SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.50 PM IST

ഓൺലൈനാകട്ടെ കൺസെഷൻ വിതരണം

photo

പണ്ട് ഗ്യാസ് ബുക്ക് ചെയ്യാൻ ഏജൻസിയിൽ നേരിട്ട് വിളിക്കണമായിരുന്നു. ഒറ്റവിളിയിൽ മിക്കവാറും കിട്ടില്ല. എൻഗേജ്‌ഡ് ആയിരിക്കും. തിരിച്ച് അവർ വിളിക്കുകയുമില്ല. ഇതുകാരണം ഉപഭോക്താക്കൾ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഓൺലൈൻ ബുക്കിംഗ് സമ്പ്രദായം വന്നതിനാൽ അത്തരം പ്രശ്നങ്ങളേയില്ല. ഫോണിലൂടെ ബുക്ക് ചെയ്യാനും പണമടയ്ക്കാനും സാധിക്കും. ടെക്‌നോളജിയുടെ വളർച്ചയാണ് ഈ മാറ്റങ്ങൾ സാദ്ധ്യമാക്കിയത്. സർക്കാരുമായി ബന്ധപ്പെട്ട പല സേവനങ്ങളും ഇപ്പോൾ ഓൺലൈനായി നടത്താൻ കഴിയും.

സർക്കാർ ഓഫീസുകളിൽ നേരിട്ട് പോകാതെ അക്ഷയ സെന്ററുകളിലൂടെയും മറ്റും ഇത്തരം സേവനങ്ങൾ നടത്താനാകുമെന്നത് ജനങ്ങൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. സമയലാഭമാണ് ഏറ്റവും പ്രധാനം. മറ്റൊന്ന് അനാവശ്യമായ തർക്കങ്ങളും വഴക്കുകളും ഒഴിവായി എന്നതാണ്. എന്നാൽ പുതിയ ടെക്‌നോളജിയുടെ കടന്നുവരവ് ഉപയോഗപ്പെടുത്താത്ത വകുപ്പുകളും മേഖലകളുമുണ്ട്. വിദ്യാർത്ഥികളുടെ കൺസെഷൻ വിതരണം നേരിട്ട് എത്തിയാലേ സാധിക്കൂ എന്ന പഴയ രീതിയിലാണ് നടക്കുന്നത്. കാട്ടാക്കടയിൽ ബസ് കൺസെഷൻ എടുക്കാൻ എത്തിയ പെൺകുട്ടിയെയും പിതാവിനെയും ട്രാൻസ്പോർട്ട് ജീവനക്കാർ മർദ്ദിച്ച സംഭവം വലിയ ഒച്ചപ്പാട് സൃഷ്ടിച്ചതാണ്. അത് ട്രാൻസ്പോർട്ട് കോർപ്പറേഷന് വരുത്തിവച്ച പേരുദോഷവും ചെറുതല്ല. എന്തായാലും ആ സംഭവത്തിൽ നിന്ന് ഒരു നല്ല പാഠം പഠിക്കാൻ കോർപ്പറേഷൻ തയ്യാറായി എന്നതാണ് വിദ്യാർത്ഥികളുടെ ബസ് കൺസെഷൻ വിതരണം അടുത്ത അദ്ധ്യയന വർഷം മുതൽ ഓൺലൈൻ മുഖേനയാക്കുമെന്ന മന്ത്രി ആന്റണി രാജുവിന്റെ പ്രഖ്യാപനത്തിൽ നിന്ന് മനസിലാവുന്നത്. ഏതൊക്കെ സ്ഥാപനങ്ങൾക്ക് കൺസെഷന് അർഹതയുണ്ടാകും എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ഓൺലൈനിൽ ലഭിക്കും. നവംബർ 15 മുതൽ ഇതിന്റെ ആദ്യ പരീക്ഷണം നടത്തുമെന്നാണ് മന്ത്രി പറഞ്ഞത്. കാട്ടാക്കട സംഭവമുണ്ടാകാൻ കാത്തിരിക്കാതെ ഇതുപോലുള്ള കാര്യങ്ങൾ നേരത്തേ തുടങ്ങേണ്ടതായിരുന്നു. വൈകിയാണെങ്കിലും തുടങ്ങുന്നത് നല്ലതാണ് . ഇതിലൂടെ അർഹരായ വിദ്യാർത്ഥിക്ക് വീട്ടിലിരുന്നുതന്നെ കൺസെഷൻ പുതുക്കാനും കോപ്പി എടുക്കാനും കഴിയുമെന്ന് കരുതാം. വരുമാനം കൂടിയാൽ കെ.എസ്.ആർ.ടി.സിയിൽ എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകുമെന്ന വാഗ്ദാനവും മന്ത്രി നൽകിയിട്ടുണ്ട്. സർക്കാർ സഹായം കൊണ്ടാണ് ഇപ്പോൾ അഞ്ചാം തീയതിയെങ്കിലും ശമ്പളം നൽകാനാവുന്നത്. അതോടൊപ്പം മാറ്റങ്ങൾ കെ.എസ്.ആർ.ടി.സിയുടെ നിലനില്പിന് ആവശ്യമാണെന്ന ബോധം ജീവനക്കാരിലും വന്നുതുടങ്ങിയെന്നത് ശുഭസൂചനയാണ്.

കേരളപ്പിറവി മുതൽ എല്ലാ യൂണിറ്റിലും പഞ്ചിംഗ് ഏർപ്പെടുത്തുകയാണ്. അതിനെതിരെ യൂണിയനുകളൊന്നും പ്രതികരിച്ചിട്ടില്ല എന്നതുതന്നെ ജീവനക്കാരും മാറാൻ തുടങ്ങി എന്നതിന്റെ ലക്ഷണമാണ്. സമയത്തിന് ജീവനക്കാർ എത്തണമെന്ന് നിഷ്‌കർഷിക്കുന്നതും അത് രേഖപ്പെടുത്തുന്നതിനുള്ള ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതും മാനേജ്‌മെന്റിന്റെ അവകാശമാണ്. എല്ലാം പഴയപടി മതി എന്ന നിലപാട് ജീവനക്കാർ കൈക്കൊള്ളുന്നത് ആത്യന്തികമായി സ്ഥാപനത്തെ പിറകോട്ടടിക്കാനേ ഇടയാക്കൂ. ഏതു സ്ഥാപനത്തെയും അനാവശ്യ ചെലവുകൾ ഒഴിവാക്കി മുന്നോട്ട് നയിക്കാൻ ആധുനിക ടെക്നോളജിയുടെ സഹായം കൂടാതെ കഴിയില്ല. വൈകിയാണെങ്കിലും ട്രാൻസ്‌പോർട്ട് ജീവനക്കാരും ഇതെല്ലാം ഉൾക്കൊള്ളാൻ തുടങ്ങുന്നു എന്നത് നല്ല ദിശയിലേക്കുള്ള പ്രയാണം ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ONLINE KSRTC STUDENT BUS CONCESSION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.