SignIn
Kerala Kaumudi Online
Friday, 19 April 2024 9.20 AM IST

മരുന്നിനു പോലും മരുന്നില്ല

photo

വികസനം എന്ന വാക്കിന്റെ അർത്ഥം അനവധി ഫ്ളൈ ഓവറുകളും മേൽപ്പാലങ്ങളും മെട്രോയും സ്പീഡ് ട്രെയിനും എല്ലാം കൂടി ചേരുന്ന കാഴ്ചയാണെന്ന തെറ്റിദ്ധാരണ സമൂഹത്തിൽ പടർന്നിട്ടുണ്ട്. ഇത്തരമൊരു ധാരണ പരത്തുന്നതിൽ രാഷ്ട്രീയക്കാർ വഹിച്ച പങ്ക് വളരെ വലുതാണ്. ഇതൊന്നും വികസനമല്ലെന്നല്ല. പക്ഷേ ഇതുമാത്രമാണ് വികസനമെന്ന് പ്രചരിപ്പിക്കുന്നത് പല യഥാർത്ഥ വസ്തുതകളിൽ നിന്നും ശ്രദ്ധതിരിക്കാനാണ്. സംസ്ഥാനമായാലും രാഷ്ട്രമായാലും വികസനത്തിന്റെ പാതയിലാണോ എന്നറിയാൻ അവിടത്തെ സർക്കാർ ആശുപത്രികൾ സന്ദർശിച്ചാൽ മതി. ഒരു പൗരന്റെ ആരോഗ്യസംരക്ഷണത്തിൽ സർക്കാർ കാണിക്കുന്ന കരുതലും ജാഗ്രതയുമാണ് വികസനത്തിന്റെ യഥാർത്ഥ അളവുകോലായി പരിഗണിക്കേണ്ടത്. കേരളത്തിൽ നല്ല സാമ്പത്തികശേഷിയുള്ളവർക്ക് ചികിത്സിക്കാൻ, വൻതുക ഈടാക്കുന്ന സ്വകാര്യ ആശുപത്രികളുണ്ട്. അതിനാൽ സർക്കാർ ആശുപത്രിയിലെ ചികിത്സയുടെ അപര്യാപ്തതകളും കുറവുകളും ആ വിഭാഗത്തെ സ്പർശിക്കുന്ന വിഷയമല്ല. അതിനേക്കാൾ പണവും അധികാരവും ഉള്ളവർ വിദേശത്ത് ചികിത്സനേടും. അതിനാൽ ഇത് അധികാരത്തിന്റെ ഉന്നത ശ്രേണിയിലുള്ളവരെയും ബാധിക്കുന്ന പ്രശ്നമല്ല.

സർക്കാർ ആശുപത്രിയിൽ ഡോക്ടറില്ലെങ്കിലും മരുന്നില്ലെങ്കിലും അതിന്റെ കഷ്ടനഷ്ടങ്ങൾ അനുഭവിക്കേണ്ടിവരുന്നത് ചോദിക്കാനും പറയാനും ആരുമില്ലാത്ത പാവപ്പെട്ടവരാണ്. ഞങ്ങൾ ഇന്നലെ പ്രസിദ്ധീകരിച്ച മുഖ്യവാർത്ത പിന്നാക്കമെന്നോ മുന്നാക്കമെന്നോ വേർതിരിക്കാനാവാത്ത സാധാരണ മനുഷ്യരെ അഗാധമായി സ്പർശിക്കുന്ന ഒരു വിഷയത്തെ സംബന്ധിച്ചതാണ്. സർക്കാർ ആശുപത്രികളിൽ മരുന്നില്ലാത്തതിനാൽ ഫാർമസികളൊക്കെ ദിവസങ്ങളായി കാലിയായി കിടക്കുകയാണെന്ന വസ്തുതയാണ് സ്വന്തം ലേഖകൻ കെ.എസ്. അരവിന്ദ് എഴുതിയ 'മരുന്നില്ല ഒരിടത്തും" എന്ന തലക്കെട്ടിലുള്ള വാർത്ത ചൂണ്ടിക്കാട്ടുന്നത്. ആശുപത്രിയിലെത്തുന്ന പാവങ്ങളോട് വെളിയിലുള്ള മെഡിക്കൽ സ്റ്റോറിൽ പോയി മരുന്ന് വാങ്ങാൻ നിർദ്ദേശിക്കുകയാണ് ഡോക്ടർമാർ. ഐ.സി യൂണിറ്റുള്ള ആശുപത്രികളാകട്ടെ അത്യാവശ്യ മരുന്നുകൾ ദൈനംദിന ചെലവിനുള്ള തുകയിൽ നിന്നെടുത്ത് വാങ്ങുകയാണ് ഇപ്പോൾ. മരുന്ന് വാങ്ങാനുള്ള ടെൻഡർ വിതരണക്കാരായ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മാസങ്ങൾ വൈകിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒരാൾ ശ്വാസംമുട്ടലുമായി ആശുപത്രിയിലെത്തിയാൽ താത്‌കാലിക ആശ്വാസം നൽകാനുള്ള ഗുളിക നൽകുകയാണ് ഡോക്ടർ ചെയ്യേണ്ടത്. അതിനു പകരം മെഡിക്കൽ കോർപ്പറേഷനിൽ ടെൻഡർ നൽകിയിട്ടുണ്ട് ഉടനെ മരുന്നെത്തുമെന്ന് പറയേണ്ട സന്ദർഭം സൃഷ്ടിക്കുന്നത് ഏതെങ്കിലും ഒരു സർക്കാരിന് ഭൂഷണമാണോ? മെഡിക്കൽ കോർപ്പറേഷനും അവരുടെ ടെൻഡർ നടപടികളിലെ സങ്കീർണതകളും തടസവുമൊന്നും സാധാരണ ജനങ്ങൾ അറിയേണ്ട കാര്യങ്ങളല്ല. അതൊക്കെ സമയത്ത് നടത്തേണ്ടത് കോർപ്പറേഷന് നേതൃത്വം നൽകുന്നവരുടെയും അവരെ നിയന്ത്രിക്കുന്നവരുടെയും ചുമതലയാണ്. ഡ്രിപ്പ് നൽകാനുള്ള ഐ.വി പാരസെറ്റമോൾ പോലും ആശുപത്രികളിൽ സ്റ്റോക്കില്ല. ആന്റിബയോട്ടിക് ഇൻജെക്‌ഷനുകളും ഗുളികകളും തീർന്നിട്ടും ദിവസങ്ങളായി. ഇതൊന്നും സമയത്ത് എത്തിക്കാൻ കഴിയാത്ത മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എന്ന വെള്ളാനയെ എന്തിനാണ് പുല്ലും വെള്ളവും നൽകി സർക്കാർ പരിപാലിക്കുന്നത്. കഴിവില്ലാത്തവരാണ് മുകളിൽ ഇരിക്കുന്നതെങ്കിൽ അവരെ എത്രയും പെട്ടെന്ന് ഒഴിവാക്കാനുള്ള നടപടിയാണ് ആരോഗ്യവകുപ്പും മന്ത്രിയും സ്വീകരിക്കേണ്ടത്.

സാധാരണഗതിയിൽ മനുഷ്യന് നേരിട്ട് യാതൊരു പ്രയോജനവും ചെയ്യാത്ത വിഷയങ്ങളിലുള്ള വാദങ്ങളും എതിർവാദങ്ങളും കിംവദന്തികളും ചർച്ചചെയ്യാനാണ് നിയമസഭയുടെ വിലപ്പെട്ട സമയം ഭരണപക്ഷവും പ്രതിപക്ഷവും പാഴാക്കുന്നത്. അതിന് വിരുദ്ധമായി സാധാരണക്കാരെ സ്വാധീനിക്കുന്ന അതിപ്രധാനമായ മരുന്ന് ക്ഷാമം എന്ന പ്രശ്നം നിയമസഭയിൽ സബ്‌മിഷനായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉന്നയിച്ചത് തികച്ചും അഭിനന്ദനാർഹമാണ്. മരുന്ന് ഇല്ലാതാകാനുള്ള അവസ്ഥ സംജാതമായതിനെക്കുറിച്ച് അന്വേഷണം വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

അന്വേഷണം നടത്തി ഉത്തരവാദിത്വത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. കാരണം ഇത്തരക്കാർ തുടരുന്നത് ഭാവിയിൽ സർക്കാരിന്റെ പ്രതിച്ഛായയ്ക്കുണ്ടാക്കുന്ന മങ്ങൽ വളരെ വലുതായിരിക്കും. കൊവിഡും അനുബന്ധ അസുഖങ്ങളും കൂടിയതിനാൽ മരുന്നുപയോഗം പ്രതീക്ഷിച്ചതിൽ കൂടുതൽ വർദ്ധിച്ചതാണ് മരുന്ന് ക്ഷാമത്തിന് ഇടയാക്കിയതെന്നാണ് മന്ത്രി വീണാജോർജ് മറുപടി നൽകിയത്. മരുന്ന് പൂർണമായി തീർന്നിട്ട് പുതിയതിന് ഓർഡർ നൽകുകയെന്ന പഴയരീതി ഒഴിവാക്കുമെന്നും ടെൻഡർ നടപടി ത്വരിതപ്പെടുത്താൻ ഉടൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചത് പ്രശ്നപരിഹാരത്തിന് ഇടയാക്കുമെന്ന് പ്രതീക്ഷിക്കാം. പാലങ്ങൾ പണിയുന്നത് മാത്രമല്ല പാവപ്പെട്ട ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്നതും നാടിന്റെ പുരോഗതിയുടെ പ്രധാന അളവുകോലാണെന്ന കാഴ്ചപ്പാടിലേക്ക് സർക്കാരും മാറണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MEDICINE SHORTAGE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.