SignIn
Kerala Kaumudi Online
Tuesday, 16 April 2024 5.00 PM IST

കടമ മറക്കുന്ന പൊലീസ്

police

ആത്മഹത്യകൾ ബന്ധുജനങ്ങൾക്കു മാത്രമല്ല സമൂഹത്തിനും ഉള്ളുനീറുന്ന വേദനയാണ്. ആലുവയിൽ മൂന്നാം വർഷ നിയമ വിദ്യാർത്ഥിനി മോഫിയ പർവീനിന്റെ ആത്മഹത്യ ഈ വേദനയ്ക്കുമപ്പുറം സമൂഹത്തിനു മുന്നിൽ ഒട്ടേറെ ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. ഭർത്തൃവീട്ടിൽ നേരിടേണ്ടിവന്ന പീഡനങ്ങൾ മുതൽ പൊലീസിൽ നിന്നുണ്ടായ നിന്ദ്യമായ പെരുമാറ്റം വരെ ഇരുപത്തൊന്നുകാരിയായ ആ യുവതിയെ ആത്മഹത്യയിലേക്കു നയിച്ച കാരണങ്ങളാണ്. ആലുവാ ഈസ്റ്റ് പൊലീസ് സ്റ്റേഷന്റെ ചുമതല വഹിച്ചിരുന്ന സി.ഐ സി.എൽ. സുധീർ പക്ഷപാതമില്ലാതെ തന്റെ ചുമതല നിർവേറ്റിയിരുന്നെങ്കിൽ മോഫിയ പർവീനിന്റെ വിലപ്പെട്ട ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതി ലഭിച്ചാൽ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വ്യക്തമായ മാർഗനിർദ്ദേശങ്ങളുള്ളതാണ്. അടുത്തകാലത്ത് സംസ്ഥാനത്ത് സ്‌ത്രീധന പ്രശ്നവുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് കൂടുതൽ ജാഗ്രത കാണിക്കണമെന്നും പ്രത്യേക നിർദ്ദേശമുള്ളതാണ്. കേരളത്തെ ഞെട്ടിച്ച ഉത്ര വധക്കേസ് അന്വേഷണത്തിൽ വീഴ്ചവരുത്തിയതിന്റെ പേരിൽ നടപടി നേരിട്ടയാളാണ് ആലുവാ ഈസ്റ്റ് സ്റ്റേഷന്റെ ചുമതല വഹിച്ചിരുന്ന സി.ഐ എന്നത് ശ്രദ്ധേയമാണ്. മോഫിയയുടെ പരാതിയിൽ തെളിവെടുക്കാൻ വിളിപ്പിച്ച സന്ദർഭത്തിൽ തന്നെയും പിതാവിനെയും സി.ഐ നിന്ദിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്. മോഫിയാ കേസിൽ മനുഷ്യാവകാശ കമ്മിഷനും ന്യൂനപക്ഷ കമ്മിഷനുമൊക്കെ സ്വമേധയാ കേസെടുത്തിട്ടുണ്ട്.പൊലീസിൽ ഇപ്പോഴും നിയമവും മനുഷ്യത്വവുമൊക്കെ പാടേ മറക്കുന്നവർ ഉണ്ടെന്നതിന്റെ തെളിവാണ് നിയമ വിദ്യാർത്ഥിനിയുടെ ആത്മഹത്യ. ഉത്ര കേസിൽ ഇൻക്വസ്റ്റ് രേഖകളിൽ ഒപ്പിടാനായി പൊലീസുകാരെ ജഡവുമായി തന്റെ വീട്ടിലേക്കു വിളിപ്പിച്ചതിന്റെ പേരിലാണ് അഞ്ചൽ സ്റ്റേഷനിൽ നിന്ന് സുധീറിനെ ആലുവയിലേക്കു സ്ഥലംമാറ്റിയതെന്ന് ഓർക്കണം.

അധികാരത്തിലിരിക്കുന്നത് ഏതു മുന്നണിയാണെങ്കിലും സർക്കാരിന്റെ വിലകെടുത്താൻ പൊലീസ് സേനയിലെ ചിലരുടെ വഴിവിട്ട പെരുമാറ്റങ്ങൾ കാരണമാകും. പൊലീസിലെ പെരുമാറ്റദൂഷ്യക്കാരുടെ പട്ടിക ഈയടുത്ത ദിവസം പുറത്തുവന്നിരുന്നു. സേനയ്ക്കാകെ ദുഷ്‌പ്പേരുണ്ടാക്കുന്ന പുകഞ്ഞ കൊള്ളികളെ പുറത്താക്കുകയാണു വേണ്ടത്. മനുഷ്യരെ ശത്രുക്കളായി മാത്രം കാണുന്ന പൊലീസ് ഉദ്യോഗസ്ഥരെ കുറഞ്ഞപക്ഷം സ്റ്റേഷൻ ചുമതല ഏല്പിക്കാതിരിക്കാനുള്ള വിവേകമെങ്കിലും കാണിക്കണം.

ഒരിടത്ത് അനിഷ്ടസംഭവം നടന്നാൽ നിർഭയം ഇടപെട്ട് സമാധാനം സ്ഥാപിക്കാൻ സേനയ്ക്ക് കഴിയണം. അക്രമത്തിൽ ഉൾപ്പെട്ടവരെ മുഖം നോക്കാതെ പിടികൂടി നിയമാനുസരണമുള്ള ശിക്ഷയ്ക്കു വിധേയരാക്കുകയും വേണം. കാഴ്ചക്കാരുടെ റോളിലല്ല, നിയമപാലകരായിത്തന്നെ വേണം അവരുടെ ഇടപെടൽ. രണ്ടുദിവസം മുൻപ് ഐ.ടി കേന്ദ്രമായ കഴക്കൂട്ടത്തു നിരപരാധിയായ ഒരു ചെറുപ്പക്കാരനു നേരെ നടന്ന ആക്രമണത്തിൽ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ സമീപനം സേനയ്ക്കുതന്നെ നാണക്കേടുണ്ടാക്കുന്നതാണ്. അടി നടന്നത് ഏതു പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്ന തർക്കം മൂത്ത് രണ്ടുദിവസം കേസെടുക്കാൻ പോലും മടിച്ചു. പൊലീസ് അനാസ്ഥയിൽ ഒടുവിൽ നാട്ടുകാർ സംഘടിച്ച് ഇറങ്ങിയപ്പോഴാണ് കേസെടുക്കാൻ തയ്യാറായത്.

ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കിൽ പോലും പൊലീസിനെ ജനദൃഷ്ടിയിൽ പരിഹാസ പാത്രമാക്കുന്നതാണ് ഇതെല്ലാം. സ്വതന്ത്രവും നീതിപൂർവകവുമായ നടപടികളിലൂടെ വേണം പൊലീസ് സ്വന്തം പ്രതിച്ഛായ നന്നാക്കാൻ. കരുണയും സഹാനുഭൂതിയും കാണിക്കേണ്ട കേസുകളിൽ മനുഷ്യത്വത്തോടെ പെരുമാറുമ്പോഴാണ് അവർ ജനങ്ങളുടെ യഥാർത്ഥ സേവകരാകുന്നത്. പൊലീസ് സേനയിലെ ഭൂരിപക്ഷം പേരും ഈ ഗണത്തിൽപ്പെടുന്നവർ തന്നെയാണ്. എന്നാൽ അവർക്കിടയിലുമുണ്ട് പുഴുക്കുത്തുകൾ. അവരെ കണ്ടുപിടിച്ച് എന്തുചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ആരെന്ന് പ്രത്യേകം പറയേണ്ടതില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLICE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.