SignIn
Kerala Kaumudi Online
Friday, 29 March 2024 1.13 PM IST

ലഹരി മാഫിയക്കെതിരെ അണിചേരണം

mdma

ലഹരി ഉപയോഗത്തിൽ നിന്ന് യുവാക്കളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവരെ പിന്തിരിപ്പിക്കാൻ സർക്കാരും സംഘടനകളും തീവ്രശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എത്ര ശ്രമിച്ചിട്ടും ലഹരി ഉപയോഗം കൂടുന്നതല്ലാതെ കുറയുന്നില്ല. ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന ഗൂഢസംഘങ്ങൾ സ്കൂൾ കുട്ടികളെപ്പോലും ലഹരി വലയിലാക്കാൻ രംഗത്തുണ്ട്. വിമാനത്താവളങ്ങളിൽ കള്ളക്കടത്തു സ്വർണം പിടിക്കുന്നതുപോലെ സംസ്ഥാനത്തെമ്പാടും മയക്കുമരുന്ന് ഉൾപ്പെടെയുള്ള നിരോധിത ലഹരിവസ്തുക്കൾ പിടികൂടാത്ത ഒരു ദിവസം പോലുമില്ല. ലഹരിവസ്തുക്കളിൽ പുതിയ താരമായ എം.ഡി.എം.എ എന്ന മാരക ലഹരിവസ്തുവുമായി കഴിഞ്ഞ ദിവസങ്ങളിൽ പന്തളത്തും തിരുവനന്തപുരത്ത് ആക്കുളത്തും യുവതികളുൾപ്പെടെ പത്തോളം പേരെ പിടികൂടിയിരുന്നു. പെട്ടെന്ന് അധികൃതരുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ വേണ്ടിയാണ് യുവതികളെക്കൂടി സംഘത്തിൽ ഉൾപ്പെടുത്തുന്നത്. വളരെ എളുപ്പത്തിൽ വൻ സമ്പാദ്യമുണ്ടാക്കാനുള്ള കുറുക്കുവഴി എന്ന നിലയ്ക്ക് സംസ്ഥാനത്തെമ്പാടും മയക്കുമരുന്ന് - ലഹരിക്കച്ചവടം പൊടിപൊടിക്കുകയാണ് ഇപ്പോൾ. സമൂഹത്തെ ഏറെ ഉത്ക്കണ്ഠപ്പെടുത്തുന്ന കാര്യമാണത്. കഴിഞ്ഞ രണ്ടരവർഷത്തിനിടെ ലഹരി കച്ചവടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ കൂട്ടത്തിൽ ആയിരത്തിഎണ്ണൂറോളം കുട്ടികളും ഉണ്ടായിരുന്നെന്നാണ് എക്സൈസിന്റെ കണക്ക്. എത്രമാത്രം അപകടകരമായ നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു എന്നതിന്റെ സൂചനയാണിത്.

യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് വരുംവരായ്‌ക നോക്കാതെ രാഷ്ട്രീയ ഉന്നമിട്ടു മാത്രം മദ്യഷാപ്പുകൾ അടച്ചുപൂട്ടിയതു മുതൽക്കാണ് ലഹരിതേടി വലിയൊരു വിഭാഗം മയക്കുമരുന്നുകളിലേക്കു തിരിഞ്ഞതെന്നു പറയാം. അതിന്റെ കച്ചവടത്തിന് പ്രത്യേക സ്ഥലമോ സംഭരണകേന്ദ്രമോ ഒന്നും ആവശ്യമില്ല. ഈ സൗകര്യം മുതലെടുത്ത് ധാരാളം ലഹരിസംഘങ്ങൾ പ്രവർത്തിച്ചുതുടങ്ങും. ലഹരിതേടുന്ന ആരുടെ പക്കലും സാധനം നിമിഷങ്ങൾക്കുള്ളിൽ എത്തിക്കാൻ സംഘാംഗങ്ങളുണ്ട്. പരിശോധന ഭയക്കേണ്ട.

മയക്കുമരുന്ന് കച്ചവടത്തിലേർപ്പെടുന്നവരെയും അതിന്റെ ഉപയോക്താക്കളെയും എളുപ്പത്തിൽ കണ്ടുപിടിക്കാൻ പുതിയൊരു രീതി പരിശോധിക്കാനൊരുങ്ങുകയാണ് എക്സൈസ് വകുപ്പ്. ഇതിനു സഹായിക്കുന്ന പുതിയൊരു തരം കിറ്റുമായാണ് അവർ റോഡിലിറങ്ങുക. ലഹരിവസ്തു ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഉമിനീരിന്റെ ഒരംശം മതി അതു തെളിയിക്കാൻ. ഉമിനീരിൽ പരിശോധനാ കിറ്റ് തൊടുവിച്ചാൽ ആൾ ലഹരിവസ്തു ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനാവും. കൊച്ചിയിൽ ഈ സംവിധാനം വിജയകരമായി പരീക്ഷിച്ചുകഴിഞ്ഞു. ഓണക്കാലത്ത് സംസ്ഥാന വ്യാപകമായി ഉമിനീർ കിറ്റുമായി എക്സൈസുകാർ പരിശോധനയ്ക്ക് ഇറങ്ങുമെന്നാണ് സൂചന.

മയക്കുമരുന്ന് ലഹരി മാഫിയകളോട് ഒരുവിധ വിട്ടുവീഴ്ചകളും കാണിക്കേണ്ടതില്ല. സമൂഹത്തിന് അവർ സൃഷ്ടിക്കുന്ന ഭീഷണി അത്രയധികം മാരക സ്വഭാവത്തിലുള്ളതാണ്. എത്രയോ കുടുംബങ്ങളാണ് ലഹരി ഉപയോഗം മൂലം തകർന്നുകൊണ്ടിരിക്കുന്നത്. തിരിച്ചറിവില്ലാത്ത പ്രായത്തിൽ വഴിതെറ്റുന്ന കുട്ടികളെ നേർവഴിക്കു കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. അതിന് പ്രത്യേക പരിശീലനവും വിശാലമനസുമുള്ള ഉദ്യോഗസ്ഥരെത്തന്നെ ചുമതലയേല്പിക്കണം.

ലഹരിക്കെതിരായ പോരാട്ടത്തിൽ 'കേരളകൗമുദി" കഴിഞ്ഞ മൂന്നു നാലു വർഷമായി സജീവമായി രംഗത്തുണ്ടെന്നു പറയാൻ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. 'ബോധപൗർണമി" എന്ന പരിപാടി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുകയാണ്. ലഹരി ഉപയോഗത്തിനെതിരെ സമൂഹത്തിലെ എല്ലാ വിഭാഗം ആൾക്കാരെയും ബോധവത്കരിക്കാനുദ്ദേശിച്ചുള്ള പഠന ക്ളാസുകളും പ്രചാരണവുമൊക്കെയാണ് ബോധപൗർണമിയിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ തുറകളിലും പെട്ട അനവധി വിശിഷ്ട വ്യക്തികൾ ഇതിന്റെ ഭാഗമാകാറുണ്ട്. നിശബ്ദ കൊലയാളിയെന്ന നിലയ്ക്കാണ് മയക്കുമരുന്നു മാഫിയകളെ കാണേണ്ടത്. ഏതു വിധേനയും അതിനെ അമർച്ച ചെയ്യാനുള്ള സർക്കാരിന്റെ യത്നത്തിൽ സമൂഹവും പങ്കാളികളാകേണ്ടതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NARCOTICS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.