SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.40 PM IST

പൊലീസ് മുഖം കൂടുതൽ തിളങ്ങട്ടെ

police

പൊലീസ് സേനയ്ക്ക് പുതിയൊരു മുഖം നൽകാനുള്ള പുതിയ പൊലീസ് മേധാവി അനിൽകാന്തിന്റെ ശ്രമം ഫലപ്രാപ്തിയിലെത്തട്ടെ. സേനാതലപ്പത്ത് പുതുതായി എത്തുന്നവരുടെ മനസിലുള്ള പ്രധാന ആഗ്രഹങ്ങളിലൊന്ന് സേനാ നവീകരണം തന്നെയാകും. അതിനുള്ള നിർദ്ദേശങ്ങൾ കീഴ് ഘടകങ്ങൾക്കു നൽകിക്കൊണ്ടാകും തുടക്കം. നിർദ്ദേശങ്ങളിൽ ചിലതെല്ലാം പ്രാവർത്തികമായെന്നിരിക്കും. അധികവും നടപ്പിലാകാതെ പോവുകയാണു പതിവ്. പുതുതായെത്തുന്ന സേനാമേധാവികൾ മാത്രമല്ല വകുപ്പുതലത്തിലും സേനയെ നവീകരിക്കാനുള്ള ധാരാളം ശുപാർശകൾ മുന്നോട്ടുവയ്ക്കാറുണ്ട്. പൊലീസ് കമ്മിഷനുകളുടെ ശുപാർശകൾ വേറെയും. എല്ലാമുണ്ടായിട്ടും സേനയുടെ മുഖം വലുതായൊന്നും മാറിയിട്ടില്ലെന്ന യാഥാർത്ഥ്യം ശേഷിക്കുന്നു. സർക്കാരുകളുടെയോ സേനാമേധാവികളുടെയോ മാത്രം കുഴപ്പം കൊണ്ടല്ല അതു സംഭവിക്കുന്നത്. കാലാകാലങ്ങളായി സേനയെ അത്തരത്തിൽ വളർത്തിക്കൊണ്ടുവന്നതിന്റെ ഫലമാണത്. രണ്ടോ മൂന്നോ പതിറ്റാണ്ടുകൾക്കു മുമ്പുള്ള സേനയിൽ നിന്ന് എത്രയോ വ്യത്യസ്തവും സ്വീകാര്യവുമായ മുഖവുമായാണ് ഇന്നത്തെ സേന നിൽക്കുന്നത്. മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. സാവധാനത്തിലാണെന്നു മാത്രം. അതിദ്രുത മാറ്റം സാദ്ധ്യമാകണമെങ്കിൽ പൊലീസ് സംവിധാനമാകെ സമൂലം ഉടച്ചുവാർക്കേണ്ടിവരും. ഒരു ഭരണകൂടവും അതിനു തയ്യാറാകുമെന്നു തോന്നുന്നില്ല.

ഇക്കാലത്ത് ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നേരിടേണ്ടിവരുന്നത് സ്‌ത്രീകളാണെന്നു പറയാം. ഏറെ സ്‌ത്രീസൗഹൃദമുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം സ്വയം ഉയർത്തിക്കാട്ടാറുണ്ടെങ്കിലും സുരക്ഷയും നീതിയും തേടി സ്‌ത്രീ സമൂഹം ഇവിടെ നിരന്തരം സമരവഴികളിലാണെന്നത് യാഥാർത്ഥ്യമാണ്. ബലാത്സംഗ കേസുകളിൽ പോലും കേസ് ശരിയായ ദിശയിലൂടെ നീങ്ങാൻ സമ്മർദ്ദങ്ങൾ വേണ്ടിവരുന്നു. സ്‌ത്രീകൾക്കെതിരായ അതിക്രമ കേസുകൾ കീഴുദ്യോഗസ്ഥരെ ഏല്പിക്കാതെ സ്റ്റേഷന്റെ ചുമതലയുള്ള മേലുദ്യോഗസ്ഥർ തന്നെ അന്വേഷിക്കണമെന്ന പുതിയ ഡി.ജി.പിയുടെ നിർദ്ദേശം വിലയേറിയതു തന്നെയാണ്. പരാതികളുമായി എത്തുന്നവരെ ഇൻസ്പെക്ടർമാർ നേരിട്ടുതന്നെ കേൾക്കണമെന്ന നിർദ്ദേശവും നല്ലതു തന്നെ. ഏതു വിഭാഗത്തിൽപ്പെട്ടവർക്കും ഭയാശങ്കകളില്ലാതെ കയറിച്ചെല്ലാവുന്ന ഒരു ഇടമായി സ്റ്റേഷനുകൾ പരിവർത്തനപ്പെടുത്താൻ വർഷങ്ങളായി നടന്നുവരുന്ന ശ്രമങ്ങൾ വലിയ തോതിൽ ഫലം കണ്ടിട്ടുണ്ട്. എങ്കിലും യജമാന ധാർഷ്ട്യവും മനോഭാവവും വിട്ടുമാറാത്ത സ്റ്റേഷനുകളും ധാരാളമുണ്ട്. പൊലീസ് മേധാവിയുടെ മനസിലുള്ള നല്ല ആശയങ്ങൾ പൂർണമായും നടപ്പാകണമെങ്കിൽ സ്റ്റേഷൻ പരിശോധനകൾ കൃത്യമായി നടക്കണം. മേലുദ്യോഗസ്ഥർ തങ്ങളുടെ ചുമതലകൾ പിഴവില്ലാതെ നിറവേറ്റുകയും വേണം. സ്റ്റേഷനുകൾക്ക് ടാർജറ്റ് നിശ്ചയിച്ച് സേനാംഗങ്ങളെ നേരം വെളുക്കുമ്പോൾ വാഹന പരിശോധനയ്ക്കായി നിരത്തുകളിലേക്കു തുറന്നുവിടുന്ന മേധാവികൾ അത് സമൂഹത്തിൽ പൊലീസിനെതിരെ സൃഷ്ടിക്കുന്ന വിപരീത മനോഭാവത്തെക്കുറിച്ചും അറിഞ്ഞിരിക്കണം. പരാതി നൽകാനെത്തുന്നവരെക്കൊണ്ട് സ്റ്റേഷനാവശ്യമായ സ്റ്റേഷനറി സാധനങ്ങൾ വാങ്ങിപ്പിക്കരുതെന്ന പുതിയ പൊലീസ് മേധാവിയുടെ നിർദ്ദേശം ഏറെ ശ്ളാഘനീയമാണ്. സ്റ്റേഷനറി മാത്രമല്ല വാഹനങ്ങളുടെ സ്പെയർപാർട്ടുകളും ഫർണിച്ചറും വരെ പരാതിക്കാരെയും പ്രതികളെയും കൊണ്ട് വാങ്ങിപ്പിക്കുന്നതിൽ മിടുക്കു കാട്ടുന്ന ധാരാളം പൊലീസ് ഉദ്യോഗസ്ഥരുണ്ട്. സ്റ്റേഷനിൽ നിന്ന് ആവശ്യപ്പെടാതെ തന്നെ ഇതൊക്കെ വാങ്ങി നൽകി ഏമാന്മാരുടെ പ്രീതി നേടാൻ ശ്രമിക്കുന്നവരും കുറവല്ല. 'പ്രത്യുപകാരം" നോക്കിത്തന്നെയാകും ഇത്. ഏതായാലും സ്റ്റേഷനറി ചെലവുകൾക്കായി സ്റ്റേഷനുകൾക്ക് 5000 രൂപ വീതം നൽകുമെന്ന ഡി.ജി.പിയുടെ പ്രഖ്യാപനം എന്തുകൊണ്ടും നന്നായി. ഉടനെ അതു നടപ്പാക്കുകയും വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLICE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.