SignIn
Kerala Kaumudi Online
Thursday, 25 April 2024 5.07 PM IST

അതാണ് ധാർമ്മികത

marta-temido

പോർച്ചുഗലിൽ വിനോദയാത്രയ്ക്കെത്തിയ ഇന്ത്യക്കാരിയായ ഗർഭിണി ചികിത്സ ലഭിക്കാതെ മരണമടഞ്ഞ സംഭവത്തിൽ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് അവിടത്തെ ആരോഗ്യവകുപ്പുമന്ത്രി മാർത്താ ടെമിഡോ രാജിവച്ചൊഴിഞ്ഞു എന്ന വാർത്ത നമുക്ക് അവിശ്വസനീയമായി തോന്നാം. എന്നാൽ സംഗതി സത്യമാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച യാത്രയ്ക്കിടെ രോഗം കലശലായതിനെത്തുടർന്ന് ചികിത്സയിലിരുന്ന ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്കു മാറ്റുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഹൃദ്രോഗബാധിതയായി ഇന്ത്യക്കാരി യുവതി മരണപ്പെട്ടത്. പോർച്ചുഗലിൽ ഇപ്പോൾ വേനലവധി കാരണം പല ആശുപത്രികളിലും വേണ്ടത്ര സ്റ്റാഫ് ഇല്ല. തിരക്കു കുറഞ്ഞ ആശുപത്രികളിൽ പലതും മുഴുവൻ സമയം പ്രവർത്തിക്കുന്നുമില്ല. ആരോഗ്യമന്ത്രി മാർത്താ ടെമിഡോയുടെ അനുമതിയോടെയാണ് ഈ പരിഷ്കാരം നടപ്പായത്. അതുകൊണ്ടാകണം ചികിത്സ ലഭിക്കാതെ ഗർഭിണിയായ ഇന്ത്യൻ ടൂറിസ്റ്റിന്റെ മരണം വലിയ ഒച്ചപ്പാട് സൃഷ്ടിച്ചത്. യുവതി മരിച്ച് അഞ്ചുമണിക്കൂറിനകം മാർത്ത മന്ത്രിസ്ഥാനം രാജിവച്ച് വിമർശകരുടെ വായടയ്ക്കുകയായിരുന്നു.

ഇത്തരം സംഭവങ്ങളിൽ ധാർമ്മികതയുടെ പേരിൽ സ്ഥാനം രാജിവച്ചൊഴിയുകയെന്നത് പൊതുവേ അത്യപൂർവമായ സംഗതിയാണ്. നമ്മുടെ രാജ്യത്ത് പ്രത്യേകിച്ചും. അഞ്ചു പതിറ്റാണ്ടിനു മുൻപ് തമിഴ്‌നാട്ടിലെ അരിയനല്ലൂരിലുണ്ടായ ഒരു ട്രെയിനപകടത്തിന്റെ പേരിൽ വകുപ്പുമന്ത്രിയായിരുന്ന ലാൽബഹദൂർ ശാസ്ത്രി മന്ത്രിസ്ഥാനം രാജിവച്ചതാണ് രാജ്യം ഒന്നടങ്കം ഓർക്കുന്ന ഒരു സംഭവം. അതിനുശേഷവും രാജ്യത്ത് അനേകം ട്രെയിൻ അപകടങ്ങളുണ്ടായി. വിമാനാപകടങ്ങൾ ഒട്ടധികം പേരുടെ ജീവൻ അപഹരിച്ചു. ധാർമ്മികതയുടെ പേരിൽ ഒരാളും അധികാരമൊഴിഞ്ഞില്ല. അഴിമതികളിലും ലൈംഗികാപവാദ കേസുകളിലും ഉൾപ്പെട്ടിട്ടുപോലും അധികാരം ഉപേക്ഷിക്കാൻ മടിക്കുന്നവരാണ് അധികവും.

ചികിത്സാ പിഴവിന്റെ പേരിൽ ആശുപത്രികളും ഡോക്ടർമാരും പഴി കേൾക്കേണ്ടിവരുന്നത് ലോകത്ത് എല്ലായിടത്തും പതിവാണ്. വീഴ്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി ഉണ്ടായെന്നുവരാം. അതിനപ്പുറം വലിയ ഭൂകമ്പങ്ങളൊന്നും സാധാരണഗതിയിൽ ഉണ്ടാകാറില്ല. വകുപ്പുമന്ത്രിയുടെ രാജിയിൽ വരെ കലാശിച്ച സാഹചര്യം ഇല്ലെന്നുതന്നെ പറയാം. പോർച്ചുഗീസ് ആരോഗ്യമന്ത്രി മാർത്തയുടെ രാജി ശ്രദ്ധേയമാകുന്നതും അതുകൊണ്ടാണ്. മാർത്തയുടെ രാജി വാർത്ത പുറത്തുവന്ന ദിവസം തന്നെ ഭോപ്പാലിലെ സർക്കാർ ആശുപത്രിയിൽ ചികിത്സ കിട്ടാതെ ആശുപത്രി മുറ്റത്ത് അമ്മയുടെ മടിയിൽ കിടന്ന് മരിക്കേണ്ടിവന്ന അഞ്ചുവയസുകാരന്റെ ദാരുണകഥ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മണിക്കൂറുകൾ കാത്തിരുന്നിട്ടും ഒരു ഡോക്ടർ പോലും കുട്ടിയെ പരിശോധിക്കുകയോ മരുന്നു നൽകുകയോ ചെയ്തില്ല. മദ്ധ്യപ്രദേശിലെ ആരോഗ്യവകുപ്പോ മന്ത്രി ഈ സംഭവം അറിഞ്ഞുപോലും കാണില്ല. രാജ്യത്തെ നൂറുകണക്കിന് ആശുപത്രികളിൽ ദിവസേന പാവപ്പെട്ട രോഗികൾ നേരിടേണ്ടിവരുന്ന അവഗണനയുടെയും തിരസ്കാരത്തിന്റെയും ഉദാഹരണമാണിത്.

ആരോഗ്യമേഖലയിൽ സുവർണ നേട്ടങ്ങളുമായി നിലകൊള്ളുന്ന കേരളത്തിലെ വലിയ ആശുപത്രികളിലും ചികിത്സാ പിഴവും രോഗിയുടെ മരണവും അപൂർവ സംഭവമൊന്നുമല്ല. വീഴ്ചകൾ അന്വേഷിച്ച് കണ്ടുപിടിക്കാൻ വിദഗ്ദ്ധ സമിതികളെ ഏല്പിക്കുന്നതിനപ്പുറം മറ്റൊന്നും നടക്കാറില്ല. ഈ അടുത്ത കാലത്ത് മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവയ്ക്കുന്നതിനുവേണ്ടി പ്രവേശിപ്പിക്കപ്പെട്ട രോഗിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് അന്വേഷിച്ച സമിതിയുടെ റിപ്പോർട്ട് പുറത്തുവന്നിട്ട് അധിക ദിവസങ്ങളായില്ല. ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച രോഗിക്ക് യഥാസമയം വേണ്ട പരിചരണം പോലും ലഭിച്ചിരുന്നില്ല. ഇത്തരം സംഭവങ്ങളുടെ പേരിൽ മന്ത്രിയുടെ രാജിയൊന്നും ആരും പ്രതീക്ഷിക്കുന്നില്ലെങ്കിലും തുടരെത്തുടരെ ഉണ്ടാകുന്ന വീഴ്ചകളുടെ കാരണം കണ്ടെത്തി പരിഹരിക്കാനുള്ള ശ്രമമെങ്കിലും നടത്തിക്കൂടേ എന്നു ചോദിക്കുന്നവരെ എങ്ങനെ കുറ്റപ്പെടുത്താനാകും?

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PORTUGAL HEALTH MINISTER MARTA TEMIDO
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.