്നു സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ മുഖ്യ പ്രചാരകൻ എന്ന യാഥാർത്ഥ്യം കോൺഗ്രസ്സുകാരെങ്കിലും വിസ്‌മരിക്കരുത്. തിരഞ്ഞെടുപ്പു തന്ത്രങ്ങൾ മെനയുന്നതിലും സ്ഥാനാർത്ഥി നിർണയത്തിലും പ്രചാരണ ശൈലിയിലും മുന്നിട്ടുനിന്ന ബി.ജെ.പിയെ പിന്തുണയ്ക്കാൻ ജനങ്ങൾ കാണിച്ച ആവേശം അടുത്ത വർഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ പാർട്ടിയെ സഹായിക്കും. ഇതോടൊപ്പം തന്നെ, ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഇപ്പോഴും പാർട്ടിയെ ഏറെ അകലെ നിറുത്തിയിരിക്കുകയാണെന്ന യാഥാർത്ഥ്യവും നേതൃത്വത്തിന് വെല്ലുവിളിയാണ്. ഇപ്പോഴത്തെ നിയമസഭാ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞതോടെ രാജ്യത്ത് പതിനാറു സംസ്ഥാനങ്ങൾ ബി.ജെ.പി ഭരണത്തിലായിരിക്കുകയാണ്. ഒരുകാലത്ത് കോൺഗ്രസിന് അവകാശപ്പെടാമായിരുന്ന നേട്ടമാണിത്.

പ്രത്യയശാസ്‌ത്രപരമായി കോൺഗ്രസ് പോരാട്ടം തുടരുമെന്നാണ് തിരഞ്ഞെടുപ്പു ഫലമറിഞ്ഞപാടെ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പ്രതികരിച്ചത്. ജനവിധി താഴ്‌മയോടെ അംഗീകരിക്കുമെന്നും പറഞ്ഞിട്ടുണ്ട്. അതല്ലാതെ വേറെന്തു ചെയ്യാനാണ്? നരസിംഹറാവു സർക്കാരിന്റെ കാലം തൊട്ടേ അടിത്തറ ഇളകാൻ തുടങ്ങിയ കോൺഗ്രസ് ഇപ്പോൾ എവിടെ എത്തിനിൽക്കുന്നു എന്നു വിലയിരുത്താനുള്ള സന്ദർഭം കൂടിയാണിത്. ഈ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം വച്ചു നോക്കുമ്പോൾ ജനവിശ്വാസം പുലർത്തുന്ന പാർട്ടി തന്നെയാണ് കോൺഗ്രസ് എന്നു കാണാനാവും. ജനങ്ങളെ ഒപ്പം നിറുത്താനും നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാനുമാണ് പാർട്ടി ശ്രമിക്കേണ്ടത്. അതിന് ഇപ്പോഴത്തെ നേതൃത്വം കാര്യമായ അഴിച്ചുപണിയുകതന്നെ വേണം. അതിനു തയ്യാറാവുന്നില്ലെങ്കിൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പും വലിയ ആഘാതമാകും പാർട്ടിക്കു നൽകുക.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: K
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.