SignIn
Kerala Kaumudi Online
Friday, 29 March 2024 1.20 PM IST

മയക്കുമരുന്നും മതങ്ങളും

narcotics

മയക്കുമരുന്നിന്റെ വ്യാപാരം നടത്തുന്നവർ ഏതെങ്കിലുമൊക്കെ മതത്തിൽ ജനിച്ചവരാകാതിരിക്കാൻ പറ്റില്ല. പക്ഷേ അതുകൊണ്ട് അവരുടെ മതത്തിന് അതുമായി എന്തു ബന്ധമാണുള്ളത് ? ലോകത്ത് ഒരു മതവും ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ല. ഒരു കാരണവശാലും ലഹരിക്ക് അടിമപ്പെടരുതെന്ന് ഉപദേശിക്കുന്നതേയുള്ളൂ. അപ്പോൾ നാർക്കോട്ടിക് ബിസിനസിനെയും മോഷണത്തെയും മറ്റ് വൻകിട തട്ടിപ്പുകളെയും മറ്റും മതവും ജാതിയും തിരിച്ച് കാണാൻ സാമാന്യബോധമുള്ള ആർക്കും കഴിയില്ല. ഇത്തരം കേസുകളിലെ പ്രതികൾ ഏതു മതത്തിൽപ്പെട്ടവരായാലും സാമൂഹ്യവിരുദ്ധതയാണ് ഇവരുടെ ഉള്ളിലിരിക്കുന്നതെന്ന് ആർക്കും തിരിച്ചറിയാനാകും. അവരെ മതത്തിന്റെ കള്ളിയിൽ ഉൾപ്പെടുത്തി ആ മതത്തെ മൊത്തത്തിൽ ആക്ഷേപിക്കുന്നത് സംസ്ക്കാരഹീനതയാണ്. ഇത് സമൂഹത്തിൽ ആവശ്യമില്ലാത്ത സംഘർഷങ്ങൾക്കും വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നതകൾക്കും വഴിയൊരുക്കും. പാലാ ബിഷപ്പ് തുറന്നുവിട്ട ഭൂതം ഇപ്പോൾ കേരളക്കരയാകെ അഭിപ്രായ ഭിന്നതകൾക്കും കുറ്റപ്പെടുത്തലുകൾക്കും തർക്കങ്ങൾക്കുമൊക്കെ ഇടയാക്കിയിരിക്കുകയാണ്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്നവർ കേട്ടുകേൾവിയുടെയും മറ്റും അടിസ്ഥാനത്തിൽ കാര്യങ്ങൾ വിളിച്ച് പറയരുത്. ശക്തമായ തെളിവിന്റെ പിൻബലത്തോടെ മാത്രമേ ഇത്തരം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കാവൂ. ഇവിടെ അതുണ്ടായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടം നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരിക്കുന്നത്. നിർബന്ധിച്ച് മയക്കുമരുന്ന് ഉപയോഗിച്ച് മതപരിവർത്തനത്തിനായി ശ്രമിച്ചതായുള്ള ഒരു കേസും കേരളത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല. സ്‌കൂളിലോ കോളേജിലോ വിദ്യാർത്ഥികൾ മയക്കുമരുന്ന് ഉപയോഗിക്കുകയോ വില്പന ശൃംഖലയിലെ കണ്ണികളാവുകയോ ചെയ്താൽ അത് ഒരു പ്രത്യേക സമുദായത്തിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തുന്നത് ബാലിശമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത് നൂറുശതമാനം ശരിയാണ്. ഇതിനായി സർവകക്ഷിയോഗം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ സ്വീകരിച്ചിട്ടുമില്ല. സംസ്ഥാനത്ത് അടിയന്തരപ്രാധാന്യമുള്ള എത്രയോ പ്രശ്നങ്ങളുണ്ട്. അതിനിടയിൽ ഇല്ലാത്ത ഈ പ്രശ്നത്തിന്റെ പേരിൽ സർവകക്ഷിയോഗം വിളിച്ചിട്ട് പ്രത്യേക തീരുമാനമൊന്നും ഉണ്ടാകാനും പോകുന്നില്ല.

മയക്കുമരുന്നിനെ നിയമവിരുദ്ധ നടപടിയായി കണ്ട് ആ വഴിക്കും മതത്തെ അതിന്റേതായ വിശ്വാസവഴിക്കും വിടുക. അതേസമയംതന്നെ സംസ്ഥാനത്ത് ലഹരിമരുന്നുകളുടെ കച്ചവടം വളരെയധികം കൂടിയിട്ടുണ്ടെന്ന വസ്തുത കണക്കിലെടുത്ത് അതിന്റെ വ്യാപനം തടയാനുള്ള സത്വരനടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NARCOTICS AND RELIGION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.