SignIn
Kerala Kaumudi Online
Friday, 19 April 2024 2.23 PM IST

പിന്നണി സംഘത്തെയും കണ്ടെത്തണം

photo

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നട്ടുച്ചനേരത്ത് പാലക്കാട്ട് പതിനഞ്ച് കിലോമീറ്ററിനുള്ളിൽ നടന്ന രണ്ട് അരുംകൊലകൾ ഒരിക്കൽക്കൂടി രാഷ്ട്രീയ ബീഭത്സതയുടെ പേടിപ്പെടുത്തുന്ന മുഖമാണ് പുറത്തുകൊണ്ടുവരുന്നത്. ഈ കൊടുംക്രൂരതയ്ക്ക് പൊലീസും മുഖ്യധാരാ രാഷ്ട്രീയക്കാരും രാഷ്ട്രീയത്തിന്റെ മുദ്രചാർത്താനാണ് ശ്രമിക്കുന്നത്. കൊല്ലപ്പെട്ടവരെ പ്രതികാര രാഷ്ട്രീയത്തിന്റെ ഇരകളായി തരംതിരിക്കാനും ഉത്സുകത കാണിക്കുന്നു. കൊല്ലപ്പെട്ടവരുടെ രാഷ്ട്രീയം എന്തായാലും അതിക്രൂരമായി ഇരുവരും വെട്ടിനുറുക്കപ്പെടാൻ മാത്രം എന്തു രാഷ്ട്രീയപ്പകയാണ് പിന്നിൽ പ്രവർത്തിച്ചവരുടെ ഇരുണ്ട മനസുകളിൽ നിറച്ചുവച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പിതാവുമൊത്ത് ബൈക്കിൽ പോകവേയാണ് സുബൈർ എന്ന പോപ്പുലർഫ്രണ്ട് പ്രവർത്തകനെ കാറിലെത്തിയ കൊലയാളിസംഘം ഇടിച്ചുവീഴ്‌ത്തി‌യശേഷം തലങ്ങും വിലങ്ങും വെട്ടിനുറുക്കിയത്. പിതാവിന് ബൈക്കിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. വൃദ്ധപിതാവിന്റെ ജീവനെടുക്കാൻ കൊലയാളികൾക്കു ഉദ്ദേശ്യമില്ലായിരുന്നുവെന്നു വേണം അനുമാനിക്കാൻ. സുബൈറിനെ വകവരുത്തുകയായിരുന്നു അവരുടെ ലക്ഷ്യം. പാലക്കാട് നഗരത്തെ മാത്രമല്ല സംസ്ഥാനത്തെ ഒന്നടങ്കം ഞെട്ടിച്ച ഈ അരുംകൊലയിൽ ജനം നടുങ്ങിനിൽക്കുമ്പോഴാണ് ശനിയാഴ്ച ഉച്ചയ്ക്ക് സ്വന്തം സ്പെയർപാർട്‌സ് കടയിൽവച്ച് ശ്രീനിവാസൻ എന്ന ആർ.എസ്.എസ് പ്രവർത്തകൻ സമാനരീതിയിൽ കൊല്ലപ്പെട്ടത്. മൂന്ന് ഇരുചക്ര വാഹനങ്ങളിലെത്തിയ കൊലയാളിസംഘം ഞൊടിയിടയിൽ കൃത്യം നടത്തി മടങ്ങുന്ന നേരത്ത് പുറത്ത് റോഡിൽ നിറയെ ആൾസഞ്ചാരമുണ്ടായിരുന്നു. പട്ടാപ്പകൽ പോലും ഇത്തരത്തിൽ രാഷ്ട്രീയ പകതീർക്കാൻ കൊലയാളി സംഘങ്ങൾക്ക് മടിയില്ലാതായിരിക്കുന്നു. പോപ്പുലർഫ്രണ്ട് പ്രവർത്തകന്റെ കൊലപാതകത്തെത്തുടർന്ന് പാലക്കാട്ട് കർക്കശമായ പൊലീസ് നിരീക്ഷണവും സുരക്ഷയും നിലനിൽക്കെയാണ് നേരത്തോടുനേരം എത്തും മുൻപ് ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊല്ലപ്പെടുന്നത്. അധോലോക ബന്ധമൊന്നുമുള്ള ആളായിരുന്നില്ല ഈ നാല്പത്തിനാലുകാരൻ. കൊലയ്ക്കുപകരം കൊല എന്ന പ്രാകൃതമായ പ്രതികാര ശൈലിയാണ് ഇവിടെ ദർശിക്കാനാകുന്നത്. കഴിഞ്ഞ ഡിസംബറിൽ ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങൾക്കും സമാന സാദൃശ്യങ്ങളാണുള്ളത്. കുടുംബത്തിന്റെ നെടുംതൂണുകളാണ് രാഷ്ട്രീയപ്പകയുടെ അന്ധതയിൽ വെട്ടിവീഴ്‌ത്തപ്പെടുന്നത്.

ഏതാനും വർഷങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 53 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നിട്ടുണ്ടെന്നാണ് പൊലീസ് രേഖകൾ. പതിനാറു മാസങ്ങൾക്കിടെ മാത്രം പതിന്നാലുപേർക്കാണ് ജീവൻ നഷ്ടമായത്. രാഷ്ട്രീയപ്പോരിലും പ്രതികാരാഗ്നിയിലും ജീവനൊടുങ്ങിയവരുടെ കുടുംബങ്ങൾ നേരിടേണ്ടിവരുന്ന ദുരിതവും നിസ്സഹായതയും വീടുകൾക്കപ്പുറം ആരും അറിയാറില്ല. പെട്ടെന്നൊരുനാൾ കുടുംബനാഥൻ ഇല്ലാതാകുമ്പോൾ നേരിടേണ്ടിവരുന്ന കഠിന വെല്ലുവിളികൾ അനുഭവിക്കുന്നവർക്കു മാത്രമേ അറിയൂ. പ്രതികാരം തീർക്കാൻ വാഹനവും ആയുധങ്ങളും നൽകി ചാവേറുകളെ വിടുന്ന ഗൂഢസംഘങ്ങളുടെ മുഖം അപൂർവമായേ പുറത്തുവരാറുള്ളൂ. അണുവിട തെറ്റാതെയുള്ള ആസൂത്രണം ഇത്തരത്തിലുള്ള ഓരോ കൊലപാതകത്തിനു പിന്നിലുമുണ്ടാകും. കൃത്യത്തിലുൾപ്പെട്ട ഏതാനും പേരെ പിടികൂടുന്നതിനപ്പുറം ഈ സാമൂഹ്യ ദ്രോഹത്തിനു പിന്നിൽ പ്രവർത്തിക്കുന്ന യഥാർത്ഥ ആസൂത്രകരെയും പിടികൂടി കഠിനശിക്ഷ ഉറപ്പാക്കിയാലേ ഇതുപോലുള്ള വിപത്ത് ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാനാവൂ.

എഴുതിവച്ച തിരക്കഥ പോലെ കൊലപാതകങ്ങളും തുടർന്നുള്ള നടപടികളുമാണ് പലപ്പോഴും കാണാറുള്ളത്. പൊലീസ് വിന്യാസം വിപുലമാക്കുകയും സുബൈറിന്റെ കൊലപാതകികളെ കണ്ടെത്താൻ ഓടിനടക്കുകയും ചെയ്യുന്നതിനിടയിലാണ് ശനിയാഴ്ച എതിർപക്ഷത്തെ പ്രവർത്തകൻ നിഷ്ഠൂരമായി വധിക്കപ്പെടുന്നത്. സ്വാഭാവികമായും പൊലീസിന്റെ പിടിപ്പുകേടിനെതിരെ കടുത്ത വിമർശനങ്ങളുയർന്നു. സംസ്ഥാനത്ത് ഇത്തരം കൊലപാതകങ്ങളിലൂടെ വർഗീയവിദ്വേഷം വളർത്താനും സമാധാനാന്തരീക്ഷം തകർക്കാനുമാണ് ഗൂഢശക്തികൾ ശ്രമിക്കുന്നതെന്ന് ഭരണകക്ഷിക്കാർ ആരോപിക്കുമ്പോഴും പൊലീസിന്റെ വീഴ്ച ഇല്ലാതാകുന്നില്ല.

സംഭവത്തിലുൾപ്പെട്ട യഥാർത്ഥ പ്രതികളെ എത്രയും വേഗം കണ്ടെത്തുക എന്നതാണ് പൊലീസിന് ഇനി ചെയ്യാനുള്ളത്. ഒപ്പംതന്നെ ഈ കൊലകൾക്കു പിന്നിൽ സുരക്ഷിതരായി മറഞ്ഞിരുന്ന് ചരടുവലി നടത്തിക്കൊണ്ടിരിക്കുന്ന സംഘങ്ങളെയും കണ്ടെത്തണം. ഒരുവിധ ബാഹ്യസമ്മർദ്ദങ്ങൾക്കും ഇടകൊടുക്കാതെ പൊലീസിനെ അവരുടെ വഴിക്കു വിടുകയും വേണം. സ്വതന്ത്രവും നീതിപൂർവവുമായ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിക്കണം. വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാനും കഴിയണം. ഇത്തരം കേസുകളുടെ വിചാരണ നടപടികൾ വർഷങ്ങളെടുത്ത് പൂർത്തിയാവുന്ന രീതിയാണ് കണ്ടുവരുന്നത്. പ്രതികൾക്കും അവർക്കു പിന്നിലെ ശക്തികൾക്കും കേസ് നടത്തിപ്പിലെ കാലതാമസം എപ്പോഴും സഹായകമാണ്. സുബൈർ വധവുമായി ബന്ധപ്പെട്ട് ഇതിനകം നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇനിയുമുണ്ട് പ്രതികൾ. ശ്രീനിവാസന്റെ വധവുമായി ബന്ധപ്പെട്ട് പ്രതികൾക്കായി തിരച്ചിൽ നടക്കുന്നതേയുള്ളൂ. പട്ടാപ്പകൽ നടന്ന സംഭവമായിട്ടും ഓടിയൊളിക്കാനുള്ള സാവകാശം പ്രതികൾക്കു ലഭിച്ചിരിക്കുന്നു. നാടായ നാടു മുഴുവൻ നിരീക്ഷണ കാമറകളും പൊലീസ് ബന്തവസുമൊക്കെ ഉള്ളപ്പോഴാണ് പ്രതികളുടെ ഈ സ്വൈരവിഹാരം.

മനുഷ്യമനഃസാക്ഷിക്കു നിരക്കാത്ത പൈശാചിക പ്രവൃത്തി നടത്തിയവരെ വെറുതേവിടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അർത്ഥപൂർണമാകണമെങ്കിൽ സംഭവത്തിലുൾപ്പെട്ട സകല പ്രതികളും ശിക്ഷിക്കപ്പെടണം. പഴുതില്ലാത്ത കേസന്വേഷണവും സമർത്ഥമായ കേസ് നടത്തിപ്പുമാണ് അതിനു വേണ്ടത്. ഇത്തരം ക്രൂരകൃത്യങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസിലെ ഇന്റലിജൻസ് സംവിധാനങ്ങൾ പരമാവധി ശക്തിപ്പെടുത്തുന്ന കാര്യത്തെക്കുറിച്ചും സർക്കാർ ആലോചിക്കണം. സമാധാന സമ്മേളനവും അവിടെ ഉയർന്നുവരുന്ന നിർദ്ദേശങ്ങളും പലപ്പോഴും വെറും വഴിപാടാണ്. കൊലപാതകങ്ങളുടെ നടുക്കം മാറുന്നതോടെ എല്ലാം പഴയ പടിയിലാകും. അതുകൊണ്ട് കലാപരാഷ്ട്രീയത്തിന് വളരാനുള്ള അന്തരീക്ഷം സൃഷ്ടിക്കാതിരിക്കാനാണു നോക്കേണ്ടത്. ഒരാൾ വധിക്കപ്പെട്ടശേഷം വെറുതെ മുതലക്കണ്ണീരൊഴുക്കിയിട്ട് എന്തു കാര്യം. ഇത്തരം സംഭവങ്ങളിൽ ഉൾപ്പെട്ടാൽ നിർദ്ദയം ശിക്ഷിക്കപ്പെടുകതന്നെ ചെയ്യുമെന്ന ബോദ്ധ്യം സൃഷ്ടിക്കുകതന്നെ വേണം. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ ലാഭനഷ്ടങ്ങൾ നോക്കിയാകരുത് മുഖ്യധാരാ രാഷ്ട്രീയ സമീപനങ്ങൾ. സമൂഹത്തിൽ സമാധാനം തകരാനിടയാക്കുന്ന ഇതുപോലുള്ള സംഭവങ്ങളുണ്ടാകുമ്പോൾ സർക്കാരിനെ കുറ്റപ്പെടുത്താൻ മാത്രമാണ് പലപ്പോഴും പ്രതിപക്ഷം ഒരുങ്ങുന്നത്. സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം ഛിദ്രശക്തികളെ അമർച്ചചെയ്യാനുള്ള സർക്കാരിന്റെ യത്നങ്ങളെ കലവറയില്ലാതെ പിന്തുണയ്ക്കാനും അവർക്കു കഴിയണം. നാട്ടിൽ സമാധാനാന്തരീക്ഷം നിലനിൽക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണല്ലോ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLITICAL MURDER
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.