SignIn
Kerala Kaumudi Online
Friday, 29 March 2024 5.48 PM IST

ബീഹാറിൽ അടവ് പിഴച്ച് ബി.ജെ.പി

nitish-kumar

ബി.ജെ.പിയുമായുള്ള ബാന്ധവം ഉപേക്ഷിച്ച് മഹാസഖ്യകക്ഷികളുടെ പിന്തുണയോടെ ബീഹാറിൽ പുതിയ സർക്കാരുണ്ടാക്കിയ ജെ.ഡി.യു നേതാവ് നിതീഷ് കുമാറിന്റെ ചടുലനീക്കങ്ങൾ തീരെ അപ്രതീക്ഷമാണെന്ന് പറയാനാവില്ല. കുറച്ചുനാളുകളായി അദ്ദേഹം ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു. പറ്റിയ അവസരത്തിനായി കാത്തിരുന്നെന്നുമാത്രം. 243 അംഗ നിയമസഭയിൽ 45 പേരുടെ പിന്തുണ മാത്രമുള്ള നിതീഷിന്റെ പാർട്ടിക്ക് 77 പേരുടെ പിന്തുണയുള്ള ബി.ജെ.പി മുഖ്യമന്ത്രിപദം തളികയിൽവച്ച് നൽകിയതിനു പിന്നിൽ ചില വിശാല ലക്ഷ്യങ്ങളുണ്ടായിരുന്നു. എന്നാൽ രാഷ്ട്രീയത്തിലെ ചുഴിയും മലരിയുമൊക്കെ ഏറെ കണ്ടിട്ടുള്ള കുശാഗ്രബുദ്ധിയായ നിതീഷിന് വടി ഒരു മുഴം മുൻപേ എറിയാൻ കഴിഞ്ഞു. നേരത്തെ മദ്ധ്യപ്രദേശിലും കർണാടകയിലും ഏറ്റവും ഒടുവിൽ മഹാരാഷ്ട്രയിലും പയറ്റിയ അടവുകൾ ബീഹാറിലും പയറ്റാൻ നോക്കിയ ബി.ജെ.പിക്ക് നിതീഷിന്റെ കരണംമറിച്ചിൽ വലിയ രാഷ്ട്രീയ പ്രഹരം തന്നെയാണ്.

രാഷ്ട്രീയത്തിൽ സ്ഥിരമായി സഖ്യങ്ങളോ ബന്ധങ്ങളോ ഇല്ലെന്നു പറയാറുണ്ട്. രാഷ്ട്രീയ നേട്ടങ്ങൾ ഏതു വഴിക്കാണോ വന്നുചേരുന്നത് ആ വഴിക്കു നീങ്ങി പരമാവധി നേട്ടമുണ്ടാക്കുക എന്നതു മാത്രമാണ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയപ്പോൾ അകറ്റിനിറുത്തിയ പഴയ ചങ്ങാതികളെ വീണ്ടും ഒപ്പംനിറുത്താനും മുഖ്യമന്ത്രിക്കസേര നിലനിറുത്താനും അനായാസം നിതീഷിനു സാധിച്ചു. ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യത്തിൽ നിന്ന് അദ്ദേഹം വിട്ടുമാറുന്നത് ഒരു ദശാബ്ദത്തിനിടെ ഇതു രണ്ടാം തവണയാണ്. പല ദേശീയ പ്രശ്നങ്ങളിലും കുറച്ചുകാലമായി അദ്ദേഹം ബി.ജെ.പി നേതൃത്വവുമായി തെറ്റിനിൽക്കുകയായിരുന്നു. ദരിദ്ര സംസ്ഥാനങ്ങളിലൊന്നായ ബീഹാറിനു പ്രത്യേക പദവി നൽകണമെന്ന് അദ്ദേഹം കേന്ദ്രത്തോട് നിരന്തരം ആവശ്യപ്പെട്ടുവരികയായിരുന്നു. കേന്ദ്രം അതിനു ചെവികൊടുത്തില്ല. സുപ്രധാന ദേശീയ വിഷയങ്ങൾ തന്നോട് ആലോചിക്കാതിരുന്നതിലും നിതീഷിന് അമർഷമുണ്ടായിരുന്നു. 'അഗ്നിവീർ" റിക്രൂട്ട്‌മെന്റ് വിഷയത്തിൽ കേന്ദ്രം ഏകപക്ഷീയമായി തീരുമാനമെടുത്തതിലും അദ്ദേഹം രോഷാകുലനായിരുന്നു. നടന്നുവരുന്ന ദേശീയ സെൻസസിൽ ജാതിയും രേഖപ്പെടുത്തണമെന്ന നിർദ്ദേശം കേന്ദ്രം നിരാകരിച്ചതിലും നിതീഷിന് കഠിനമായ എതിർപ്പുണ്ടായിരുന്നു. ബീഹാറിൽ സെൻസസ് എടുക്കുമ്പോൾ ജാതി കൂടി രേഖപ്പെടുത്താൻ അദ്ദേഹം സ്വന്തം നിലയ്ക്ക് ഉത്തരവും ഇറക്കിയിരുന്നു. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കു 40-ൽ 39 സീറ്റ് നേടിക്കൊടുത്ത ജെ.ഡി.യുവിനെ തൊട്ടടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്കു തള്ളിയിട്ടതിനു പിന്നിൽ ബി.ജെ.പിയാണെന്ന ചിന്ത നിതീഷ്‌കുമാർ വച്ചുപുലർത്തിയിരുന്നു. ജെ.ഡി.യുവിലെ പ്രമുഖനായ ആർ.സി.പി സിംഗിനെ തന്നോട് ആലോചിക്കാതെ കേന്ദ്രമന്ത്രിയാക്കിയതിലും എതിർപ്പുണ്ടായിരുന്നു. സിംഗിനെ ചട്ടുകമാക്കി മഹാരാഷ്ട്രയിൽ ശിവസേനയെ പിളർത്തിയതുപോലെ ജെ.ഡി.യുവിനെയും രണ്ടാക്കി ബി.ജെ.പി അധികാരം പിടിക്കുമോ എന്ന സംശയവും ബലപ്പെട്ടിരുന്നു. അപകടം മണത്ത നിതീഷ് ഒരു മുഴം നീട്ടിയെറിഞ്ഞതാണ് ഇപ്പോൾ കണ്ടത്.

അധികാരത്തിനായി കാത്തുനിന്നിരുന്ന ആർ.ജെ.ഡിയെ ഒപ്പം കൂട്ടി പുതിയ മന്ത്രിസഭയുണ്ടാക്കാൻ നിതീഷിന് രണ്ടാമതൊരു നിമിഷം ആലോചിക്കേണ്ടിവന്നില്ല. കോൺഗ്രസും കമ്മ്യൂണിസ്റ്റ് കക്ഷികളും മറ്റുചില ചെറിയ കക്ഷികളും ഒപ്പം കൂടിയിട്ടുമുണ്ട്. നിതീഷിന്റെ രാഷ്ട്രീയ മോഹം ബീഹാർ മുഖ്യമന്ത്രിയിൽ ഒതുങ്ങുന്നതല്ല. 2024ലെ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി പദം തന്നെയാണ് അദ്ദേഹം ലക്ഷ്യമിട്ടിരിക്കുന്നതത്രേ. സഖ്യകക്ഷികളിൽ എത്രയെണ്ണം ഒപ്പമുണ്ടാകുമെന്നേ അറിയാനുള്ളൂ. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം നിതീഷുമായുള്ള സഖ്യം തകർന്നത് വലിയ തിരിച്ചടി തന്നെയാണ്. എൻ.ഡി.എയിൽ ബി.ജെ.പിക്കൊപ്പം ഉത്തരേന്ത്യയിൽ നിന്ന് വലിയ കക്ഷികളൊന്നും ശേഷിക്കുന്നില്ലെന്നത് കുറവു തന്നെയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NITISH KUMAR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.