SignIn
Kerala Kaumudi Online
Tuesday, 16 April 2024 6.03 PM IST

ഇന്ധന കാര്യത്തിലെ ഇരട്ടത്താപ്പ്

oil

അങ്ങനെ നാല്പത്തഞ്ചാം ജി.എസ്.ടി കൗൺസിൽ യോഗവും ഇന്ധനവില പ്രശ്നത്തിൽ കൗശലപൂർവം ഒഴിഞ്ഞുമാറി. പെട്രോളിയം ഉത്‌പന്നങ്ങൾ 'തത്‌കാലം" ജി.എസ്.ടി പരിധിയിൽ കൊണ്ടുവരേണ്ടതില്ലെന്നാണ് കൗൺസിൽ തീരുമാനം. ഇത്തരത്തിലൊരു നിർദ്ദേശം ജി.എസ്.ടി നിലവിൽവന്ന സമയം മുതൽ അന്തരീക്ഷത്തിൽ അലയടിക്കുന്നതാണ്. പക്ഷേ വിഷയം ചർച്ചചെയ്യാൻ പോലുമുള്ള സൗമനസ്യം ഇതുവരെ കേന്ദ്ര - സംസ്ഥാന സർക്കാരുകളിൽ നിന്നുണ്ടായിട്ടില്ല. പൊന്മുട്ടയിടുന്ന താറാവെന്ന നിലയ്ക്കാണ് ഭരണകൂടങ്ങൾ ഇന്ധനമേഖലയെ കാണുന്നത്. അതിൽനിന്നുള്ള നികുതി വരുമാനത്തിൽ ഒരു ശതമാനം പോലും കുറയാൻ അവർ ആഗ്രഹിക്കുന്നില്ല. പെട്രോളിയം ഉത്‌പന്നങ്ങൾക്കൊപ്പം മദ്യവും ജി.എസ്.ടി പരിധിക്കു പുറത്താണ്. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഏതുസമയത്തും അവയ്ക്ക് എത്രവേണമെങ്കിലും നികുതി ചുമത്താം. ഭരിക്കുന്ന കക്ഷികളുടെ അണികളെ തെരുവിലിറക്കി പെട്രോളിയം ഉത്പന്നങ്ങളുടെ അമിത വിലയ്ക്കെതിരെ ഘോരമായി സമരങ്ങൾ സംഘടിപ്പിക്കാം. വാഹനബന്ദും ചക്രസ്തംഭന സമരവും നേതാക്കളുടെ കാളവണ്ടി സമരവുമൊക്കെ ഇതിന്റെ ഭാഗമാണ്. പുറത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ പൊള്ളുന്ന വിലയ്ക്കെതിരെ മുഷ്ടി ചുരുട്ടുന്നവർ ജി.എസ്.ടി പരിധിയിൽ ഇന്ധനത്തെയും ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയരുമ്പോൾ കണ്ണും കാതും അടയ്ക്കും. അതിന് ഇനിയും സമയമായിട്ടില്ലെന്നാണ് മറുപടി. ജനത്തെ ഞെക്കിപ്പിഴിഞ്ഞ് വരുമാനം കുന്നുകൂട്ടുന്ന ഈ പ്രാകൃത നികുതി സമ്പ്രദായം ഉടനൊന്നും അവസാനിപ്പിക്കാൻ പോകുന്നില്ലെന്നാണ് ഏറ്റവും ഒടുവിലത്തെ ജി.എസ്.ടി കൗൺസിൽ യോഗ തീരുമാനവും സൂചിപ്പിക്കുന്നത്.

സംസ്ഥാന ധനമന്ത്രിമാർ ഒറ്റക്കെട്ടായി എതിർത്തതോടെയാണ് പെട്രോളിയം വിഷയം കൗൺസിൽ യോഗത്തിൽ ചർച്ചയ്ക്കെടുക്കാൻ കഴിയാതെ പോയത്. പെട്രോളിയത്തെയും എന്തുകൊണ്ട് ജി.എസ്.ടിയിൽ ഉൾപ്പെടുത്തിക്കൂടാ എന്ന് കേരള ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട ഒരു പൊതുതാത്‌പര്യ ഹർജി പരിഗണിക്കവെ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് വിഷയം കൗൺസിൽ യോഗം മുൻപാകെ എത്തിയത്. എന്നാൽ സംസ്ഥാന ധനമന്ത്രിമാരുടെ രൂക്ഷമായ എതിർപ്പുമൂലം ചർച്ചപോലും നടന്നില്ല. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും പ്രതിഷേധക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു.

ജി.എസ്.ടി നിയമത്തിൽ ഒരു ഉത്‌പന്നത്തിന്റെ പരമാവധി വില്പന നികുതി 28 ശതമാനമാണ്. എന്നാൽ പെട്രോളിയം ഉത്പന്നങ്ങളെയും മദ്യത്തെയും ഇതിൽ ഉൾപ്പെടുത്താത്തതുകൊണ്ട് സർക്കാരുകൾ നിശ്ചയിക്കുന്ന നിരക്കിൽ അവയിൽ നിന്ന് നികുതി ഈടാക്കാം. 39 രൂപ അടിസ്ഥാന വിലയുള്ള പെട്രോളിന് ജി.എസ്.ടി ബാധകമാക്കിയാൽ അൻപത്തഞ്ചോ അറുപതോ രൂപയ്ക്ക് അത് ഉപഭോക്താവിന് ലഭിക്കും. അതുപോലെ ഡീസലും ഈ നിരക്കിനടുത്ത് വിലയ്ക്ക് രാജ്യത്തെവിടെയും ലഭിക്കും. എന്നാൽ പലവിധ നികുതികൾ ചുമത്തി പെട്രോളിയം ഉത്‌പന്നങ്ങൾക്ക് അടിസ്ഥാന വിലയുടെ ഇരട്ടിയിലേറെയാണ് ഇപ്പോൾ ഈടാക്കിവരുന്നത്. വില നിർണയാവകാശം എണ്ണക്കമ്പനികൾക്ക് വിട്ടിരിക്കുന്നതിനാൽ നിത്യേന വില കൂടുകയും ചെയ്യുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് പെട്രോളിയം ഉത്പന്നങ്ങളുടെ വില്പന വഴി മാത്രം ഭീമമായ വരുമാനമാണു ലഭിച്ചിരിക്കുന്നത്. അതിരുകളില്ലാത്ത വരുമാന വർദ്ധനയ്ക്ക് പെട്രോളിയത്തെയും മദ്യത്തെയും മാത്രം ആശ്രയിക്കുന്നതിലെ നീതികേട് തിരിച്ചറിയുകതന്നെ വേണം. രാജ്യത്ത് വിലക്കയറ്റത്തോത് ഉയർത്തുന്നതിൽ പ്രധാന പങ്ക് ഉയർന്ന ഇന്ധന വിലയാണ്.

ജി.എസ്.ടി ബാധകമാക്കിയാൽ ഇന്ധന നികുതി വഴി ലഭിക്കുന്ന അളവറ്റ വരുമാനത്തിൽ കുറവു വരുമെന്നതു ശരിതന്നെ. അത് മറ്റ് മേഖലകളിൽ നിന്ന് സ്വരൂപിക്കാനുള്ള ആസൂത്രണ വൈദഗ്ദ്ധ്യമാണ് സർക്കാരുകൾ കാണിക്കേണ്ടത്. വില കുറഞ്ഞാൽ ഏതൊരു ഉത്‌പന്നത്തിന്റെയും ഉപഭോഗം ഗണ്യമായി ഉയരുമെന്നത് സാമ്പത്തിക ശാസ്ത്ര തത്വമാണ്. ഇന്ധനവില കുറഞ്ഞാൽ ഉപഭോഗവും കൂടും. അതനുസരിച്ച് നികുതി വരുമാനവും ലഭിക്കും. എക്കാലത്തും ഇന്ധനവില പിടിവള്ളിയാക്കി ജനങ്ങളെ ചൂഷണം ചെയ്യുന്നതിനു പകരം നികുതി ഘടന പുനരാവിഷ്കരിക്കുകയാണു വേണ്ടത്. ജി.എസ്.ടി ബാധകമാക്കാൻ സമയമായിട്ടില്ലെന്നു പറയാതെ നികുതിവരുമാനത്തിലെ ചോർച്ച തടയാൻ ശക്തമായ നടപടി എടുക്കണം. രാഷ്ട്രീയ കക്ഷികൾ ഈ വിഷയത്തിലെ ഇരട്ടത്താപ്പ് സമീപനം ഉപേക്ഷിക്കാൻ തയ്യാറാകുന്നതു വരെയെങ്കിലും ഇന്ധനവില വർദ്ധനയ്ക്കെതിരെ നടത്തുന്ന സമര പ്രഹസനങ്ങൾ നിറുത്തിവയ്ക്കാനുള്ള മര്യാദയെങ്കിലും കാണിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OIL PRICE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.