SignIn
Kerala Kaumudi Online
Friday, 26 April 2024 2.51 AM IST

പഠനകാലത്ത് പഠിക്കണം

kk

മനുഷ്യജീവനും ശരീരവും സംരക്ഷിക്കേണ്ട ഡോക്ടർമാരാകാൻ എം.ബി.ബി.എസിനു പഠിക്കുന്ന വിദ്യാർത്ഥികൾ ആദ്യവർഷം മുതൽ രണ്ടിലേറെ പരീക്ഷകളിൽ തോറ്റാൽ അതേക്ലാസിൽ വീണ്ടുമിരുന്ന് പഠിക്കണമെന്ന നിർദ്ദേശം പ്രാവർത്തികമായിരിക്കുകയാണ്. പരീക്ഷകളിൽ ജയിച്ചില്ലെങ്കിൽ അടുത്ത വർഷത്തെ ക്ളാസിലേക്ക് പ്രൊമോഷൻ ലഭിക്കാൻ പിന്നീട് സപ്ളിമെന്ററി എഴുതിയെടുത്താൽ മതിയെന്നതായിരുന്നു ഇതുവരെയുള്ള രീതി. എന്നാൽ കഴിഞ്ഞ വർഷത്തെ എം.ബി.ബി.എസ് ബാച്ചിന്റെ പ്രവേശനം മുതൽ പുതിയ സമ്പ്രദായം നടപ്പിൽവന്നു. ദേശീയ മെഡിക്കൽ കമ്മിഷൻ കൊണ്ടുവന്ന ഈ സുപ്രധാനമാറ്റം ചികിത്സയ്ക്കായി ഡോക്ടർമാരെ ആശ്രയിക്കുന്ന ജനങ്ങൾക്ക് ഏറ്റവും ആശ്വാസകരമാകും.മറ്റു പ്രൊഫഷണൽ കോഴ്സുകൾക്കും ബാധകമാക്കാവുന്ന തീരുമാനമാണിത്.

രണ്ടിലേറെ വിഷയത്തിൽ തോറ്റാൽ സേ പരീക്ഷയെഴുതി ജയിക്കാൻ അവസരമുണ്ടെന്നതിനാൽ പരീക്ഷാ പരിഷ്‌കാരത്തെ ആരും എതിർക്കാനിടയില്ല. അവിടെയും ജയിച്ചില്ലെങ്കിൽ മാത്രമേ ജൂനിയർ ബാച്ചിനൊപ്പം പഴയക്ളാസിൽ വീണ്ടും ഒരുവർഷമിരുന്ന് പഠിക്കേണ്ടതുള്ളൂ. ആദ്യവർഷം മാത്രമല്ല തുടർന്നുള്ള വർഷങ്ങളിലും ഈ രീതി ബാധകമാകും. കൂടെ പഠിക്കുന്നവർ ഭാവി സുരക്ഷിതമാക്കി മുന്നേറുമ്പോൾ ഉഴപ്പി നടക്കുന്നവരെ ഇരുത്തി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നതാണ് ഈ മാറ്റം. നിശ്ചിത കാലയളവിനുള്ളിൽ പരീക്ഷയെഴുതി എടുത്തില്ലെങ്കിൽ മത്സരലോകത്ത് പിന്തള്ളിപ്പോകുമെന്ന് പറയേണ്ടതില്ല.

അനാട്ടമി,ഫിസിയോളജി, ബയോകെമിസ്ട്രി എന്നീ വിഷയങ്ങളാണ് ഒന്നാംവർഷ എം.ബി.ബി.എസിന് പഠിക്കാനുള്ളത്. മുൻകാലങ്ങളിൽ ഫസ്റ്റ് എം.ബി.ബി.എസ് ഒന്നരവർഷമായിരുന്നു. അന്ന് അമ്പതുശതമാനം മാത്രമായിരുന്നു ആദ്യവട്ടം പരീക്ഷയിൽ പൊതുവെ കടന്നുകൂടിയിരുന്നത്. അത്രമാത്രം കഠിനമായിരുന്നു പരീക്ഷ. തോൽക്കുന്നവർക്ക് ആറുമാസം കഴിഞ്ഞ് പരീക്ഷയെഴുതാൻ അവസരം ലഭിക്കുകയും വിജയിക്കുന്നവരെ റെഗുലർബാച്ചിനു പിന്നാലെ അഡീഷണൽ ബാച്ചായി തുടരാൻ അനുവദിക്കുകയുമായിരുന്നു പതിവ്. എന്നാലിപ്പോൾ ഫസ്റ്റ് എം.ബി.ബി.എസ് ഒരുവർഷമാക്കിയപ്പോൾ വിജയശതമാനം 90 മുതൽ 95 വരെ എത്തുന്നുണ്ട്. ഒന്നും പഠിക്കാത്തവർ മാത്രമാണ് പരീക്ഷയിൽ തോൽക്കുന്നതെന്ന സ്ഥിതി സംജാതമായി. അങ്ങനെയുള്ളവർക്കും സേ പരീക്ഷയിലൂടെ വിജയിച്ച് റെഗുലർബാച്ചിനൊപ്പം പഠിക്കാനാകും. ഈ അവസരങ്ങളെല്ലാം കളഞ്ഞുകുളിക്കുന്നവർക്കു മാത്രമേ ജൂനിയർ ബാച്ചിനൊപ്പം ഒരുവർഷം തള്ളിനീക്കേണ്ട ഗതികേടുണ്ടാവൂ.

മനുഷ്യജീവനാണ് ഡോക്ടർമാർ കൈകാര്യം ചെയ്യുന്നത്. അത്രയും പരിപാവനമായ പ്രൊഫഷൻ തിരഞ്ഞെടുക്കുന്നവർ പഠനത്തിൽ ആത്മാർത്ഥത കാണിക്കണം. പ്രൊഫഷണൽ കോളേജുകളിലെത്തുന്ന നല്ലൊരു പങ്ക് വിദ്യാർത്ഥികളും നന്നായി പഠിക്കുന്നവരാണ്. എന്നാൽ ചെറിയൊരു വിഭാഗം മാത്രമാണ് മെഡിക്കൽ പ്രൊഫഷനുതന്നെ നാണക്കേടുണ്ടാക്കുന്ന രീതിയിൽ പെരുമാറുന്നത്. കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കടുത്ത റാഗിംഗിനിരയായ പി.ജി.വിദ്യാർത്ഥി പഠനം നിറുത്തിപ്പോയ സംഭവത്തിൽ രണ്ട് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കഴിഞ്ഞദിവസം പൊലീസ് കേസെടുത്തു. രണ്ടുപേരെയും ആറുമാസത്തേക്ക് കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. തൃശൂർ മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി പൂർത്തിയാക്കാൻ ആഴ്ചകൾ ബാക്കിനിൽക്കെ മയക്കുമരുന്ന് വിതരണം ചെയ്തതിന് ഹൗസ് സർജൻ പിടിയിലായത് ഏതാനും മാസം മുൻപായിരുന്നു. പഠിക്കാതെ കറങ്ങിനടക്കുന്നവരാണ് ദൂഷിതവലയങ്ങളിൽ പെട്ടുപോകുന്നത്. മെഡിക്കൽ പ്രൊഫഷന് സമൂഹം വലിയവില കൽപ്പിച്ചുനൽകിയിട്ടുണ്ട്. വിദേശ സർവകലാശാലകളിൽ നമ്മുടെ കുട്ടികൾ മെഡിസിൻ പഠിക്കാൻ പോകുന്നത് പ്രൊഫഷന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു. ദൈവദൂതരെന്ന് വിശേഷിപ്പിക്കാവുന്ന മഹത്തായ പ്രൊഫഷനാണ് ഡോക്ടർമാരുടേത്. സാമൂഹികസേവനത്തിനുള്ള വലിയ അവസരമാണ് ഡോക്ടർബിരുദവുമായി എത്തുന്നവരെ കാത്തിരിക്കുന്നത്. ആ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള അടിസ്ഥാനം തയ്യാറാകണമെങ്കിൽ ഓരോ വിദ്യാർത്ഥിയും നന്നായി പഠിക്കണം. കലാലയജീവിതത്തിന്റെ നിറങ്ങൾ ആസ്വദിക്കണം. എന്നാൽ പഠിക്കാതെ ജീവിതത്തെ നിത്യാന്ധകാരത്തിലേക്ക് സ്വയം തള്ളിവിടരുത്. പഠനകാലത്ത് പഠിക്കുകതന്നെ വേണം. കാലം ആരെയും കാത്തുനിൽക്കില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MBBS EXAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.