SignIn
Kerala Kaumudi Online
Tuesday, 16 April 2024 9.25 PM IST

കലാപ്രവർത്തകരോടും കരുണ കാട്ടണം

photo

കൊവിഡ് കാലത്ത് സംസ്ഥാനത്തെ സ്റ്റേജ് കലാകാരന്മാരും സമാനരംഗത്തുള്ളവരും നേരിടേണ്ടിവരുന്ന അതീവ സങ്കടകരമായ അവസ്ഥ വിവരിക്കുന്ന കുറിപ്പ് കലാസപര്യ ജീവിതവ്രതമാക്കിയ സൂര്യകൃഷ്ണമൂർത്തിയുടേതായി മാദ്ധ്യമങ്ങളിൽ വന്നിരുന്നു. നിയന്ത്രണങ്ങളിൽ ഏറ്റവും കൂടുതൽ വിവേചനം നേരിടുന്നത് ഈ വിഭാഗമാണെന്ന് ഉദാഹരണസഹിതം അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അത് നൂറു ശതമാനവും വാസ്തവമാണ്. പൊതുവായ സുരക്ഷയ്ക്കായി സർക്കാർ പ്രഖ്യാപിക്കുന്ന നിയന്ത്രണങ്ങളുമായി സഹകരിക്കാൻ ജനം ബാദ്ധ്യസ്ഥരാണ്. അതേസമയം നടപടികൾ പക്ഷപാതപരവും യുക്തിഹീനവും ആകാതിരിക്കണം.

കൊവിഡ് വ്യാപനം തടയാൻ ആളുകൾ കൂട്ടംകൂടുന്നതിന് സർക്കാർ കർക്കശ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിതീവ്ര വ്യാപനമുള്ള ജില്ലകളെ ബി, സി പട്ടികയിലാണു പെടുത്തിയിരിക്കുന്നത്. പ്രതിദിന രോഗികൾ അരലക്ഷത്തോടടുത്തിട്ടും സി വിഭാഗത്തിൽ വരുന്ന ഒരു ജില്ലയും സംസ്ഥാനത്തില്ല. ബി വിഭാഗത്തിലുൾപ്പെട്ട ജില്ലകളിൽ ആരാധനാലയങ്ങളിൽ പോലും പ്രവേശന വിലക്കുണ്ട്. അതേസമയം മാളുകൾ, തിയേറ്ററുകൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സ്വയം നിയന്ത്രണമേയുള്ളൂ. തിയേറ്ററുകളിൽ സിനിമ പ്രദർശനമാകാമെങ്കിലും ആരാധനാലയങ്ങളിൽ സ്റ്റേജ് പരിപാടികൾ പാടില്ല. ക്ഷേത്രങ്ങളിൽ വാർഷികോത്സവത്തിന്റെ നാളുകളാണിത്. ഇവയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന പതിനായിരക്കണക്കിന് ആളുകളുണ്ട്. കഴിഞ്ഞ വർഷവും കൊവിഡ് മൂർച്ഛിച്ചിരുന്നതിനാൽ അവർക്കെല്ലാം അന്നം മുട്ടി.

സ്ഥിതി സാധാരണ നിലയിലാകുമെന്നു പ്രതീക്ഷിച്ചിരുന്നപ്പോഴാണ് കൊവിഡിനൊപ്പം ഒമിക്രോൺ എന്ന ഭീകരനും ആടിത്തിമിർക്കുന്നത്. സ്റ്റേജ് കലാകാരന്മാരുടെയും ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ട ജോലികളിലേർപ്പെടുന്നവരുടെയും ജീവിതം വീണ്ടും വഴിമുട്ടുകയാണ്.

കൊവിഡ് നിയന്ത്രണങ്ങളിലെ വൈരുദ്ധ്യം ഒറ്റനോട്ടത്തിൽ പ്രകടമാണ്. സ്കൂളുകളും കോളേജുകളും അവസാന വർഷക്കാർക്കായി തുറന്നിരിക്കുകയാണ്. മാളുകളുൾപ്പെടെയുള്ള കച്ചവട സ്ഥാപനങ്ങളെല്ലാം സാധാരണ മട്ടിൽ പ്രവർത്തിക്കുന്നു. ഗതാഗതത്തിനും തടസമില്ല. വിവാഹം, മരണം തുടങ്ങിയവയ്ക്ക് ആൾ നിയന്ത്രണം കർക്കശമാണ്. എന്നാൽ അഞ്ഞൂറും അറുനൂറും പേർ രണ്ടരയോ മൂന്നോ മണിക്കൂർ സിനിമാതിയേറ്ററിലിരുന്നാൽ കൊവിഡ് പകരില്ല ! രാഷ്ട്രീയ പാർട്ടി സമ്മേളനങ്ങൾക്കും പ്രതിഷേധ സമരങ്ങൾക്കും ഒരു നിയന്ത്രണവുമില്ല. കൊവിഡ് കത്തിപ്പടരുന്നതിനിടയിലാണ് മകരവിളക്കിന് മുക്കാൽലക്ഷം പേർ മല കയറിയത്. ശബരിമല വരുമാനം 150 കോടി രൂപ കവിഞ്ഞതിൽ ദേവസ്വം ബോർഡ് ആശ്വാസം കൊള്ളുന്നു. അതേസമയം ദിവസം മുഴുവൻ തുറന്നിരുന്നാലും അൻപതുപേർ പോലുമെത്താത്ത ക്ഷേത്രങ്ങൾക്ക് പുതിയ വിലക്ക് ബാധകമാണ്. സമ്മേളനങ്ങൾ രാഷ്ട്രീയ പാർട്ടികളുടേതാണെങ്കിൽ തലയെണ്ണാൻ ആരും വരില്ല. കല്യാണസ്ഥലത്തും മരണസ്ഥലത്തുമൊക്കെ അതിന് അധികാരപ്പെട്ടവർ വന്നെന്നിരിക്കും.

തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളൊന്നും അടയ്ക്കണമെന്നല്ല പറയുന്നത്. നിയന്ത്രിതമായി സ്റ്റേജ് കലാകാരന്മാർക്കും പ്രവർത്തിക്കാൻ അനുവാദം നൽകണം. ഉത്സവങ്ങൾക്കും പെരുന്നാളിനും സാംസ്കാരിക പരിപാടികൾക്കുമൊക്കെ വേദി ലഭിച്ചാലേ അവർക്ക് നേരിയ വരുമാനമെങ്കിലും ലഭിക്കൂ. എല്ലാം അടച്ചിടലല്ല കൊവിഡിനെ നേരിടാനുള്ള തന്ത്രമെന്നു ലോകം തിരിച്ചറിഞ്ഞതാണ്. മഹാമാരിക്കൊപ്പം കഴിഞ്ഞ് അതിനെ നേരിടുകയാണ് പുതിയ സമീപനം.

നിയന്ത്രണങ്ങളിലെ വൈരുദ്ധ്യങ്ങൾ അധികൃതർ തിരിച്ചറിയണം. പരിഹാര നടപടികളും സ്വീകരിക്കണം. ആഴ്ചയും നാളും നോക്കിയിട്ടല്ല കൊവിഡ് വ്യാപിക്കുന്നതെന്നതിനാൽ ഞായറാഴ്ചയിലെ കടുത്ത നിയന്ത്രണം ഉദ്ദേശിച്ച ഫലം തരണമെന്നില്ല. ഒന്നാം ഘട്ടത്തിൽ കൈക്കൊണ്ട പല നടപടികളുടെയും നിഷ്‌ഫലത പിന്നീടു ബോദ്ധ്യമായതാണ്. ഇതിനർത്ഥം നിയന്ത്രണങ്ങൾ കെട്ടഴിച്ചുവിടണമെന്നല്ല. പ്രായോഗികവും യുക്തിപൂർവവുമായ നിയന്ത്രണങ്ങളാണ് അഭികാമ്യം. തൊഴിൽ മേഖലകൾ സജീവമായി നിലനിൽക്കേണ്ടത് ആവശ്യമാണ്. ചില വിഭാഗങ്ങളെ മാത്രം മാറ്റിനിറുത്തുന്നത് വിവേചനമാണ്. സ്റ്റേജ് കലാകാരന്മാരുടെയും മറ്റും കാര്യത്തിൽ എന്തുചെയ്യാനാകുമെന്ന് സർക്കാർ ആലോചിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PERPERFORMING ARTIST ARE IN CRISIS DUE TO COVID
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.