SignIn
Kerala Kaumudi Online
Thursday, 25 April 2024 8.53 PM IST

തടയിടേണ്ട ഓൺലൈൻ റമ്മി

online-rummy

മഹാഭാരത കാലം മുതലേ ഉള്ളതാണ് ചൂതുകളി. എല്ലാ ഗുണങ്ങളുടെയും വിളനിലമായിരുന്ന ധർമ്മപുത്രർക്ക് ഉണ്ടായിരുന്ന ഒരേയൊരു ദൗർബല്യമായിരുന്നു ചൂതുകളി ഭ്രമം. അതാകട്ടെ സ്വത്തും പണവും രാജ്യവും സഹോദരങ്ങളും സ്വന്തം ഭാര്യയെ വരെ പണയം വയ്ക്കുന്നതിലും ഒടുവിൽ പാണ്ഡവരുടെ പലായനത്തിലുമാണ് കലാശിച്ചത്. ശകുനിയുടെ പിൻബലത്തോടെ കള്ളക്കളിയിലൂടെയാണ് ദുര്യോധനൻ ധർമ്മപുത്രരെ തോല്പിച്ചത്. കലിയുടെ സഹായത്തോടെ നളനെ പുഷ്‌ക്കരൻ തോല്പിച്ചതും കള്ളക്കളിയിലൂടെയാണ്.

എത്രമാത്രം നഷ്ടങ്ങൾ സംഭവിച്ചാലും പിന്മാറാൻ പ്രേരിപ്പിക്കാത്ത വിധം ഈ ഭ്രമം വ്യക്തികളെ അടിമയാക്കിക്കളയും. ഈ ആധുനിക കാലത്തും രൂപവും ഭാവവും മാറി ചൂതുകളി തുടരുന്നു. അതിൽ വീണുപോകുന്ന വ്യക്തിയെ കടത്തിന്റെ നടുക്കയത്തിലേക്ക് എറിയുക എന്നതാണ് ചൂതുകളിയുടെ എക്കാലത്തെയും സ്വഭാവം. ഓൺലൈൻ റമ്മിയിൽ ലക്ഷങ്ങൾ കടമായ ഇരുപതോളം പേരാണ് കേരളത്തിൽ ഇതിനകം ആത്മഹത്യ ചെയ്തത്. കൊവിഡ് കാലത്ത് മറ്റെല്ലാ സ്ഥാപനങ്ങളും പൂട്ടിക്കിടന്നപ്പോഴും ചൂതുകളി നടത്തിപ്പുകാർ ഓൺലൈനിലൂടെ കോടികൾ വാരി. ആദ്യമൊക്കെ പണം നൽകി വലയിലാക്കിയതിന് ശേഷം വലിയ തുകകളുടെ കളി തുടരുമ്പോൾ തുടർച്ചയായി പണം നഷ്ടപ്പെടുന്നതാണ് കണ്ടുവരുന്നത്. സ്വന്തം അക്കൗണ്ടിൽ പണം തീർന്നാൽ അമ്മയുടെയും അച്ഛന്റെയും അക്കൗണ്ട് വിവരങ്ങൾ നൽകിയാൽ അതിൽനിന്ന് ചൂതുകളി കമ്പനികൾ പണം പിൻവലിച്ചുകൊള്ളും. ഇതൊന്നുമില്ലാതെ ഓൺലൈനിലൂടെ ഇങ്ങോട്ട് പണം കളിക്കാനായി തരുന്നവരുമുണ്ട്. പിന്നാലെ പണം പലിശ സഹിതം പിടിച്ച് വാങ്ങിക്കാൻ ഗുണ്ടകളാവും വീട്ടിലെത്തുക.

ചൂതുകളിഭ്രമം പലരും രഹസ്യമാക്കി വച്ചിരിക്കുന്നതിനാൽ പലരുടെയും ആത്മഹത്യയ്ക്ക് ശേഷമാവും ബന്ധുക്കളും സുഹൃത്തുക്കളും മറ്റും ഇതൊക്കെ അറിയുക. നിലവിലുള്ള നിയമം അനുസരിച്ച് ഇത് നിരോധിക്കാൻ കഴിയില്ല. അതു വേണ്ടരീതിയിൽ പഠിക്കാതെ 2021 ഫെബ്രുവരിയിൽ സർക്കാർ ഓൺലൈൻ റമ്മി നിരോധിച്ചിരുന്നു. ഇതിനെതിരെ ഓൺലൈൻ കമ്പനികൾ ഹൈക്കോടതിയെ സമീപിച്ചു. റമ്മി ഗെയിം ഓഫ് സ്‌കിൽ ആണെന്നും ഗെയിം ഓഫ് ചാൻസ് അല്ലെന്നും സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. കേരള ഗെയിമിംഗ് നിയമം 14-ാം വകുപ്പനുസരിച്ച് ഓൺലൈൻ റമ്മി ഗെയിം ഒഫ് സ്‌കിൽ ആയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. യഥാർത്ഥത്തിൽ പുതിയ നിയമ നിർമ്മാണത്തിലൂടെ ഇത് മാറ്റിയ ശേഷം വേണമായിരുന്നു സർക്കാർ നിരോധനം ഏർപ്പെടുത്താൻ. ഇതറിയാത്തവരാണോ നിയമ വകുപ്പിലിരിക്കുന്നതെന്ന് പരിശോധിക്കേണ്ടതാണ്. നിയമപ്രകാരമല്ലാത്തതിനാൽ ഹൈക്കോടതി നിരോധനം റദ്ദാക്കി സർക്കാർ നിരോധിച്ചെങ്കിലും ഹൈക്കോടതി റദ്ദാക്കിയതിനാൽ എന്തുചെയ്യുമെന്ന് വാചകമടിക്കാൻ രാഷ്ട്രീയക്കാർക്ക് അവസരം ലഭിക്കുകയും ചെയ്തു. ഓൺലൈൻ ചൂതാട്ട കമ്പനികളെ സഹായിക്കാനാണോ ഇങ്ങനെ ചെയ്തതെന്നും സംശയിക്കാം. എന്തായാലും ചെറുപ്പക്കാരുടെ ആത്മഹത്യകളും കടക്കെണിയിലായവരുടെ പരാതികളും കൂടിയതോടെ പുതിയ നിയമ ഭേദഗതിയോടെ ഓൺലൈൻ റമ്മി നിരോധിക്കാൻ സർക്കാർ തലത്തിൽ ശ്രമം തുടങ്ങിയതായി അറിയുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന ഡി.ജി.പി ആഭ്യന്തരവകുപ്പിന് നൽകിയ ശുപാർശ നിയമവകുപ്പിന് കൈമാറിയിരിക്കുകയാണ്. നിയമത്തിൽ പഴുതടച്ച ഭേദഗതി വരുത്താൻ ഇത്തവണയെങ്കിലും ശ്രദ്ധിക്കണം. എന്തുവന്നാലും തടയിടേണ്ട ഒരു വിപത്താണ് ഓൺലൈൻ റമ്മി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ONLINE RUMMY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.