SignIn
Kerala Kaumudi Online
Friday, 19 April 2024 1.11 PM IST

പി.ടി എന്ന പോരാളി

p-t-thomas

കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും നിയമസഭാംഗവുമായ പി.ടി.തോമസിന്റെ അകാല വേർപാട് കോൺഗ്രസിന്റെ മാത്രമല്ല രാഷ്ട്രീയത്തിൽ ഉന്നത മൂല്യങ്ങളും ആദർശവും ഉയർത്തിപ്പിടിക്കുന്ന ,കക്ഷിഭേദമന്യെയുള്ള രാഷ്ട്രീയ ചിന്താധാരയുടെ തന്നെ വലിയ നഷ്‌ടമാണ്. അസാധാരണമായ ചങ്കൂറ്റമായിരുന്നു പി.ടി.തോമസ് എന്ന നേതാവിനെ വേറിട്ടു നിറുത്തിയത്. പകരം വയ്ക്കാനാവാത്തതായിരുന്നു ആ വ്യക്തിത്വം. തന്റെ വിശ്വാസപ്രമാണങ്ങളുടെ നീതിസാക്ഷാത്ക്കാരത്തിനു വേണ്ടി എന്നും പോരാടിയ പി.ടിഅർബുദത്തിനു മുന്നിലാണ് കീഴടങ്ങിയത്. അവിടെയും രോഗത്തെ ശാന്തമായി, പുഞ്ചിരിയോടെ നേരിട്ടു. മരണത്തെ ധീരമായി അഭിമുഖീകരിക്കാൻ തയ്യാറെടുത്തതുകൊണ്ട് അന്ത്യാഭിലാഷങ്ങൾ എഴുതിവച്ചു. പക്ഷേ ഈ വിടപറച്ചിലിന് വേഗം കൂടിപ്പോയെന്ന് പറയാതിരിക്കാനാവില്ല.

ഏറ്റെടുക്കുന്ന വിഷയങ്ങൾക്കൊപ്പം അന്തിമതീർപ്പ് വരെയും നിലകൊള്ളാൻ ഉശിരുള്ള നേതാവായിരുന്നു പി.ടി.തോമസ്. അതിനുവേണ്ടി ഏതറ്റംവരെ പോകാനും പി.ടിയ്ക്ക് ഒരു മടിയുമില്ലായിരുന്നു. പാതിവഴിയ്ക്ക് പിന്തിരിയുന്ന നിലപാട് ഒരിക്കലും സ്വീകരിച്ചിട്ടുമില്ല. ആ പോരാട്ടത്തിൽ തനിക്ക് വ്യക്തിപരമായി ഉണ്ടാകുന്ന നഷ്ടങ്ങളെ പി.ടിയിലെ രാഷ്ട്രീയക്കാരൻ ഗൗനിച്ചതേയില്ല. തനിക്കെന്താണ് ലാഭമെന്ന് ആലോചിച്ചതുമില്ല. രാഷ്ട്രീയം പൊതുവേ വിട്ടുവീഴ്ചകളുടെ കളിക്കളമാകുന്ന ഈ കാലത്ത് സ്വന്തം നേട്ടമെന്ന ലക്ഷ്യത്തിനായി മാത്രം കരുക്കൾ നീക്കുന്നവർക്കിടയിൽ എന്നും പി.ടി ഒഴിഞ്ഞുനിന്നു. അതുകൊണ്ടാണ് അർഹത ഉണ്ടായിട്ടും ഒരിക്കൽപ്പോലും പി.ടി.തോമസ് മന്ത്രിയാകാതെ പോയത്. പക്ഷേ ജനം എന്നും പി.ടിയോടൊപ്പമായിരുന്നു. നാലുതവണ എം.എൽ.എ യും ഒരുതവണ എം.പിയുമായത് ജനാഭിലാഷങ്ങൾക്കൊപ്പം നിന്നതിനാലായിരുന്നു.

കെ.എസ്.യുവിലൂടെ കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന പി.ടി. തോമസ് എന്നും ഇച്ഛാശക്തി പ്രകടമാക്കിയ നേതാവായിരുന്നു. തനിക്ക് ഹിതമല്ലാത്തത് തുറന്നുപറയുമ്പോൾ ആരുടേയും മുഖം നോക്കിയില്ല. തന്റെ പാർട്ടിയിലും പറയാനുള്ളത് പി.ടി പറഞ്ഞുതന്നെ പോയി. കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകളുടെ ചേരിപ്പോര് പാരമ്യത്തിലെത്തിയപ്പോൾ എ ഗ്രൂപ്പിന്റെ മുന്നണിപ്പോരാളിയായിരുന്നു പി.ടി.തോമസ്.

കെ.കരുണാകരനെപ്പോലെ കരുത്തനായ നേതാവ് കോൺഗ്രസ് രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന ആ നാളുകളിൽ, കരുണാകരനെ നിശിതമായി വിമർശിച്ച് പാർട്ടി മീറ്റിംഗുകളിലും പരസ്യമായും പി.ടി.ആഞ്ഞടിച്ചു. ആ പോരാട്ടത്തിൽ എ ഗ്രൂപ്പ് അന്തിമവിജയം നേടിയെങ്കിലും അതിന്റെ പങ്കുപറ്റാൻ പി.ടി ഇല്ലായിരുന്നു. സ്ഥാനമാനങ്ങൾ പിടിച്ചുവാങ്ങാൻ മടിക്കുന്ന പി.ടി.യുടെ പ്രകൃതം ഗ്രൂപ്പ് നേതാക്കൾ സൗകര്യമായിക്കണ്ട് അവഗണിച്ചു.

ക്രൈസ്തവ സഭാനേതൃത്വത്തോടും ഏറ്റുമുട്ടാൻ പി.ടി.തയ്യാറായി. വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ അതിന് വലിയവില നല്‌കേണ്ടിവരുമെന്ന് അറിയാമായിരുന്നിട്ടും സത്യത്തിനും നീതിക്കും വേണ്ടിയുള്ള സമരത്തിൽ വെള്ളം ചേർക്കാൻ പി.ടി.തോമസ് തയ്യാറായില്ല. ഇടുക്കിയിൽ പാരിസ്ഥിതിക വിഷയങ്ങളിൽ പി.ടി.എടുത്ത ധീരമായ നിലപാടുകൾ അദ്ദേഹത്തിന്റെ പാർട്ടി ഗൗരവമായി കണ്ടില്ലെന്നതാണ് സത്യം.

വയലാർ രവി, എ.കെ.ആന്റണി, ഉമ്മൻചാണ്ടി, വി.എം.സുധീരൻ എന്നീ പഴയകാല യുവതുർക്കികളുടെ തലമുറയ്ക്കുശേഷം കോൺഗ്രസിൽ വന്നുചേർന്ന ഉജ്ജ്വലമായ ശബ്ദമായിരുന്നു പി.ടിയുടേത്. നിയമസഭയിൽ കൂസാതെ സംസാരിക്കുന്ന പി.ടി.യെ എതിർചേരിയിൽപ്പെട്ടവർ ഭയപ്പെട്ടിരുന്നുവെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല.

ജീവിതസഖിയെ തിരഞ്ഞെടുത്തപ്പോഴും പി.ടി ജാതിയും മതവും നോക്കിയിരുന്നില്ല . വലിയ സൗഹൃദങ്ങളുടെ ഉടമയായിരുന്ന പി.ടി.അടുപ്പമുള്ളവർക്കെല്ലാം മറക്കാനാവാത്ത സ്മരണകൾ ബാക്കിയാക്കിയാണ് മടങ്ങുന്നത്. വിടവാങ്ങുമ്പോഴും തന്റെ ആദർശചിന്താഗതി പി.ടി മുറുകെപ്പിടിക്കുകയാണ്. സംസ്കാരത്തിന് മതപരമായ ചടങ്ങുകൾ വേണ്ടെന്നും മൃതദേഹത്തിൽ റീത്തും മറ്റും വയ്ക്കരുതെന്നും വയലാറിന്റെ 'ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരമെന്ന' ഗാനം ചെറിയ ശബ്ദത്തിൽ കേൾപ്പിക്കണമെന്നും പി.ടി എഴുതിവച്ചിരുന്നു.

ഇനിയും എത്രയോകാലം കേരളത്തിന്റെ പൊതുജീവിതത്തെ ധന്യമാക്കേണ്ട പി.ടി തോമസ് വയലാറിന്റെ ഗാനത്തിലെ വരികൾപോലെ, വിടപറയും മുമ്പ് സ്വയം ചോദിച്ചിരിക്കാം.

" മതിയാകും വരെ ഇവിടെ ജീവിച്ച് മരിച്ചവരുണ്ടോ " ...എന്നും " ഈ മനോഹരതീരത്ത് തരുമോ ഇനിയൊരു ജന്മം കൂടിയെന്നും..." ഞങ്ങളുടെ അഭ്യുദയകാംക്ഷിയും ഉറ്റമിത്രവുമായ പി.ടി.തോമസിന് ആദരാഞ്ജലികൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: P T THOMAS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.