SignIn
Kerala Kaumudi Online
Saturday, 20 April 2024 5.30 AM IST

പുതിയ ചരക്ക് നീക്ക നയം

photo

രാജ്യം സാമ്പത്തികമായി വളരുമ്പോൾ താത്‌ക്കാലികമായെങ്കിലും ജീവിതചെലവ് വർദ്ധിക്കുമെന്നത് ഇത്തരം മാറ്റങ്ങളിലൂടെ കടന്നുപോയ എല്ലാ രാജ്യങ്ങളിലും സംഭവിച്ചിട്ടുള്ള വസ്തുതയാണ്. വളർച്ചയുടെ ഭാഗമായി പണപ്പെരുപ്പം കൂടുന്നതാണ് ഇതിനൊരു പ്രധാനകാരണം. ഇത് സാധനങ്ങളുടെ വിലവർദ്ധനയ്‌ക്ക് കാരണമാകും. സമൂഹത്തിന്റെ അടിത്തട്ടിൽ കഴിയുന്നവർക്ക് ഒട്ടേറെ പ്രതിസന്ധികളും സൃഷ്ടിക്കും. സാമ്പത്തികവളർച്ചയുടെ ഗുണഫലങ്ങൾ പാവപ്പെട്ട വിഭാഗങ്ങളിലേക്ക് കടന്നുവരാൻ ഏതാനും വർഷങ്ങൾതന്നെ വേണ്ടിവരും. എന്നാൽ മദ്ധ്യവർഗ വിഭാഗത്തിന്റെ വരുമാനം സമ്പദ് വളർച്ചയുടെ തോതിനൊത്ത് വളരെ പെട്ടെന്ന് തന്നെ ഉയരുമെന്നതിനാൽ വാഹനങ്ങളുടെയും മറ്റും വില്പന കുതിച്ചുയരും.

ഇന്ത്യയിലും വാഹനങ്ങളുടെ വില്പന ഓരോ വർഷം കഴിയുന്തോറും കുതിച്ചുയർന്നുകൊണ്ടിരിക്കുകയാണ്. പെട്രോളിന്റെ വിലവർദ്ധനയും വാഹനങ്ങളുടെ വിലകൂട്ടിയതുമൊന്നും വില്പനയെ പിറകോട്ടു വലിക്കുന്ന ഘടകങ്ങളാകുന്നില്ല. അതിന്റെ ഫലമായി ഒരു വീട്ടിൽത്തന്നെ ഒന്നിലധികം കാറുകൾ ഉണ്ടാവുകയും റോഡുകളിലെ തിരക്ക് കൂടിവരികയും ചെയ്യും. ഇത് സുഗമമായ ഗതാഗതത്തിന് പ്രതിസന്ധി സൃഷ്ടിക്കും. അതോടൊപ്പം റോഡുമാർഗമുള്ള ചരക്ക് കടത്തിന് ചെലവ് കൂടുതലാണ്. ചരക്ക് കടത്തുകൂലി കൂടുമ്പോൾ സ്വാഭാവികമായും അവശ്യവസ്തുക്കൾ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വിലകൂടും. ഇത് സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കും. ഇതൊഴിവാക്കാൻ കൂടി ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ പുതിയ ദേശീയ ലോജിസ്റ്റിക്സ് നയം പുറത്തിറക്കിയിരിക്കുന്നത്. ചരക്കുകടത്ത് ചെലവും റോഡിലെ തിരക്കും കുറയ്ക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളാണ് ഇതിനുള്ളത്.

ഇന്ത്യയിൽ ഇപ്പോൾ 60 ശതമാനം ചരക്കുകടത്തും റോഡ് മാർഗമാണ്. റെയിൽവേ വഴി 28 ശതമാനം ചരക്ക് മാത്രമാണ് കടത്തുന്നത്. ഇത് 40 ശതമാനമായി ഉയർത്തുമെന്ന് പുതിയ നയത്തിൽ പറയുന്നു. ചരക്കുകടത്തിന് കടലിന് പുറമേ പുതിയ ജലപാതകൾ കണ്ടെത്തുകയും ചെയ്യും. ഡിജിറ്റൽ സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള നൂതനമാർഗങ്ങൾ പ്രയോഗിച്ച് ചരക്ക് ഗതാഗതം സുഗമമാക്കുമെന്ന് പ്രഖ്യാപിക്കുന്ന നയം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഡൽഹിയിലെ വിജ്ഞാൻഭവനിൽ നടന്ന ചടങ്ങിൽ പുറത്തിറക്കിയത്. കടത്ത് ചെലവ് ഇപ്പോൾ ജി.ഡി.പിയുടെ 13 - 14 ശതമാനമാണ്. ഇത് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പത്തുശതമാനത്തിൽ താഴെയാക്കുകയാണ് ലക്ഷ്യം. ഇതിന് കടുത്ത എതിർപ്പുകളുമുണ്ടാകാം. കാരണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വൻകിടക്കാരാണ് ചരക്ക് ലോറികളുടെ ഉടമകൾ. സർക്കാരിന്റെ പരിഷ്കാര നടപടികൾക്ക് വിഘാതം സൃഷ്ടിക്കാൻ മറ്റ് പല കാരണങ്ങളും ഉന്നയിച്ച് ചരക്ക് ലോറികളുടെ ദേശീയ പണിമുടക്ക് വരെ പ്രതീക്ഷിക്കാം. നിലവിലുള്ള ലാഭം കുറയുമെന്ന് ഭയക്കുന്നവരാണ് പലപ്പോഴും മാറ്റങ്ങൾക്ക് കുറുകെ നിൽക്കുന്നതെന്ന് മുൻകാല സംഭവങ്ങൾ പഠിപ്പിക്കുന്നുണ്ട്. റോഡുവഴിയുള്ള ചരക്ക് നീക്കം 60 ശതമാനത്തിൽ നിന്ന് 30 ശതമാനത്തിലേക്ക് കൊണ്ടുവന്നാൽ സാധനവില നിയന്ത്രിച്ച് നിറുത്തുന്നതിനൊപ്പം റോഡിലെ തിരക്കും ഒരു വലിയ പരിധിവരെ ഒഴിവാക്കാനും കഴിയും. ദീർഘകാലാടിസ്ഥാനത്തിൽ സാധാരണ ജനങ്ങൾക്ക് വളരെ ഗുണം ചെയ്യുന്നതാണ് കേന്ദ്രത്തിന്റെ പുതിയ ചരക്കുനീക്ക നയം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NATIONAL LOGISTICS POLICY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.