SignIn
Kerala Kaumudi Online
Friday, 19 April 2024 5.44 PM IST

പാലിക്കപ്പെടേണ്ട ഉറപ്പുകൾ

photo

ഡൽഹിയിൽ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടന്ന കൂടിക്കാഴ്ച ശ്രദ്ധേയമായത് സംസ്ഥാനങ്ങളുടെ വികസന ആവശ്യങ്ങളോട് പ്രധാനമന്ത്രി സ്വീകരിച്ച ഹൃദ്യവും ക്രിയാത്മകവുമായ സമീപനത്തിന്റെ പേരിലാണ്. രാഷ്ട്രീയമായി ഇരുനേതാക്കളും ഭിന്നധ്രുവങ്ങളിലാണെങ്കിലും വികസന കാര്യങ്ങളിൽ ഒരിക്കലും രാഷ്ട്രീയം കടന്നുകൂടാൻ പാടില്ലെന്ന അവരുടെ നിലപാട് കാലത്തിനു യോജിച്ചതു തന്നെയാണ്. നാനാരംഗങ്ങളിലും അതിവേഗത്തിലുള്ള വികസനമാണ് രാജ്യം ലക്ഷ്യംവയ്ക്കുന്നത്. അതിനൊപ്പം സംസ്ഥാനങ്ങളും അതിവേഗം ഓടിയാലേ വികസനത്തിന്റെ ഗുണഫലങ്ങൾ മുഴുവൻ ജനങ്ങൾക്കും അനുഭവവേദ്യമാവുകയുള്ളൂ. കേരളം ഈ വിഷയത്തിൽ പണ്ടുമുതലേ വലിയ അവഗണന നേരിട്ടുകൊണ്ടിരിക്കുകയാണ്. പുതിയ കാലത്തെ ആവശ്യങ്ങൾക്കനുസരിച്ച് നയങ്ങളിലും കാഴ്ചപ്പാടുകളിലും മാറ്റങ്ങൾ കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് സംസ്ഥാനം ഇപ്പോൾ. ഉദാരമായ കേന്ദ്രസഹായം ആവശ്യമായ നിരവധി അടിസ്ഥാന സൗകര്യ വികസനപദ്ധതികൾ സംസ്ഥാനത്തിനു മുന്നിലുണ്ട്. അവ എത്രയും വേഗം പ്രവൃത്തിപഥത്തിലെത്തിക്കാൻ സഹായകമായ സമീപനം കേന്ദ്രത്തിൽ നിന്നുണ്ടാകണം. പ്രധാനമന്ത്രി മുഖ്യമന്ത്രിക്കു നൽകിയ ഉറപ്പുകൾ സമയബന്ധിതമായി പാലിക്കപ്പെടണം. ഉറപ്പുകളുടെ മൂല്യം അപ്പോഴാണ് പൂർണമാവുക. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച വികസന ആവശ്യങ്ങളിൽ പലതും വർഷങ്ങളുടെ പഴക്കമുള്ളവയാണ്. അവയിൽ തിരുവനന്തപുരത്തെ ലൈറ്റ് മെട്രോ പദ്ധതിക്ക് ഉടനെ തന്നെ അംഗീകാരം ലഭിക്കുമെന്നാണ് പ്രധാനമന്ത്രിയുമായും മറ്റ് കേന്ദ്രമന്ത്രിമാരുമായി നടന്ന ചർച്ചകളിൽ മുഖ്യമന്ത്രിക്കു ലഭിച്ച സൂചന. തലസ്ഥാനവാസികൾ ഏറെക്കാലമായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്വപ്ന പദ്ധതിയാണിത്. തലസ്ഥാനത്തെ രൂക്ഷമായ യാത്രാക്ളേശത്തിന് നല്ലതോതിൽ പരിഹാരമാകുന്ന ലൈറ്റ് മെട്രോ വികസന വിരുദ്ധമായ ചില കടുംപിടികൾ കാരണമാണ് നീണ്ടുനീണ്ടുപോയത്. പദ്ധതിക്ക് ഉടൻ അംഗീകാരമാകുമെന്ന സൂചന വന്ന സ്ഥിതിക്ക് എത്രയും വേഗം തുടർനടപടികൾക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കണം. ഇതോടൊപ്പം നിർദ്ദേശിച്ചിരുന്ന കോഴിക്കോട് ലൈറ്റ് മെട്രോയ്ക്കും അനുമതി നൽകണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം വഴിയേ പരിഗണിക്കാം എന്ന നിലപാടിലാണ് കേന്ദ്രം. ശബരി റെയിൽ പാത, കാസർകോട് - തിരുവനന്തപുരം അതിവേഗ റെയിൽ പദ്ധതി, ശബരിമല വിമാനത്താവളം, കൊച്ചി പെട്രോ കെമിക്കൽ കോംപ്ളക്സ്, സിറ്റി ഗ്യാസ് വിപുലീകരണം തുടങ്ങി സംസ്ഥാനത്തിന്റെ വളർച്ചയ്ക്കു സഹായകമായ പദ്ധതികളുടെ കാര്യത്തിൽ അനുഭാവപൂർണമായ സമീപനം പ്രധാനമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. ഇവയ്ക്കൊപ്പം കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ട കാര്യവും ബന്ധപ്പെട്ട കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെ പെട്രോ കെമിക്കൽ കോംപ്ളക്സിന് പ്രധാനമന്ത്രിയാണ് രണ്ടരവർഷം മുൻപ് തറക്കല്ലിട്ടത്.

സംസ്ഥാനത്തിന് 'എയിംസ്" അനുവദിക്കണമെന്ന ആവശ്യത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒരു ഘട്ടത്തിൽ അത് യാഥാർത്ഥ്യമായെന്ന പ്രതീതി ഉണ്ടായതുമാണ്. എന്നാൽ ഔദ്യോഗിക തലങ്ങളിലുണ്ടായ ആത്മഹത്യാപരമായ അലംഭാവവും കെടുകാര്യസ്ഥതയും രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലായ്മയുമൊക്കെ കാരണം 'എയിംസ്" സ്വപ്നം പൂവണിയാതെ പോയി. നിർബന്ധപൂർവമായ നിലപാടുമായി സമീപിച്ചാൽ ഇനിയും അതു നേടാവുന്നതേയുള്ളൂ.

കേരളത്തിലെ ഉൾനാടൻ ജലഗതാഗതം വികസിപ്പിക്കേണ്ടതിനെക്കുറിച്ച് പ്രധാനമന്ത്രി മുഖ്യമന്ത്രിയോട് സംസാരിക്കുകയുണ്ടായി. ജലസമ്പന്നമായ സംസ്ഥാനത്തിന് അഭൂതപൂർവമായ നേട്ടങ്ങൾ സൃഷ്ടിക്കാവുന്ന മേഖലയാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LIGHT METRO
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.