SignIn
Kerala Kaumudi Online
Thursday, 25 April 2024 4.52 AM IST

ലങ്കൻ ഉദ്യോഗസ്ഥന്റെ മോദി വിമർശനം

narendra-modi

ആപത്തുകാലത്താണ് യഥാർത്ഥ സുഹൃത്തുക്കളെ തിരിച്ചറിയാനാവുക. രാജ്യങ്ങളെ സംബന്ധിച്ചും ഇത് ശരിയാണ്. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ശ്രീലങ്കയ്ക്ക് ലഭിച്ച ഇന്ത്യൻ സഹായം. കടത്തിൽ മുങ്ങി വിലപിക്കുന്ന ശ്രീലങ്കയെ സഹായിക്കാൻ ഇന്ത്യയൊഴികെ ഒരു രാജ്യവും മുന്നോട്ടുവന്നില്ല. സാമ്പത്തിക പ്രതിസന്ധിയിലും രാഷ്ട്രീയ പ്രതിസന്ധിയിലും അകപ്പെട്ട രാജ്യങ്ങളെ സഹായിക്കാൻ മനുഷ്യത്വപരമായ സമീപനം പുലർത്തുന്ന രാജ്യങ്ങൾക്കേ കഴിയൂ. ആ സമീപനം ഇന്ത്യ എക്കാലവും പിന്തുടർന്നിട്ടുണ്ട്. ഇന്ത്യ മൂന്ന് ബില്യൺ ഡോളറാണ് ശ്രീലങ്കയ്ക്ക് സഹായമായി നൽകിയത്. പുറമേ 400,000 മെട്രിക് ടൺ ഇന്ധനം ആദ്യഘട്ടത്തിലും തുടർന്ന് 80,000 മെട്രിക് ടൺ ഇന്ധനം രണ്ടാംഘട്ടത്തിലും കടമായി നൽകി. 1.5 മില്യൺ ഡോളറിന്റെ മരുന്ന് സൗജന്യമായെത്തിച്ചു. ഇന്ത്യ നൽകിയ ഈ സഹായത്തെ വിമർശിച്ചവരിൽ ശ്രീലങ്കയിലെ പ്രതിപക്ഷകക്ഷികളും ഉൾപ്പെടുന്നു. ഭാവിയിൽ ശ്രീലങ്കയുടെ തന്ത്രപ്രധാനസ്ഥാനം സുരക്ഷാ കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്താനാണ് ഇന്ത്യ സഹായിക്കുന്നതെന്നാണ് ചിലർ വിമർശിച്ചത്. പട്ടിണിയിൽപ്പെട്ട് പ്രക്ഷോഭത്തിനിറങ്ങിയ ശ്രീലങ്കയിലെ ജനങ്ങൾ ഇതിന് ചെവികൊടുത്തില്ല. ഇന്ത്യയുടെ സമീപനത്തെ രാഷ്ട്രീയഭേദമന്യേ ജനം സോഷ്യൽ മീഡിയയിൽ വാഴ്‌ത്തി. ഇത് പലർക്കും രസിച്ചില്ല. പ്രത്യേകിച്ച് ശ്രീലങ്കയിൽ ബിസിനസ് ആധിപത്യത്തിന് ശ്രമിച്ചിരുന്ന ചൈനയ്ക്ക്. 2020ന് ശേഷം ശ്രീലങ്കയിലെ പല പ്രധാനപദ്ധതികളും ലഭിച്ചത് ഇന്ത്യൻ കമ്പനികൾക്കാണ്. അതിൽ പ്രധാനമാണ് ട്രിങ്കോമാലിയിലെ ഓയിൽ ടാങ്ക് ഫാം. ഇന്ധനം ശേഖരിക്കുന്ന വെയർഹൗസുകൾ നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന

ഈ വൻ പ്രോജക്ട് ലഭിച്ചത് ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ്. ശ്രീലങ്കയുടെ ഉൗർജ്ജ പ്രതിസന്ധി പരിഹരിക്കാൻ,​ പരമ്പരാഗതമായി തുടർന്ന പലരീതികളും സർക്കാരിന് ഉപേക്ഷിക്കേണ്ടിവന്നു. ടെൻഡർ വിളിച്ച് പദ്ധതികൾ നൽകുന്നത് താത്‌ക്കാലികമായി നിറുത്തിവച്ചു. തുടർന്ന് കാറ്റിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന മന്നാർ ജില്ലയിലെ 500 മെഗാവാട്ട് പുനരുപയോഗ ഉൗർജ്ജ പദ്ധതി അദാനി ഗ്രൂപ്പിന് നേരിട്ട് ലഭിച്ചു. ടെൻഡറിൽ പങ്കെടുക്കാൻ അവസരം നിഷേധിക്കപ്പെട്ട രാജ്യങ്ങളുടെ കമ്പനികൾക്ക് ഇതിൽ പകയുണ്ടാവാം. അതിന്റെ പ്രതിഫലനമാവണം പ്രധാനമന്ത്രി മോദിയെ അപകീർത്തിപ്പെടുത്തുന്ന ഒരു വാർത്ത ശ്രീലങ്കയിൽനിന്ന് ഉടലെടുക്കാനിടയായത്. അദാനി ഗ്രൂപ്പിന് പദ്ധതി നൽകാൻ ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയ രാജപക്സയുടെ മേൽ മോദി സമ്മർദ്ദം ചെലുത്തിയെന്ന ആരോപണമാണ് സിലോൺ ഇലക്ട്രിസിറ്റി ബോർഡ് ചെയർമാൻ ഫെർഡിനാൻഡോ ഉയർത്തിയത്. ഇതിന് ഇന്ത്യയിലും വിദേശത്തും ആവശ്യത്തിലധികം പ്രാധാന്യം വാർത്താമാദ്ധ്യമങ്ങൾ നൽകുകയും ചെയ്തു. ഒരു ഉദ്യോഗസ്ഥൻ മറ്റൊരു രാജ്യത്തെ ഭരണാധികാരിയെക്കുറിച്ച് യാതൊരു തെളിവുകളുടെയും പിൻബലമില്ലാതെ ഉയർത്തുന്ന ആരോപണത്തിന് സാധാരണ ആരും വിലകല്പിക്കാറില്ല. ശ്രീലങ്കൻ പ്രസിഡന്റോ ഉൗർജ്ജമന്ത്രിയോ അല്ല ആരോപണം ഉന്നയിച്ചത്. വിവാദമായപ്പോൾ ഉദ്യോഗസ്ഥൻ നിരുപാധികം ആരോപണം പിൻവലിച്ച് രാജിവച്ച് പോയി. ചൈനയുടെ നിരാശയാണ് മറ്റൊരർത്ഥത്തിൽ ഇത്തരം കുപ്രചാരണങ്ങളിലൂടെ പുറത്തുവരുന്നത്. ആരോപണങ്ങൾ ആർക്കും ഉന്നയിക്കാം. പക്ഷേ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം. അല്ലെങ്കിൽ അതൊരു നനഞ്ഞ പടക്കമായി പരിണമിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MODI AND SRI LANKA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.