SignIn
Kerala Kaumudi Online
Friday, 19 April 2024 2.23 AM IST

പദ്ധതി നടപ്പാക്കുന്നതിലും വേണം സമയക്രമം

planning

തലസ്ഥാന ജില്ലയുടെ സുസ്ഥിര വികസനത്തിന് ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആവശ്യമാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ ആവശ്യമുയർന്നത് ശ്രദ്ധേയമായി. കുറെ വർഷങ്ങളിലായി മുപ്പതിനായിരം കോടി രൂപയുടെയെങ്കിലും പുതിയ പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെന്നാണ് സെമിനാറിൽ പറഞ്ഞുകേട്ടത്. ഇവയിൽ എത്രയെണ്ണം നടപ്പിലായെന്ന് അന്വേഷിക്കുമ്പോഴാണ് വികസന പദ്ധതികളുടെ കാര്യത്തിൽ ജില്ല മാത്രമല്ല കേരളം തന്നെ എവിടെ നിൽക്കുന്നു എന്ന ദരിദ്രാവസ്ഥ ബോദ്ധ്യപ്പെടുക.

തലസ്ഥാന വികസനത്തിനായി പലപ്പോഴായി തയ്യാറാക്കിയ നിരവധി മാസ്റ്റർ പ്ളാനുകളുണ്ട്. കൃത്യമായ സമയ പട്ടിക തയ്യാറാക്കി അവ നടപ്പാക്കാൻ നടപടി എടുക്കാത്തതു കൊണ്ടാണ് അവയൊക്കെ കിടന്നുപോയത്. ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് പദ്ധതികൾ ആവിഷ്കരിച്ചു സമയബന്ധിതമായി അവ പൂർത്തിയാക്കുമ്പോഴാണ് ഗുണഫലം ലഭ്യമാവുക. റെയിൽ - റോഡ് വികസനം, അടിപ്പാതകൾ, മേൽപ്പാലങ്ങൾ, റെയിൽവേ മേൽപ്പാലങ്ങൾ, തീരദേശ പാത, മലയോര പാതകൾ എന്നിവയൊക്കെ നിശ്ചിത കാലാവധിക്കുള്ളിൽ പൂർത്തിയാക്കാൻ കഴിയുന്നവയാണ്. തലസ്ഥാന നഗരിയിലെ ഏറ്റവും തിരക്കേറിയ രണ്ടു ജംഗ്ഷനുകളായ ശ്രീകാര്യത്തും പേരൂർക്കടയിലും ഫ്ലൈ ഓവറുകൾ സ്ഥാപിച്ച് ഗതാഗതം സുഗമമാക്കാനുള്ള പദ്ധതി കടലാസിൽ കുരുങ്ങിക്കിടക്കുകയാണ്. ഏതായാലും പേരൂർക്കടയിലെ നിർദ്ദിഷ്ട ഫ്ളൈഓവർ യാഥാർത്ഥ്യമാകാനുള്ള അവസാന കടമ്പകളും കടന്നതായി വാർത്ത വന്നിട്ടുണ്ട്. അപ്പോഴും ശ്രീകാര്യം ഓവർബ്രിഡ്‌ജ് കാര്യത്തിൽ തീർപ്പായിട്ടില്ല. കഴക്കൂട്ടം - കാരോട് ബൈപാസിൽ കുപ്പിക്കഴുത്തായി തുടരുന്ന ഈഞ്ചയ്ക്കൽ ജംഗ്ഷനിലെ നിർദ്ദിഷ്ട ഓവർബ്രിഡ്‌ജ് സ്വപ്നമായി ശേഷിക്കുകയാണ്. ബൈപാസ് നിർമ്മാണത്തോടൊപ്പം നിർമ്മിക്കേണ്ടിയിരുന്ന ഈ ഓവർബ്രിഡ്‌ജോ അടിപ്പാതയോ രാഷ്ട്രീയക്കാരുടെ ശക്തമായ എതിർപ്പിനെത്തുടർന്നാണ് ഉപേക്ഷിക്കേണ്ടിവന്നത്.

കാസർകോട്, കുട്ടനാട്, ഇടുക്കി, വയനാട് പ്രദേശങ്ങൾ വികസന പദ്ധതികൾക്കായി ദാഹിക്കുന്നവയാണ്. ഇവിടങ്ങൾക്കായി പ്രത്യേക പദ്ധതികളാണ് ആവശ്യം. വർഷം മുഴുവൻ വെള്ളത്തിൽ കിടക്കുന്ന കുട്ടനാടിനു വേണ്ട പദ്ധതികളാവില്ല ഹൈറേഞ്ച് പ്രദേശമായ ഇടുക്കിക്ക്. വയനാടിനും കാസർകോടിനും ഇണങ്ങുന്ന വികസന പദ്ധതികളാണ് അവിടത്തുകാർക്കായി ഏറ്റെടുക്കാൻ. സംസ്ഥാനത്തിന്റെ പൊതുവായ വികസനത്തിനും നന്മയ്ക്കും ഉതകുന്ന ബൃഹത് പദ്ധതികളുടെ കാര്യം വരുമ്പോൾ രാഷ്ട്രീയം മറന്ന് ഒന്നിച്ചുനിൽക്കാനും കഴിയണം. സങ്കുചിതമായ സമീപനം കൊണ്ട് വികസന പദ്ധതികൾക്ക് തടയിടുന്ന പതിവു ശീലം ഉപേക്ഷിക്കാൻ തയ്യാറല്ലെങ്കിൽ സംസ്ഥാനം ഒരിടത്തും എത്താൻ പോകുന്നില്ലെന്നു ഇതിനകം തെളിഞ്ഞതാണ്.

കാസർകോട് നിന്ന് തിരുവനന്തപുരം വരെയുള്ള ദേശീയപാത വികസനം തടസങ്ങളെല്ലാം മാറി പ്രവർത്തന ഘട്ടത്തിലേക്കു കടന്നത് സമീപകാലത്തെ ഏറ്റവും വലിയ വികസന വിജയമായി കാണാവുന്നതാണ്. പാലക്കാട് - കോഴിക്കോട് ദേശീയപാത നാലുവരിയായി വികസിപ്പിക്കുന്ന പദ്ധതിയുടെ കാര്യത്തിലും പുരോഗതി ഉണ്ടായിട്ടുണ്ട്. എം.സി റോഡ്, കൊല്ലം - ചെങ്കോട്ട, കൊച്ചി - മൂന്നാർ തുടങ്ങിയ പാതകളുടെ വികസനം കൂടി പൂർത്തിയാകുന്നതോടെ അടിസ്ഥാന വികസനത്തിൽ സംസ്ഥാനത്തിന്റെ നില പതിന്മടങ്ങ് ഉയരും. വളർച്ചയ്ക്കുപകരിക്കുന്ന അനവധി തൊഴിൽ സംരംഭങ്ങളും ഇതോടൊപ്പം ഉയർന്നുവരും. തൊഴിലവസരങ്ങൾ വർദ്ധിക്കുന്നതിനൊപ്പം ജീവിത നിലവാരവും ഉയരും. വൻതോതിലുള്ള വികസന പദ്ധതികൾ ഏറ്റെടുക്കേണ്ടിവരുമ്പോൾ അതിന്റെ ആഘാതം ബാധിക്കുന്ന ഒരു വിഭാഗം ആൾക്കാർ ഉണ്ടാകും. പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കി അവരെ സംരക്ഷിക്കാൻ സാധിച്ചാൽ വികസന പദ്ധതികളോടുള്ള ജനങ്ങളുടെ എതിർപ്പ് നല്ലതോതിൽ ഇല്ലാതാകും. അപ്പോഴും രാഷ്ട്രീയ കാരണങ്ങളാലുള്ള എതിർപ്പിന്റെ വഴി തേടുന്നവരെ തടയാനാവില്ലെന്നതു വാസ്തവമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PLANNING
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.