SignIn
Kerala Kaumudi Online
Thursday, 25 April 2024 10.59 PM IST

മരടിന്റെ ബാക്കിപത്രം

maradu-flat

മരടിലെ ഫ്ളാറ്റുകൾ തകർത്തതിന്റെ ദൃശ്യങ്ങൾ ഒരു കാലത്തും മറക്കാനാവില്ല. ഒട്ടേറെ ഉടമകളുടെ സ്വപ്നങ്ങളും ആയുഷ്‌കാല സമ്പാദ്യവുമൊക്കെയാണ് മിനിട്ടുകളുടെ വ്യത്യാസത്തിൽ തകർത്ത് തരിപ്പണമാക്കിയത്. മുടക്കിയ പണത്തിന്റെ മൂന്നിലൊന്നുപോലും പലർക്കും നഷ്ടപരിഹാരമായി കിട്ടിയിട്ടില്ല. നിയമത്തിന്റെ ശരിതെറ്റുകൾക്കപ്പുറം അതൊരു ദുഃഖചിത്രമായേ ആർക്കും ഉൾക്കൊള്ളാനാവൂ. അന്നേ ഉയർന്ന ഒരു ചോദ്യമുണ്ട്. ഇങ്ങനെ സംഭവിക്കാൻ ആരാണ് ഉത്തരവാദി? തെറ്റായി അനുമതി നൽകിയ ഉദ്യോഗസ്ഥരും അതിന് അവരെ പ്രേരിപ്പിച്ച ഫ്ളാറ്റുടമകളും ഇതിനെല്ലാം വഴിയൊരുക്കിയ രാഷ്ട്രീയക്കാരും തെറ്റുകാരാവാതെ തരമില്ല. പണം മുടക്കി ഫ്ളാറ്റ് വാങ്ങി താമസിച്ചവർ കുറ്റക്കാരാണെന്ന് ആർക്കും പറയാനാകില്ല. നിയമം ലംഘിച്ച് ഫ്ളാറ്റ് നിർമ്മിച്ചതിന്റെ ഉത്തരവാദിത്വം ആർക്കാണെന്ന് കണ്ടെത്താൻ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ സമർപ്പിച്ച റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിരിക്കുന്നത് ഇതിന്റെ ഉത്തരവാദിത്വം സംസ്ഥാനസർക്കാരിന്റെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും മരട് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർക്കുമാണെന്നാണ്. അനധികൃത നിർമ്മാണത്തിന് ഉത്തരവാദികളായവർക്കെതിരെ എടുക്കേണ്ട നടപടികളെക്കുറിച്ച് കോടതിക്ക് തീരുമാനിക്കാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇൗ റിപ്പോർട്ട് തുറന്ന കോടതിയിൽ വായിക്കുകയും ചെയ്തു. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തണമെന്ന് അപ്പോൾ ജസ്റ്റിസ് ബി.ആർ ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് വാക്കാൽ പറഞ്ഞു. റിപ്പോർട്ടിന്റെ പകർപ്പ് കേസിലെ എല്ലാ കക്ഷികൾക്കും നൽകാൻ അമിക്കസ് ക്യൂറിയോട് കോടതി നിർദ്ദേശിക്കുകയും ചെയ്തു. ബന്ധപ്പെട്ട കക്ഷികൾക്ക് റിപ്പോർട്ടിനെ സംബന്ധിച്ച അഭിപ്രായം സെപ്തംബർ ആറിനകം അറിയിക്കാം. അന്ന് ഹർജി വീണ്ടും പരിഗണിക്കും.

ഒരു വ്യാഴവട്ടം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് മരടിലെ ഫ്ളാറ്റുകൾ നിലംപൊത്തിയത്. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് നിർമ്മാണമെന്ന് കണ്ടെത്തി തദ്ദേശഭരണവകുപ്പ് മരട് പഞ്ചായത്തിന് 2007 ജൂൺ നാലിന് നൽകിയ നോട്ടീസാണ് തുടക്കം. തുടർന്ന് ബിൽഡിംഗ് പെർമിറ്റ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ വ്യക്തമാക്കാൻ നിർദ്ദേശിച്ച് പഞ്ചായത്ത് സെക്രട്ടറി ബിൽഡർമാർക്ക് നോട്ടീസ് നൽകി. ബിൽഡർമാർ ഹൈക്കോടതിയെ സമീപിച്ചു. 1996 ലെ കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്ളാൻ അനുസരിച്ച് മരട് പഞ്ചായത്ത് സോൺ മൂന്നിലാണ് വരുന്നത്. ഇവിടെ നിർമ്മാണാനുമതി നൽകുന്നതിന് മുമ്പ് തീരപരിപാലന അതോറിറ്റിയുടെ ക്ളിയറൻസ് വേണം. ഇതു വാങ്ങാതെയാണ് മരട് പഞ്ചായത്ത് ഫ്ളാറ്റുകൾക്ക് അനുമതി നൽകിയത്. 2010 ൽ മരട് പഞ്ചായത്ത് നഗരസഭയായി. ബിൽഡർമാർ നൽകിയ ഹർജി ഹൈക്കോടതി സിംഗിൾബെഞ്ച് അനുവദിച്ചു. ഇതിനെതിരെ നഗരസഭ നൽകിയ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി. വൻതുക മുടക്കി നിർമ്മിച്ച കെട്ടിടങ്ങൾ നിയമ വിരുദ്ധമാണെന്ന് കണ്ടെത്തി അനുമതി നിഷേധിക്കാനാവില്ലെന്നായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ നിലപാട്. പഞ്ചായത്തിന്റെ വീഴ്ചയ്ക്ക് ബിൽഡർമാരെ ശിക്ഷിക്കാനാവില്ലെന്നും വ്യക്തമാക്കി. തുടർന്ന് കേസ് സുപ്രീംകോടതിയിലായി. തീരസംരക്ഷണ നിയമപ്രകാരമുള്ള ദൂരം പാലിക്കാതെ കെട്ടിടങ്ങൾ നിർമ്മിച്ചതു നിയമപരമല്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ഫ്ളാറ്റുകൾ ഒരു മാസത്തിനുള്ളിൽ പൊളിച്ചുനീക്കി റിപ്പോർട്ട് നൽകാൻ 2019 മേയ് എട്ടിന് ഉത്തരവിട്ടു. പിന്നെയും പുന:പരിശോധനാ ഹർജി, തിരുത്തൽ ഹർജി തുടങ്ങിയവയൊക്കെ ബിൽഡർമാർ നൽകിയെങ്കിലും വിധി അന്തിമമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെയാണ് ഫ്ളാറ്റുകൾ പൊളിച്ച് നീക്കേണ്ടിവന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MARADU FLATS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.